ബംഗലൂരു: ബംഗലൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന വേദിക്ക് സമീപ പ്രദേശത്തു നിന്ന് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തു. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപത്തുനിന്നാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.
കോരമംഗലയ്ക്കു സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പ്രധാന വേദിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ഒരു ആശ്രമത്തിന് സമീപമാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷയൊരുക്കുന്നതിലുണ്ടായ വീഴ്ചയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി നടത്തിയ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ ഏജൻസികൾ ഉടൻ തന്നെ പ്രദേശം വളയുകയും, ബോംബ് സ്ക്വാഡും ഫോറൻസിക് സംഘവും പരിശോധനയ്ക്കായി സ്ഥലത്തെത്തുകയും ചെയ്തു.
ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണ് മോദി ബംഗളൂരുവിലെത്തുന്നത്. പരിപാടി നടക്കുന്ന കേന്ദ്രത്തിലേക്കുള്ള വഴിക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്. എച്ച്എഎല്ലിന്റെയും ആർട്ട് ഓഫ് ലിവിങ് സെന്ററിന്റെയും പരിസരത്ത് സ്‌ഫോടനം നടക്കുമെന്ന് രാവിലെ പൊലീസിന് സന്ദേശം ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates