ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ നോയിഡ സ്വദേശിയായ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം. സ്ത്രീധന പീഡനം, മര്‍ദ്ദനം, കൊലപാതകം എന്നിവ ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നച്. 2024 ല്‍ ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 31 കാരിയായ യുവതിയെ ഭോപ്പാലിലെ കതാരാ ഹില്‍സ് പ്രദേശത്തുള്ള ഭര്‍തൃവീട്ടില്‍ മെയ് 12-നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2025 ഡിസംബറിലാണ് ഭോപ്പാല്‍ സ്വദേശിയായ അഭിഭാഷകനെ യുവതി വിവാഹം കഴിക്കുന്നത്. ഇയാള്‍ മുന്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ്. സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള മരണവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 80(2) പ്രകാരം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അമ്മയ്ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു.
വിവാഹശേഷം ഭോപ്പാലിലേക്ക് താമസം മാറിയ യുവതി, ബാഗ് മുഗാലിയ എക്സ്റ്റന്‍ഷന്‍-കതാരാ ഹില്‍സ് പ്രദേശത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ തുടങ്ങി. എന്നാല്‍, യുവതി ഇവിടെ സന്തുഷ്ടയല്ലായിരുന്നുവെന്നും നോയിഡയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായും ബന്ധുക്കള്‍ അവകാശപ്പെടുന്നു.
ഭോപ്പാല്‍ എയിംസില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പ്രക്രിയയെയും കുടുംബം ചോദ്യം ചെയ്തിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ, ഫോറന്‍സിക് പരിശോധനയ്ക്ക് ആവശ്യമായ നിര്‍ണായക തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു. സ്ത്രീധന പീഡനം, ശാരീരിക മര്‍ദ്ദനം, യുവതിയുടെ മരണശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എസ്‌ഐടി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രജനീഷ് കശ്യപ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കി.
അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഞായറാഴ്ച ഭോപ്പാലിലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വസതിക്ക് മുന്നില്‍ യുവതിയുടെ കുടുംബം പ്രതിഷേധം സംഘടിപ്പിച്ചു. യുവതിയുടെ മൃതദേഹം അഞ്ച് ദിവസമായി ഭോപ്പാല്‍ എയിംസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡല്‍ഹി എയിംസില്‍ രണ്ടാമത് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നീതിയുക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതായി യുവതിയുടെ പിതാവും സഹോദരനും മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ നിയമനടപടികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ പിതാവായ റിട്ട.ഡിസ്ട്രിക്റ്റ് പ്രിന്‍സിപ്പല്‍ ജഡ്ജിയും മുന്‍ ജില്ലാ ഉപഭോക്തൃ ഫോറം ചെയര്‍പേഴ്‌സണുമായ വ്യക്തിക്ക് ഭോപ്പാല്‍ ജില്ലാ കോടതി ശനിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള വാദം കേള്‍ക്കല്‍ തിങ്കളാഴ്ചയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates