Suvendu Adhikari  file
India

കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ പള്ളിയില്‍ നമസ്‌കാരം വിലക്കി; ദേശീയ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മുഖ്യമന്ത്രി

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ പള്ളിയില്‍ നമസ്‌കാരം നടത്തുന്നതിന് താല്‍ക്കാലിക വിലക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ പള്ളിയില്‍ നമസ്‌കാരം നടത്തുന്നതിന് താല്‍ക്കാലിക വിലക്ക്. പുറത്തുനിന്നുള്ളവര്‍ക്കായി ഗേറ്റുകള്‍ തുറന്നിടാന്‍ കഴിയില്ലെന്നും ദേശീയ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രതികരിച്ചു. കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ പള്ളിയില്‍ നമസ്‌കാരം നടത്തുന്നതിനായുള്ള എന്‍ട്രി പാസുകള്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലാണ് 136 വര്‍ഷം പഴക്കമുള്ള ഗൗരിപൂര്‍ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പള്ളി മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ നാളായി നടക്കുന്നുണ്ട്. ഡംഡം വിമാനത്താവളത്തിന് രണ്ട് റണ്‍വേകളാണുള്ളത്. പ്രധാന റണ്‍വേ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും ഉപയോഗിക്കുന്നു. രണ്ടാമത്തെ റണ്‍വേ ചെറുതാണ്. ഈ ചെറിയ റണ്‍വേയില്‍ നിന്ന് തൊട്ടടുത്തായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

അറ്റകുറ്റപ്പണികള്‍ക്കായി ഒന്നാമത്തെ റണ്‍വേ താല്‍ക്കാലികമായി അടച്ചിടുകയാണെങ്കില്‍, വലിയ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതിനും ലാന്‍ഡ് ചെയ്യുന്നതിനും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും പള്ളിയുടെ സാന്നിധ്യം അപകടസാധ്യത ഉയര്‍ത്തുന്നുണ്ടെന്നും രണ്ടാമത്തെ റണ്‍വേ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച മുതലാണ് വിമാനത്താവള ഗേറ്റിലൂടെ പ്രവേശിക്കുന്നതിന് എന്‍ട്രി പാസുകള്‍ നല്‍കുന്നത് അധികൃതര്‍ നിര്‍ത്തിവച്ചത്. പള്ളിയിലെ പ്രാര്‍ത്ഥനയും തടഞ്ഞിട്ടുണ്ട്. സാമൂഹിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനായി പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

'ദേശീയ സുരക്ഷയ്ക്കും വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കുമായിരിക്കും മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കുക. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ചൈനയും ബംഗ്ലാദേശും അടുത്തായതിനാല്‍ കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം വളരെ നിര്‍ണ്ണായകമാണ്. പുറത്തുനിന്നുള്ളവര്‍ക്കായി അതിന്റെ ഗേറ്റുകള്‍ തുറന്നിടാന്‍ കഴിയില്ല,'- സുവേന്ദു അധികാരി പറഞ്ഞു.

'പ്രതിപക്ഷം ഞങ്ങളെക്കുറിച്ച് പറയുന്നതുപോലെ ഞങ്ങള്‍ ആരെയും മതപരമായ ചടങ്ങുകള്‍ നടത്തുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ല. കന്നുകാലികളെ അറുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചുകൊണ്ട് ബക്രീദ് ആചരിച്ചു. ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ മുഹറം ആചരിച്ചു. യാതൊരു പ്രശ്‌നവുമുണ്ടായില്ല. നിയമം അനുസരിക്കുകയും നല്ല പൗരന്മാരായി പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം. നിങ്ങളുടെ മതം മറ്റുള്ളവരെ സ്വാധീനിക്കാന്‍ ഉപയോഗിക്കാതെ വ്യക്തിപരമായ കാര്യമായി ആചരിക്കുക. അപ്പോള്‍ എല്ലാം സുഗമമായി നടക്കും,'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Entry To Kolkata Airport Mosque Stopped, Chief Minister Suvendu Adhikari's reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ; അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി

ട്രെയിനില്‍ ടിക്കറ്റെടുത്തിട്ട് കാര്യമില്ല, പരിശോധന സമയത്ത് എന്തൊക്കെ രേഖകള്‍ കാണിക്കണം, അറിയാം

'ബ്രേക്ക് ദ ചെയിന്‍' പദ്ധതിയില്‍ ക്രമക്കേട്; ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാര്‍ശ

രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി, ട്രസ്റ്റിന് നോട്ടീസ്

വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് വിനോദസഞ്ചാരി മരിച്ചു