ന്യൂഡൽഹി: എൻഡിഎ സർക്കാരിലുള്ള വിശ്വാസം ബിഹാറിലെ ജനങ്ങൾ ഉയർത്തിപ്പിടിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാർ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു പിന്നാലെ ഡൽഹി ബിജെപി ആസ്ഥാനത്ത് പ്രവർത്തകെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം നിതീഷ് കുമാറിനെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല എന്നതും ശ്രദ്ധേയമായി.
ഒരിക്കൽ കൂടി എൻഡിഎ സർക്കാർ എന്നു ജനം വിധിയെഴുതിയെഴുതി. വികസനം പുതിയ തലത്തിൽ എത്തിക്കുമെന്നു ബിഹാറിൽ വന്ന് വാഗ്ദാനം നൽകിയിരുന്നു. മഹിള, യൂത്ത് ഫോർമുലയാണ് (എംവൈ ഫോർമുല) ബിഹാറിൽ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിൾ രാജിനെ തള്ളിക്കളഞ്ഞുവെന്നും ജനാധിപത്യത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. ഒരിടത്തും റീപോളിങ് വേണ്ടി വന്നില്ല എന്നതും നേട്ടമാണ്. എസ്ഐആറിനേയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. കള്ളം പറയുന്നവർ ഇത്തവണയും പരാജയപ്പെട്ടു. ജാമ്യത്തിൽ ഇറങ്ങി നടക്കുന്നവർക്കൊപ്പവും ജനം നിന്നില്ല. ജനത്തിനു വേണ്ടത് വേഗത്തിലുള്ള വികസം മാത്രമാണ്. ജംഗിൾ രാജിനെ ജനം ഒരിക്കൽ കൂടി തള്ളി. വനിതകളുടെ തീരുമാനമാണ് ഇതിനു കാരണം. അവരാണ് ഏറ്റവും കൂടുതൽ അനുഭവിച്ചത്. കോൺഗ്രസും മാവോയിസ്റ്റുകളും ബിഹാറിൽ വികസനം മുടക്കി. റെഡ് കോറിഡോർ ഇപ്പോൾ ചരിത്രമായെന്നും ബിഹാർ വികസനത്തിൽ കുതിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ഒരു തെരഞ്ഞെടുപ്പിൽ നേടിയ സീറ്റ് ആറ് തെരഞ്ഞെടുപ്പിലും കൂടി കോൺഗ്രസ് നേടിയില്ലെന്നു മോദി പരിഹസിച്ചു. നാല് സംസ്ഥാനങ്ങളിലായി പതിറ്റാണ്ടുകളായി കോൺഗ്രസ് അധികാരത്തിനു പുറത്താണ്. കോൺഗ്രസിന്റെ ആദർശം നെഗറ്റീവ് പൊളിറ്റിക്സാണ്. ഇവിഎമ്മിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ്, മാവോവാദി കോൺഗ്രസ് ആയി മാറിയെന്നും മോദി പരിഹസിച്ചു.
കോൺഗ്രസിനെ നയിക്കുന്ന നേതാവ് മറ്റുള്ളവരെ കൂടി നെഗറ്റീവ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്തുകയാണെന്നു പറഞ്ഞ് അദ്ദേഹം രാഹുൽ ഗാന്ധിയേയും പരോക്ഷമായി വിമർശിച്ചു. കേരളത്തിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഊർജം ബിഹാർ നൽകുന്നുവെന്നും കോൺഗ്രസ് പരാദ പാർട്ടിയാണെന്നും ആർജെഡി ബിഹാറിൽ തകർന്നെന്നും മോദി പറഞ്ഞു. കോൺഗ്രസ് മറ്റു പാർട്ടികൾക്ക് ബാധ്യതയാണ്. ബംഗാളിലെ ബിജെപി ജയത്തിന്റെ വഴി ബിഹാർ നിർമിച്ചു.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെപി നദ്ദ സ്വീകരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും മോദിക്കൊപ്പം വേദിയിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates