ന്യൂഡല്‍ഹി: രണ്ടു കുട്ടികളെ അമ്മ ക്രൂരമായി തല്ലിയ സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടു. അമ്മയ്‌ക്കെതിരെ കേസെടുത്ത് അന്വേഷിക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും പൊലീസിനോട് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. ഭര്‍ത്താവാണ് മക്കളെ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങള്‍ വനിതാ കമ്മീഷന് കൈമാറിയത്.
എട്ടും രണ്ടും വയസുള്ള കുട്ടികളെ അമ്മ ക്രൂരമായി തല്ലുന്ന വീഡിയോയാണ് പുറത്തുവന്നത്. അമ്മയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടല്‍. കുട്ടികളെ തല്ലുന്ന സമയത്ത് മുത്തശി രക്ഷയ്ക്കായി എത്തുന്നതും വീഡിയോയിലുണ്ട്. ഇരു കൈകളും ഉപയോഗിച്ചാണ് എട്ടുവയസുള്ള കുട്ടിയെ തല്ലിയത്. വേദന കൊണ്ട് കുട്ടി പുളയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
മക്കളെ ക്രൂരമായി തല്ലി അമ്മ
അമ്മയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ കുട്ടിയെ മുത്തശി ചേര്‍ത്തുനിര്‍ത്തി. എന്നാല്‍ കുട്ടിയെ പിടിച്ചുവലിച്ച് അമ്മ തല്ലുകയായിരുന്നു. മൂത്ത കുട്ടിയെ തല്ലുന്നത് കണ്ട് രണ്ടുവയസുള്ള കുട്ടി ഭയന്നുവിറച്ചു. തുടര്‍ന്ന് രണ്ടുവയസുള്ള കുട്ടിക്ക് നേരെയും അമ്മ ആക്രമണം അഴിച്ചുവിട്ടു. തലയുടെ പിന്നില്‍ തല്ലിയ പാടേ കുഞ്ഞ് മുന്നിലേക്ക് വീണു. വീണ്ടും മര്‍ദ്ദിച്ചേക്കുമെന്ന് ഭയന്ന് മുത്തശി കുട്ടിയുടെ രക്ഷയ്ക്ക് എത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഭര്‍ത്താവാണ് ക്രൂരത പുറത്തുകൊണ്ടുവന്നത്. കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ വനിതാ കമ്മീഷന് കൈമാറുകയായിരുന്നു. നിരവധി തവണ തന്റെ അമ്മയെ കൊല്ലുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും യുവാവ് ആരോപിക്കുന്നു. സ്ത്രീയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്താനും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനും പൊലീസിനോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതിയെയും വനിതാ കമ്മീഷന്‍ സമീപിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates