ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ വന്ദേമാതരം പൂര്‍ണമായി പാടിയതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. വന്ദേമാതരം പാടുന്നതിനെ ആരും തടഞ്ഞിട്ടില്ലെന്നും, സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാനാണെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറേ നേരം നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം കണക്കിലെടുത്താണ് കസേര കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയഗീതം ആലപിച്ചത് പുറത്തുനിന്നുള്ള ഗായക സംഘമാണ്. അവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാത്തതില്‍ സംഘാടകരായ സേവാദളിന്റെ വീഴ്ചയാണ്, വന്ദേമാതരത്തില്‍ പാര്‍ട്ടി നിലപാട് പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.
സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായി വന്ദേമാതരം പൂര്‍ണമായി പാടിയതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുതിര്‍ന്ന കോണ്‍ഗ്രസ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ വിലക്കിയിട്ടും ഗായകസംഘം വന്ദേമാതര ആലാപനം തുടര്‍ന്നു. സോണിയയും ഖര്‍ഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വന്ദേമാതരം ആലാപനം കഴിഞ്ഞതിനുശേഷം ഖാര്‍ഗെ ദേശീയ പതാക ഉയര്‍ത്തി. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആദ്യത്തെ രണ്ട് ചരണങ്ങള്‍ക്ക് ചുണ്ടനക്കുന്നുണ്ടായിരുന്നു. എന്നാല്‍ രണ്ട് ചരണങ്ങള്‍ കഴിഞ്ഞും ഗാനം തുടര്‍ന്നതോടെ സോണിയയുടെ മുഖഭാവം മാറി. ഇക്കാര്യത്തിലുള്ള അതൃപ്തി ഖാര്‍ഗെയോട് സൂചിപ്പിച്ചു. ഇതിനിടെ മറുവശത്ത് നില്‍ക്കുകയായിരുന്ന രാഹുല്‍ഗാന്ധിയും അതൃപ്തനായിരുന്നു.
വന്ദേമാതരം ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. രാജ്യത്ത് കൂടുതല്‍ വിഭജനത്തിന് വന്ദേമാതരം ബില്‍ കാരണമാകുമെന്നായിരുന്നു കോണ്‍ഗ്രസ് അവകാശപ്പെട്ടത്. ആദ്യരണ്ട് ചരണം മാത്രമേ പാടുകയുള്ളുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates