ന്യൂഡൽഹി: കോവിഡ് വാക്സിന് വേണ്ടി ഇന്ത്യയെ ഇതുവരെയായി സമീപിച്ചത് 92 രാജ്യങ്ങൾ. ഭൂട്ടാൻ, മാലെദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിനുകൾ നാളെ അവിടെയെത്തും. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിൻ അയയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പിന്നാലെയാണ് 92 രാജ്യങ്ങൾ വാക്‌സിനു വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്.
ഇന്ത്യയിൽ നിർമിച്ച വാക്‌സിനുകൾക്ക് പാർശ്വ ഫലങ്ങൾ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാൻ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ലോകത്തിന്റെ വാക്‌സിൻ ഹബ് എന്നാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്.
മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് രാജ്യത്ത് കഴിഞ്ഞ ശനിയാഴ്ച മുതൽ കോവിഡ് വാക്‌സിൻ കുത്തിവച്ച് തുടങ്ങിയിരുന്നു. എന്നാൽ നിസാരമായ പാർശ്വ ഫലങ്ങൾ മാത്രമാണ് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ബൊളീവിയ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്‌സിനു വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ആവശ്യമെങ്കിൽ പാകിസ്ഥാനും ചൈനയ്ക്കും വാക്‌സിൻ നൽകാനും ഇന്ത്യ തയ്യാറാകുമെന്നും റിപ്പോർട്ടുകളുണ്ട്.
രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ ഓക്‌സ്ഫഡ് - ആസ്ട്രസെനിക്ക വാക്‌സിൻ ഡോസുകൾ എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കൻ റിപ്പബ്ലിക് പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ച കത്തയച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.
അമേരിക്ക കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട ബ്രസീൽ കോവിഡ് വാക്‌സിനുകൾ കൊണ്ടുപോകാൻ പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ 20 ലക്ഷം ഡോസുകളുമായാവും പ്രത്യേക വിമാനം ബ്രസീലിലേക്ക് തിരിച്ചു പോകുക. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച വാക്‌സിനുകളാവും ബ്രസീലിലേക്ക് കൊണ്ടുപോകുക. വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നതിന് ബ്രസീലിലെ വിദഗ്ധ സമിതി അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്.
50 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ കൈമാറുന്നതിനാണ് ബൊളീവിയൻ സർക്കാർ പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. ഇന്ത്യ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് വാക്‌സിനുകൾ ഉപയോഗിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ കുത്തിവെക്കാനാണ് ബൊളീവിയയുടെ നീക്കം.
ചൈന വികസിപ്പിച്ച വാക്‌സിനുകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തുന്ന പക്ഷം ചൈനയിലേക്ക് വാക്‌സിൻ അയയ്ക്കാനുള്ള സാധ്യതയും ഇന്ത്യ ആരായുന്നുണ്ട്. ചൈനയുടെ വാക്‌സിന്റെ ഫല പ്രാപ്തിയിൽ അടുത്തിടെ തായ്‌ലൻഡ് സംശയം പ്രകടിപ്പിച്ചിരുന്നു. ചൈനയിലെ സിനോവാക് ബയോടെക്കിന്റെ വാക്‌സിന് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അനുമതി നൽകൂവെന്ന് സിംഗപ്പൂരും വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates