ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്ക്- മധ്യഭാഗത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ഭാഗത്തും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദമാണ് അര്‍ണാബ് എന്ന പേരിലുള്ള ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്.
വിശാഖപട്ടണത്തിന് കിഴക്ക്- തെക്കുകിഴക്ക് 650 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് നിലയുറപ്പിച്ചിരിക്കുന്നത്. ഈ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി, മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആന്ധ്രാപ്രദേശ് തീരത്ത് ബാപ്റ്റലയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍ കര തൊടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിന് മുന്നൊരുക്കങ്ങള്‍ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കി. അതിനിടെ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ സജീവമായി തുടരുന്നതിനാല്‍ തമിഴ്‌നാട്ടിലെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
കേരളത്തില്‍ ഇന്നും തീവ്രമഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates