ലഖ്‌നൗ: രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തില്‍ പൊലീസ് ഇടപെടുന്നത് ക്രിമിനല്‍ നിയമപ്രക്രിയയുടെ ദുരുപയോഗം മാത്രമല്ല, അവരുടെ മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനവുമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം വിവാഹങ്ങളില്‍ അന്വേഷണം നടത്തേണ്ട കാര്യം പൊലീസിനില്ലെന്നും അവര്‍ കുറ്റകൃത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ജെ ജെ മുനീര്‍, ജസ്റ്റിസ് തരുണ്‍ സക്‌സേന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കുന്നത് അവരുടെ പണിയല്ലെന്ന് ഞങ്ങള്‍ പലതവണ പൊലീസിനെ ഓര്‍മിപ്പിച്ചിട്ടുള്ളതാണ്. അവര്‍ കുറ്റകൃത്യങ്ങളാണ് അന്വേഷിക്കേണ്ടത്. ഇതൊരു കുറ്റകൃത്യമല്ല, ഇതിലൊരു അന്വേഷണത്തിന്റെ ആവശ്യവുമില്ലെന്നും കോടതി വ്യക്തമാക്കി. 26 വയസ്സുള്ള യുവതിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് 28 വയസ്സുള്ള യുവാവിനെതിരെ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 87 (വിവാഹത്തിനായി സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍) പ്രകാരം ഏപ്രിലിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹിന്ദു ആചാരപ്രകാരം തങ്ങള്‍ വിവാഹിതരായെന്നും എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഇതിന് എതിരായിരുന്നുവെന്നും കാണിച്ച് ദമ്പതികള്‍ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. വീട്ടുകാര്‍ യുവതിയെ മര്‍ദ്ദിക്കുകയും അവരെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന്, എഫ്‌ഐആറിലെ അന്വേഷണം സ്റ്റേ ചെയ്ത കോടതി, അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ ഹിന്ദു ആചാരപ്രകാരം വിവാഹിതരായവരും, നല്ല വിദ്യാഭ്യാസമുള്ളവരുമാണ്. കക്ഷികളുടെ പ്രായവും വിദ്യാഭ്യാസവും കണക്കിലെടുക്കുമ്പോള്‍ ഈ കേസില്‍ പ്രലോഭനത്തിന്റെയോ തെറ്റിദ്ധരിപ്പിക്കലിന്റെയോ യാതൊരു സാധ്യതയുമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates