court  file
India

ജീരം ഘാട്ടി മാവോയിസ്റ്റ് ആക്രമണം: 10 പ്രതികൾക്ക് വധശിക്ഷ വിധിച്ച് പ്രത്യേക എൻഐഎ കോടതി

ഛത്തീസ്ഗഢിലെ കോൺഗ്രസ് നേതൃത്വത്തെയാകെ തുടച്ചുനീക്കിയ കൊടുംക്രൂരത; 29 പേർ കൊല്ലപ്പെട്ടത് 2013-ൽ; 13 വർഷത്തിന് ശേഷം നീതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

റായ്പുർ: രാജ്യത്തെ നടുക്കുകയും ഛത്തീസ്ഗഢിലെ കോൺഗ്രസ് പാർട്ടിയുടെ മുൻനിര നേതൃത്വത്തെയാകെ തുടച്ചുനീക്കുകയും ചെയ്ത കുപ്രസിദ്ധമായ ജീരം ഘാട്ടി മാവോയിസ്റ്റ് ആക്രമണക്കേസിൽ 10 പ്രതികൾക്ക് പ്രത്യേക എൻഐഎ കോടതി വധശിക്ഷ വിധിച്ചു. 29 പേർ കൊല്ലപ്പെട്ട ദാരുണ സംഭവത്തിന് 13 വർഷത്തിന് ശേഷമാണ് നിർണ്ണായക വിധി പുറത്തുവരുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരിൽ രണ്ടുപേർ വനിതകളാണ്. ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രതികൾക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

2013 മെയ് 25-നാണ് ഛത്തീസ്ഗഢിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവം അരങ്ങേറിയത്. ബസ്തർ ജില്ലയിലെ ദർഭ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജീരം ഘാട്ടിയിലെ ദേശീയപാതയിലൂടെ കോൺഗ്രസിന്റെ 'പരിവർത്തൻ റാലി' കഴിഞ്ഞ് മടങ്ങുകയായിരുന്ന നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. അന്നത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നന്ദ് കുമാർ പട്ടേൽ, അദ്ദേഹത്തിന്റെ മകൻ ദിനേശ് പട്ടേൽ, മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ്മ, മുൻ കേന്ദ്രമന്ത്രി വിദ്യാചരൺ ശുക്ല, മുൻ എംഎൽഎ ഉദയ് മുതലിയാർ എന്നിവരുൾപ്പെടെയുള്ള സമുന്നത നേതാക്കളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബസ്തർ-സുക്മ ജില്ലാ അതിർത്തിക്ക് സമീപം നടന്ന ഈ ചോരക്കളി മുഖ്യമായും ലക്ഷ്യമിട്ടത് 'ബസ്തർ ടൈഗർ' എന്നറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ്മയെ വകവരുത്താനായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. മാവോയിസ്റ്റ് വിരുദ്ധ മുന്നേറ്റമായ 'സൽവാ ജുദൂമി'ന്റെ മുൻനിരയിലുണ്ടായിരുന്ന കർമ്മയെ വർഗശത്രുവായി പ്രഖ്യാപിച്ച് ഉന്മൂലനം ചെയ്യുകയായിരുന്നു മാവോയിസ്റ്റുകളുടെ പ്രധാന ലക്ഷ്യം. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) തങ്ങളുടെ 'ടാക്റ്റിക്കൽ കൗണ്ടർ ഒഫൻസീവ് കാമ്പയിന്റെ' ഭാഗമായി അതീവ രഹസ്യമായാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. 2013-ന്റെ തുടക്കത്തിൽ തന്നെ മുതിർന്ന മാവോയിസ്റ്റ് കമാൻഡർമാർ യോഗം ചേർന്ന് ഇതിനായുള്ള ഗൂഢാലോചന പൂർത്തിയാക്കിയിരുന്നു.

കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനവ്യൂഹത്തിന് മുന്നിലുണ്ടായിരുന്ന ചുവന്ന ബൊലേറോ വാഹനത്തിന് അടിയിൽ വൻ പ്രഹരശേഷിയുള്ള കുഴിബോംബ് പൊട്ടിച്ചായിരുന്നു ആക്രമണത്തിന്റെ തുടക്കം. സ്ഫോടനത്തിൽ അഞ്ചടി താഴ്ചയുള്ള വലിയ ഗർത്തം റോഡിൽ രൂപപ്പെടുകയും വഴിമുടക്കി ഒരു ട്രക്ക് നിർത്തിയിടുകയും ചെയ്തതോടെ നേതാക്കളുടെ 20-ഓളം വാഹനങ്ങൾ കുടുങ്ങി. തുടർന്ന് റോഡിന് ഇരുവശവുമുള്ള കുന്നിൻമുകളിലിരുന്ന് മാവോയിസ്റ്റുകൾ തുരുതുരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയുമായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളം നേതാക്കളുടെ വാഹനങ്ങൾക്ക് നേരെ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. രക്ഷപ്പെടാൻ ഒരു പഴുതുമില്ലാതെ അകപ്പെട്ട നേതാക്കളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വളഞ്ഞിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

രാത്രി ഫോൺ നോക്കുന്നത് ഉറക്കത്തെ എങ്ങനെ ബാധിക്കും? അറിയാം ഈ 5 കാര്യങ്ങൾ

67 ശതമാനം വര്‍ധന; 20 കൊല്ലം ജോലി ചെയ്താല്‍ എത്ര പെന്‍ഷന്‍ കിട്ടും?, അറിയാം ഇപിഎസ് പെന്‍ഷന്‍ മാറ്റം

ഫോണില്‍ എപ്പോഴാണ് എയര്‍പ്ലെയിന്‍ മോഡ് ഉപയോഗിക്കേണ്ടത്? വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല

'ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു'; ചിത്രങ്ങളുമായി ദിയ കൃഷ്ണ