

ബാലി: 2035 വരെയുള്ള പ്രധാന പുരുഷ ടൂര്‍ണമെന്റുകളുടെ ഷെഡ്യൂളിനു അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അംഗീകാരം നല്‍കി. 2027ലെ പുരുഷ ഏകദിന ലോകകപ്പ്, 2028ലെ പുരുഷ- വനിതാ ടി20 ലോകകപ്പുകള്‍ എന്നിവയുടെ യോഗ്യതാ പോരാട്ടങ്ങളുടെ മത്സരക്രമത്തിനും ഐസിസി അന്തിമ രൂപം നല്‍കി. ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
2029ലെ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനും 2031ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിനും ഇന്ത്യ വേദിയാകും. 2031ലെ ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ബംഗ്ലാദേശും സംയുക്തമായി ആതിഥേയത്വം വഹിക്കും.
2029 ഒക്ടോബര്‍ 9 മുതല്‍ 28 വരെയാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടം. 2031ലെ ലോകകപ്പ് ഒക്ടോബര്‍ 9 മുതല്‍ നവംബര്‍ 23 വരെ അരങ്ങേറും.
2029ലേയും 2031ലേയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ക്ക് ഇംഗ്ലണ്ടാണ് വേദി. 2029ലെ ഫൈനല്‍ ജൂണ്‍ 8 മുതല്‍ 12 വരെ നടക്കും. 2031ലെ ഫൈനല്‍ ജൂണ്‍ 12 മുതല്‍ 16 വരെയും അരങ്ങേറും.
2030ലെ പുരുഷ ടി20 ലോകകപ്പ് ജൂലൈ 4 മുതല്‍ ഓഗസ്റ്റ് 4 വരെ അരങ്ങേറും. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ്.
2032ലെ പുരുഷ ടി20 ലോകകപ്പ് ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെ അരങ്ങേറും. 2034ലെ ടി20 ലോകകപ്പ് ജൂലൈ 6 മുതല്‍ ഓഗസ്റ്റ് 6 വരെയും അരങ്ങേറും. അതേസമയം ഈ രണ്ട് ലോകകപ്പുകളുടേയും വേദികള്‍ തീരുമാനിച്ചിട്ടില്ല.
2033ലെ ചാംപ്യന്‍സ് ട്രോഫി ഒക്ടോബര്‍ 2 മുതല്‍ 23 വരെ നടക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ 2033, 2035 സീസണുകളിലെ ഫൈനലുകള്‍ യഥാക്രമം ജൂണ്‍ 9-13, ജൂണ്‍ 7-11 തീയിതികളിലായി നടക്കും. ഈ പോരാട്ടങ്ങളുടേയും വേദിയില്‍ തീരുമാനം വന്നിട്ടില്ല.
2035ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയുള്ള കലണ്ടറാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. 2035ലെ ലോകകപ്പ് ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 18 വരെയാണ്. ഇതിന്റെ വേദിയും പിന്നീട് തീരുമാനിക്കും.
അടുത്ത വര്‍ഷത്തെ ലോകകപ്പിനായുള്ള യോഗ്യതാ പോരാട്ടത്തില്‍ 10 ടീമുകള്‍ 4 സ്ഥാനങ്ങളിലേക്കായി മത്സരിക്കും. 23 പോരാട്ടങ്ങളാണ് യോഗ്യതാ മത്സരത്തില്‍ നടക്കുക. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായിരിക്കും യോഗ്യതാ മത്സരങ്ങള്‍. 5 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പാക്കി തിരിച്ചായിരിക്കും പോരാട്ടം. ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ യോഗ്യത നേടും.
2028ലെ ടി20 പുരുഷ ലോകകപ്പിനായി 16 ടീമുകളുടെ യോഗ്യതാ പോരാട്ടമാണ് നടക്കുക. 8 സ്ഥാനങ്ങളിലേക്കാണ് പോരാട്ടം. 31 മത്സരങ്ങള്‍ നടക്കും. നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാക്കിയാണ് പോരാട്ടം. 8 ടീമുകള്‍ യോഗ്യത നേടും.
2028ലെ വനിതാ ടി20 ലോകകപ്പിന്റെ യോഗ്യതയ്ക്കായി 10 ടീമുകള്‍ മാറ്റുരയ്ക്കും. രണ്ട് ടീമുകള്‍ക്കാണ് യോഗ്യത കിട്ടുക. മൊത്തം 12 ടീമുകളാണ് വനിതാ ടി20 ലോകകപ്പില്‍ കളിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates