തസ്ലീമ നസ്രീൻ  ഫയൽ
India

19 വര്‍ഷങ്ങള്‍ക്ക് ശേഷം തസ്ലീമ നസ്രീന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങി വരുന്നു; പരിപാടിയില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ക്ഷണം

പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് തസ്ലീമയുടെ മടങ്ങി വരവ് എന്നതും ശ്രദ്ധേയമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊല്‍ക്കത്ത: പത്തൊമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തുകാരി തസ്ലിമ നസ്രീന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങിയെത്തുന്നു. സമൂഹമാധ്യമത്തിലൂടെയാണ് തസ്ലീമ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ഒന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന മതമൗലികവാദ വിരുദ്ധ സാഹിത്യ പരിപാടിയില്‍ പങ്കെടുക്കാനാണ് തസ്ലീമയെത്തുന്നത്. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് തസ്ലീമയുടെ മടങ്ങി വരവ് എന്നതും ശ്രദ്ധേയമാണ്.

ബംഗ്ലാദേശില്‍ നിന്നും നാടുകടത്തപ്പെട്ട സാഹിത്യകാരി തസ്ലീമ നസ്രീന്റെ പുസ്തകങ്ങളെച്ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് അവര്‍ കൊല്‍ക്കത്ത വിടുന്നത്. 2007 ലായിരുന്നു തസ്ലീമ കൊല്‍ക്കത്തയോട് വിടചൊല്ലിയത്. നഗരത്തിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായ രബീന്ദ്ര സദനില്‍ മതമൗലികവാദ വിരുദ്ധ കവികളും എഴുത്തുകാരും സംഘടിപ്പിക്കുന്ന സാഹിത്യ പരിപാടിയിലാണ് തസ്ലിമ പങ്കെടുക്കുന്നത്.

സെക്കുലര്‍ മിഷനും ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ബംഗ്ലാദേശ് ഫ്രീഡം ഫൈറ്റേഴ്സ് ഫൗണ്ടേഷനുമാണ് തസ്ലീമയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടിയിലേക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും ക്ഷണിച്ചിട്ടുണ്ട്. തസ്ലീമയ്‌ക്കൊപ്പം ബിജെപി നേതാവും മുഖ്യമന്ത്രിയുമായ സുവേന്ദുവും വേദി പങ്കിടുമെന്നാണ് സൂചന. മൗലികവാദത്തിനെതിരായ നിലപാടിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനുമുള്ള അംഗീകാരമായാണ് തസ്ലീമയ്ക്കുള്ള ക്ഷണമെന്ന് സംഘാടകര്‍ പറഞ്ഞു.

'തസ്ലീമ പശ്ചിമ ബംഗാളിലേക്ക് വരുന്നതിന് നിയമപരമായ ഒരു പ്രശ്‌നവുമില്ല. നേരത്തെ, സംസ്ഥാനത്തെ മുന്‍പത്തെ സര്‍ക്കാരുകള്‍ മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്താന്‍ നിര്‍ബന്ധിതരായി. ഇപ്പോള്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായിട്ടുണ്ട്. തസ്ലീമയുമായി ബന്ധം പുലര്‍ത്തുന്ന ഞങ്ങളെപ്പോലുള്ള ആളുകള്‍ അവരെ കൊല്‍ക്കത്തയിലേക്ക് തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നു.' സംഘാടകരില്‍പ്പെട്ട മോഹിത് റോയ് പറഞ്ഞു.

'ഈ പരിപാടിക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ തസ്ലീമയുടെ സുരക്ഷ തീര്‍ച്ചയായും ഒരു പ്രധാന പ്രശ്‌നമാണ്. കൊല്‍ക്കത്ത സന്ദര്‍ശന വേളയില്‍ തസ്ലീമയ്ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.' മോഹിത് റോയ് കൂട്ടിച്ചേര്‍ത്തു. എല്ലാ പിന്തിരിപ്പന്‍ ശക്തികളെയും പരാജയപ്പെടുത്തി ഒടുവില്‍ തസ്ലീമ വരുന്നുവെന്ന് സെക്കുലര്‍ മിഷനെ പ്രതിനിധീകരിക്കുന്ന, കൊല്‍ക്കത്ത ഹൈക്കോടതി അഭിഭാഷകന്‍ ഒസ്മാന്‍ മുള്ളിക് സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സിപിഎം നയിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത്, 'ദ്വിഖണ്ഡിതോ' (Dwikhandito) എന്ന നോവലിനെച്ചൊല്ലി കൊല്‍ക്കത്തയിയുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ക്രമസമാധാന നില തകരാറിലായതിനെ തുടര്‍ന്നാണ് 2007-ല്‍ തസ്ലീമ നസ്‌റിന്‍ കൊല്‍ക്കത്ത വിട്ടത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തെ വിന്യസിക്കേണ്ടി വന്നു. വിവാദ നോവല്‍ ഇടതു സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.

പിന്നീട് വന്ന മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും ഈ പുസ്തകത്തിന്റെ നിരോധനം തുടര്‍ന്നു. അതിനുശേഷം, തസ്ലീമയുടെ മടങ്ങിവരവ് സുഗമമാക്കാന്‍ നടത്തിയ പല ശ്രമങ്ങളും സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് പരിപാടികള്‍ റദ്ദാക്കേണ്ടി വന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു.

മുന്‍പുണ്ടായിരുന്ന രണ്ട് സര്‍ക്കാരുകളുടെയും ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു. അതുകാരണം തസ്ലീമയ്ക്ക് പിന്നീട് ബംഗാളിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞില്ല. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസൃതമായാണ് തസ്ലീമ ഇന്ത്യയില്‍ താമസിക്കുന്നത്. അവരുടെ സഞ്ചാരത്തിന് യാതൊരുവിധ വിലക്കുകളുമില്ല.' ബിജെപി ബംഗാള്‍ വക്താവ് പ്രൊഫ. ബിമല്‍ശങ്കര്‍ നന്ദ പറഞ്ഞു.

കൊല്‍ക്കത്ത തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത നഗരമാണെന്ന് തസ്ലീമ പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍, മതേതരത്വം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളിലൂടെ പ്രശസ്തയായ തസ്ലീമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരവും അതോടൊപ്പം തന്നെ വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇസ്ലാമിലെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായതോടെ, തസ്ലിമയെ ബംഗ്ലാദേശില്‍ നിന്നും നാടുവിടാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

യൂറോപ്പില്‍ വര്‍ഷങ്ങള്‍ ചിലവഴിച്ച ശേഷം ഒടുവില്‍ അവര്‍ ഇന്ത്യയിലേക്ക് എത്തുകയും, 2004-നും 2007-നും ഇടയില്‍ കൊല്‍ക്കത്തയില്‍ താമസിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മതമൗലികവാദ ഗ്രൂപ്പുകളുടെ അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് കൊല്‍ക്കത്ത വിടേണ്ടി വന്നത്. തസ്ലീമയ്ക്ക് സ്വീഡിഷ് പൗരത്വമുണ്ട്. 2024 ജൂലൈയില്‍ തന്റെ റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് അത് ഉടനടി പുതുക്കാത്തതില്‍ ഇന്ത്യയിലെ തന്റെ ഭാവിയെക്കുറിച്ച് 2024 സെപ്റ്റംബറില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Exiled Bangladeshi writer Taslima Nasrin to return to Kolkata after 19 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

'ഒരടിയ്ക്ക് കോളുണ്ടെന്നല്ലേ അശരീരി'; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രം ഉറപ്പിച്ച് ആരാധകര്‍

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

സംസ്ഥാനത്ത് വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു