അഗര്‍ത്തല: കമ്മ്യൂണിസ്റ്റുകാരുടെ ചതിയില്‍ വീണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് സമരത്തിന് പോകരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സമരത്തില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറി കഴിഞ്ഞുവെന്നും തന്റെ സംസ്ഥാനത്ത് ചെയ്തതുപോലെ കര്‍ഷകരെ പാര്‍ട്ടി പ്രവര്‍ത്തകരാക്കി മാറ്റുമെന്നും ബിപ്ലബ് പറഞ്ഞു.
'2018ല്‍ ത്രിപുരയിലെ കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്രരാക്കി. ഇപ്പോള്‍ ഇവിടുത്തെ കര്‍ഷകര്‍ വരുമാനം ഇരട്ടിയാക്കി സ്വയം പര്യാപ്തരായി മുന്നോട്ടുപോവുകയാണ്. കമ്മ്യൂണിസ്റ്റുകാരുടെ യഥാര്‍ത്ഥ മുഖമറിയാന്‍ ത്രിപുരയിലെ കര്‍ഷകരോട് സംസാരിക്കാനായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഞാന്‍ ക്ഷണിക്കുകയാണ്'- ബിപ്ലബ് പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തില്‍ ഇടത് തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണത്തിന്റെ ചുവടുപിടിച്ചായിരുന്നു ബിപ്ലബിന്റെ പ്രതികരണം.
കര്‍ഷക സമരത്തില്‍ ഇടത്തീവ്രവാദ ഗ്രൂപ്പുകളും ദേശവിരുദ്ധ ശക്തികളും നുഴഞ്ഞുകയറിയെന്ന് കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ആരോപിച്ചിരുന്നു.
പ്രതിപക്ഷം രാഷ്ട്രീയ നീക്കങ്ങള്‍ക്കായി കര്‍ഷകരെ ഉപയോഗിക്കുകയാണെന്ന് ധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. സമരം ദേശവിരുദ്ധ ശക്തികള്‍ ഹൈജാക്ക് ചെയ്‌തെന്നും അവര്‍ ആരോപിച്ചു. സമരത്തില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറി എന്നായിരുന്നു പീയൂഷ് ഗോയലിന്റെ പരാമര്‍ശം.
അതേസമയം, നാളെ രാവിലെ എട്ടുമുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വൈകുന്നേരം അഞ്ചുവരെയാണ് സമരം. തങ്ങള്‍ക്കിടയില്‍ ഭിന്നതയില്ലെന്നും മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates