ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ബലാത്സംഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐപിസി സെക്ഷന്‍ 376(2)(i) യുടെ പ്രായോഗികത ഹൈക്കോടതി പരിശോധിച്ചോ എന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി ചോദിച്ചു.
'പൊതുപ്രവര്‍ത്തകര്‍' എന്നതിന്റെ നിര്‍വചനവും POCSO ചട്ടക്കൂടിന് കീഴിലുള്ള അതിന്റെ പ്രസക്തിയും സംബന്ധിച്ച നിയമപരമായ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. എംപിമാരെയും എംഎല്‍എമാരെയും പൊതുപ്രവര്‍ത്തകരുടെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കുന്ന വിധത്തില്‍ നിയമം വ്യാഖ്യാനിച്ചതിനെ ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തു. ഈ വ്യാഖ്യാനം അംഗീകരിക്കപ്പെട്ടാല്‍, ഒരു കോണ്‍സ്റ്റബിള്‍ പൊതുപ്രവര്‍ത്തകനാകും. എന്നാല്‍ എംഎല്‍എ/എംപി തുടങ്ങിയവര്‍ ഒഴിവാക്കപ്പെടും- ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
പോക്സോയിലെ ഭേദഗതികള്‍ പുതിയ വകുപ്പുകള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടതല്ല, മറിച്ച് ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാകണം. മികച്ച ജഡ്ജിമാര്‍ക്ക് പോലും തെറ്റു പറ്റാം, അതിനാല്‍ ജുഡീഷ്യല്‍ റിവ്യൂ സംവിധാനത്തിന്റെ ഭാഗം തന്നെയാണ്. അതിന്‍റെ പേരില്‍ ജുഡീഷ്യറിയെ പൊതുമധ്യത്തില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ കോടതി മുന്നറിയിപ്പ് നല്‍കി.
ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഉന്നാവോയിലെ സാഹചര്യം ഗുരുതരമാണ്. സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates