

പത്തനംതിട്ട: പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ട്. അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്‍ കണക്കില്‍പ്പെടുത്തി. എന്നാല്‍ ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവര്‍ എത്തുകയോ ചെയ്തിട്ടില്ല. സംഗമം നടന്ന ദിവസം രാവിലെ ഭക്തിഗാന സദസ്സാണ് നടന്നത്.
എന്നാല്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേരാണ് കാണിച്ചിരിക്കുന്നത്. പമ്പയിലോ സന്നിധാനത്തോ ഇതുവരെ പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഗായകന്‍ ഇഷാന്‍ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്തിഗാനസദസ് അവതരിപ്പിച്ചത്. അവര്‍ക്ക് എത്ര രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. കലാപരിപാടിക്ക് രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് നിശ്ചയിച്ചിരുന്നത്.
ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും, ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ചെയ്ത കണക്കും ഹൈക്കോടതിയുടെ മുന്നിലാണ്. സംഗമത്തിന്റെ അന്ന് വൈകീട്ട് വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാര്‍ എന്നിവരുടെ അയ്യപ്പഭക്തിഗാനമേള നടന്നിരുന്നു. എന്നാല്‍ ഇതിന്റെ ചെലവും കണക്കുകളില്ല. അയ്യപ്പ സംഗമത്തിനായി മൊത്തം 10.99 കോടി രൂപ ചെയലവായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ടാക്‌സി ചാര്‍ജ് ഇനത്തില്‍ 10.57 ലക്ഷവും സുരക്ഷാ വേലിക്കായി 3.24 ലക്ഷവും, മുഖ്യമന്ത്രിയുടെ വിശ്രമത്തിന് കട്ടിലും മെത്തയും വാങ്ങിയ ഇനത്തില്‍ ഒരു ലക്ഷം രൂപയും ചെലവായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ വ്യക്തമായതോടെ, വിവാദങ്ങളില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. ചൊവാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിര്‍ണായക യോഗം ചേരും. മുഴുവന്‍ കണക്കുകളുമായി എത്താന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് മുഴുവന്‍ കണക്കുകളുമായി എത്താന്‍ നിര്‍ദേശം നല്‍കിയത്. ഓഡിറ്റിംഗ് നടത്തിയ വിജയന്‍ ആന്‍ഡ് അസോസിയേറ്റ് എന്ന സ്ഥാപനവും യോഗത്തില്‍ പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates