സർക്കാർ വിവാഹ ധനസഹായം ലഭിക്കുന്ന സ്ത്രീകളുടെ യോഗ്യത പരിശോധിക്കാനായി ഗർഭ പരിശോധന നടത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ ദിൻദോരി ജില്ലയിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി കന്യാദാൻ യോജനയുടെ ഭാഗമായി നടത്തുന്ന സമൂഹ വിവാഹത്തിലാണ് ഗർഭ പരിശോധന നടന്നത്.
പദ്ധതി വഴി വിവാഹിതരാകാൻ 219 യുവതികളുടെ അപേക്ഷ ലഭിച്ചിരുന്നു. എന്നാൽ വിവാഹ സമയത്ത് ചില യുവതികളുടെ പേര് പട്ടികയിൽ ഇല്ലാതെ വന്നു. പ്രസവ പരിശോധന നടത്തിയതിന് ശേഷം ഇവരെ ഒഴിവാക്കി എന്നാണ് ആരോപണം. ഈ പദ്ധതിയിലൂടെ വിവാഹിതരാകുന്നവർക്ക് 55,000 രൂപ സർക്കാർ അനുവദിക്കുന്നുണ്ട്. ഇതിൽ 49,000 നൽകുന്നത് വധുവിനാണ്. 6,000 വിവാഹ ചടങ്ങുകൾക്കും നൽകും.
താൻ ഈ പദ്ധതിയിൽ പേര് നൽകിയിരുന്നെന്നും ഇതിന് ശേഷം ഒരു ഹെൽത്ത് സെന്ററിൽ വെച്ച് തന്റെ പ്രഗ്നൻസി ടെസ്റ്റ് നടത്തിയെന്നും ഒരു യുവതി വെളിപ്പെടുത്തി. ടെസ്റ്റ് പോസിറ്റീവ് ആയതോടെ, പട്ടികയിൽ നിന്ന് തന്റെ പേര് വെട്ടിയെന്നും ഇവർ പറഞ്ഞു. മെഡിക്കൽ ടെസ്റ്റിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നില്ലെന്ന് മറ്റൊരു പെൺകുട്ടി വ്യക്തമാക്കി. വിവാഹത്തിന് ഒരുങ്ങിയെത്തിയപ്പോഴാണ് തന്റെ പേര് പട്ടികയിൽ ഇല്ലെന്ന് മനസ്സിലാക്കിയതെന്നും പെൺകുട്ടി പറഞ്ഞു.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത് സ്ത്രീത്വത്തിനെ അധിക്ഷേപിക്കലാണ് എന്ന് കോൺഗ്രസ് വിമർശിച്ചു. ഇത്തരത്തിൽ പരിശോധന നടത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ടങ്കിൽ അത് പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം നടത്തിയ സമൂഹ വിവാഹത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ചിലർ ഗർഭിണികൾ ആയിരുന്നെന്നും അതുകൊണ്ടാണ് ഇത്തവണ പരിശോധന നടത്തിയത് എന്നുമാണ് ബിജെപി ഡില്ലാ പ്രസിഡന്റ് പറയുന്നത്.
അതേസമയം, ഗർഭ പരിശോധന നടത്തണമെന്ന് മുകളിൽ നിന്ന് ലഭിച്ച ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ദിൻദോരി ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്.
ഈ വാർത്ത കൂടി വായിക്കൂ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ്; മരുമകന്റെ ഓഡിറ്ററുടെ വീട്ടിലും എംഎൽഎയുടെ വീട്ടിലും റെയ്ഡ്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates