

മുംബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യന്‍ കൗമാരപ്പടയെ അഭിനന്ദിച്ച് ഇന്ത്യന്‍ സീനിയര്‍ ടീം മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍ പങ്കിട്ട കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ നേടിയ ത്രില്ലര്‍ വിജയം ഗംഭീറിനേയും ആവശേത്തിലാക്കിയെന്നു വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
'നിര്‍ഭയമായ ക്രിക്കറ്റ്. അചഞ്ചലമായ ആത്മവിശ്വാസം. പോരാട്ടവീര്യത്തിന് ബാറ്റിങ് ഓര്‍ഡര്‍ ഇല്ല!! ഏഷ്യയുടെ ചാംപ്യന്മാര്! അഭിനന്ദനങ്ങള്‍ ചുണക്കുട്ടികളേ!'- എന്നായിരുന്നു ഗംഭീറിന്റെ വൈറലായ കുറിപ്പ്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പര 3-1നു സ്വന്തമാക്കി ഇന്ത്യ ടെസ്റ്റ് പോരാട്ടത്തിനൊരുങ്ങുകയാണ്. അതിനിടെയാണ് ഗംഭീറിന്റെ കുറിപ്പ് വൈറലായത്.
ത്രില്ലര്‍ പോരാട്ടം കണ്ട കലാശക്കളിയില്‍ ചിരവൈരികളായ പാകിസ്ഥാന്റെ കിരീടം നിലനിര്‍ത്താനുള്ള മോഹം തല്ലിക്കെടുത്തിയാണ് അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യന്‍ കൗമാരപ്പട തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് പാകിസ്ഥാന് രണ്ടാം കിരീടം സ്വന്തമാക്കിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ വീഴ്ത്താനും പാക് സംഘത്തിനു സാധിച്ചിരുന്നു. രണ്ട് തോല്‍വികള്‍ക്കും ഫൈനലില്‍ കണക്കു തീര്‍ത്താണ് ഇന്ത്യ വിജയവും 9ാം ഏഷ്യാ കപ്പ് കിരീട നേട്ടവും ആഘോഷിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. മറുപടി പറഞ്ഞ ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് അടിച്ചാണ് വിജയം സ്വന്തമാക്കിയത്. ഒരു വിക്കറ്റ് ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ടെന്ഷടിച്ച് ആരാധകര്‍ കണ്ട പോരില്‍ അവസാന ഓവറിലെ അവസാന പന്തില്‍ ഇന്ത്യക്ക് ഒരു പന്തില്‍ 3 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അഹമ്മദ് ഹുസൈന് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ഫോറിലേക്ക് പറത്തി മോഹിത് ഉല്‍വ ഇന്ത്യയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.
338 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ മനല്‍ ചൗഹാനും പത്താം സ്ഥാനത്തിറങ്ങിയ മോഹിത് ഉല്വയും അവസാന സ്ഥാനത്തെത്തിയ ചിഗുരുപതി വെങ്കടയും ചേര്‍ന്നു പാക് സ്വപ്നങ്ങളെ കരിയിച്ച് കളഞ്ഞ് ക്രീസില്‍ നിലയുറപ്പിച്ച് ഇന്ത്യക്ക് ഐതിഹാസിക വിജയം സമ്മാനിക്കുകയായിരുന്നു. മനല്‍ ചൗഹാന് 30 പന്തില്‍ 3 സിക്സും 3 ഫോറും സഹിതം 47 റണ്‍സുമായി മടങ്ങി. മോഹിത് ഉല്‍വ 26 പന്തില്‍ 3 സിക്സും 5 ഫോറും സഹിതം 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വെങ്കട 11 റണ്‍സുമായും ക്രീസില്‍ തുടര്‍ന്നാണ് പാകിസ്ഥാനെ ഞെട്ടിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates