ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് വ്യാപാരിയും ഭാര്യയും വിഷം കഴിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ മരിച്ചു. ചെരുപ്പ് വ്യാപാരി രാജീവ് ടോമര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാപാരത്തില്‍ നഷ്ടം വന്നതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാഗ്പത്തിലാണ് സംഭവം. 40 വയസുള്ള രാജീവ് ടോമര്‍ വിഷം കഴിക്കുന്നതും ഭാര്യ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഭര്‍ത്താവിനെ കൊണ്ട് വിഷം തുപ്പിക്കാന്‍ ഭാര്യ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 'എനിക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ കൈയില്‍ പണമുണ്ടെങ്കില്‍ കടബാധ്യത തീര്‍ക്കും. മരിച്ചു പോയാല്‍ കൂടി കടം മുഴുവന്‍ കൊടുത്തുതീര്‍ക്കും. ഞാന്‍ ദേശവിരുദ്ധനല്ല. രാജ്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്. എന്നാല്‍ മോദിയോട് ഒരുകാര്യം പറയാനുണ്ട്. നിങ്ങള്‍ ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെയും അഭ്യുദയകാംക്ഷി അല്ല. നയങ്ങള്‍ മാറ്റാന്‍ തയ്യാറാവണം' -വീഡിയോയില്‍ കണ്ണീരോടെ ടോമര്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ.
ബിസിനസ് തകര്‍ന്നതിന് ജിഎസ്ടിയെയും ടോമര്‍ കുറ്റം പറഞ്ഞു. വീഡിയോ കണ്ടവര്‍ വിളിച്ച് അറിയിച്ചതനുസരിച്ച് പൊലീസ് സംഭവസ്ഥലത്തെത്തി. ഉടന്‍ തന്നെ ഭാര്യയെയും ഭര്‍ത്താവിനെയും ആശുപത്രിയില്‍ എത്തിച്ചു. 38 വയസുള്ള പൂനം ടോമര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഖേദം പ്രകടിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates