

ലഖ്നൗ: ആറുമാസത്തിനിടെ 23 പേർക്ക് വധശിക്ഷ വിധിച്ച ഉത്തർ പ്രദേശിലെ ജഡ്ജിയെ സ്ഥലംമാറ്റി. മുസാഫർ നഗർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ‍്ജിയായിരുന്ന രവികുമാർ ദിവാകറിനെ കുടുംബ കോടതിയിലേക്കാണ് മാറ്റിയത്. മുസാഫർനഗർ കുടുംബകോടതിയിലേക്കാണ് അലഹാബാദ് ഹൈക്കോടതി രവികുമാർ ദിവാകറിനെ മാറ്റി നിയമിച്ചത്.
അതിവേഗ കോടതിയിലെ ജഡ്ജിയായിരുന്ന രവികുമാറിന് കുടുംബകോടതി അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജിയായാണ് നിയമനം. രവികുമാര്‍ ഒഴിയുന്ന സ്ഥാനത്തേക്ക് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായി ശിവകുമാരി ചുമതലയേൽക്കും. ഇക്കൊല്ലം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 11 കേസുകളിലായി 23 പേർക്കാണ് രവി കുമാർ ദിവാകർ വധശിക്ഷ വിധിച്ചത്.
മൊത്തം 16 മാസത്തിനിടെ 36 വധശിക്ഷാ വിധികളാണ് ജഡ്ജി രവികുമാർ പുറപ്പെടുവിച്ചത്. ഓഗസ്റ്റില്‍ തന്‍റെ കോടതിയില്‍ നിന്ന് കൊലപാതകവും മറ്റ് കുറ്റകൃത്യങ്ങളും അടക്കമുള്ള 97 കേസുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ജില്ലാ സെഷൻസ് ജഡ്ജി ബി കെ സിങ്ങിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് രവികുമാര്‍ രംഗത്തെത്തിയിരുന്നു. 2022-ൽ വാരാണസി സിവിൽ ജഡ്ജിയായിരിക്കെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വീഡിയോഗ്രാഫിക് സർവേയ്ക്ക് ഉത്തരവിട്ടത് രവികുമാർ ദിവാകറായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates