ന്യൂഡല്‍ഹി: എത്യോപ്യയിലെ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ പുകപടലങ്ങള്‍ വ്യോമഗതാഗതത്തിന് ഭീഷണിയാകുന്നു. ഇന്ത്യയുടെ വ്യോമപാതകളില്‍ അടക്കം പുകയും ചാരവും നിറഞ്ഞിരിക്കുകയാണ്. ഡല്‍ഹിയില്‍ ചാരം മൂടിയ മേഘങ്ങളാണ്. അന്തരീക്ഷത്തില്‍ ചാരം കലര്‍ന്ന മേഖലകള്‍ ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം നല്‍കി. റണ്‍വേകള്‍ പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
എത്യോപ്യയില്‍ 12,000 വര്‍ഷമായി നിദ്രയിലായിരുന്ന ഹെയ്ലി ഗബ്ബി അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്നാണ് ചാരംകലര്‍ന്ന പുക ഏതാണ്ട് 4000-ത്തിലേറെ കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യയിലുമെത്തിയത്. ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് മേഖല എന്നിവയ്ക്ക് മുകളിലൂടെ പുകപടലങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
യെമന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു മുകളിലൂടെ നീങ്ങി അറബിക്കടലും കടന്നാണ് രാജസ്ഥാന്‍ ഭാഗത്തുകൂടി ഉത്തരേന്ത്യയിലേക്ക് ചാരമേഘങ്ങള്‍ എത്തിയത്. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്ററാണ് ചാരമേഘത്തിന്റെ വേഗം. സ്‌ഫോടനം അവസാനിച്ചെങ്കിലും ചാരം കാറ്റില്‍ പടര്‍ന്നു തുടങ്ങിയതാണ് പ്രതിസന്ധിക്കു വഴിവച്ചത്.
യെമെൻ, ഒമാൻ, പാകിസ്ഥാൻ എന്നിവയുടെ ആകാശത്തും ചാരവും പുകയും പടർന്നു. ഇതേത്തുടർന്ന് പല അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. തിങ്കളാഴ്ച വൈകീട്ട് 6.25-ന് ജിദ്ദയിൽനിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയർ വിമാനം, 6.30-ന് കൊച്ചിയിലെത്തേണ്ട ഇൻഡിഗോയുടെ ദുബായ് വിമാനം എന്നിവ റദ്ദാക്കി. രണ്ടുവിമാനത്തിന്റെയും കൊച്ചിയിൽനിന്നുള്ള മടക്കയാത്രയും മുടങ്ങി.
അഗ്നിപർവത സ്ഫോടനത്തെ തുര്‍ടന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. സർവീസുകൾ റദ്ദാക്കിയതോടെ ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനവും വഴിതിരിച്ചുവിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates