ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പതു ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപുര്‍ ഖേരിയും ഇന്ന് ജനവിധി രേഖപ്പെടുത്തും.
ബിഎസ്പി അധ്യക്ഷ മായാവതി രാവിലെ ലഖ്‌നൗവിലെ മുനിസിപ്പല്‍ നഴ്‌സറി സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. ബിജെപി എംപി സാക്ഷി മഹാരാജ് ഉന്നാവോയിലെ ഗദന്‍ ഖേര പ്രൈമറി സ്‌കൂളിലെത്തി വോട്ടു ചെയ്തു. യുപി മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, ബ്രിജേഷ് പതക്ക് തുടങ്ങിയവരും രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപുര്‍ ഖേരിയില്‍ രാവിലെ മുതല്‍ തന്നെ വോട്ടു ചെയ്യാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ലഖിംപൂര്‍ ഖേരിയിലെ ജനവിധി ബിജെപിക്ക് നിര്‍ണായകമാണ്. ഒക്ടോബര്‍ മൂന്നിന് നടന്ന സംഘര്‍ഷത്തിലാണ് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ റായ്ബറേലി ലോക്‌സഭ മണ്ഡല പരിധിയിലും ഇന്നാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ് വിട്ട അദിതി സിങാണ് റായ്ബറേലി സദര്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി. അദിതി രാവിലെ തന്നെ ലാല്‍പൂര്‍ ചൗബാനിലെ ബൂത്തിലെത്തി വോട്ടുരേഖപ്പെടുത്തി.
സംസ്ഥാനത്തെ മുസ്ലിങ്ങള്‍ക്ക് സമാജ് വാദി പാര്‍ട്ടിയോട് താല്‍പ്പര്യമില്ലെന്നും, അവര്‍ എസ്പിക്ക് വോട്ടുചെയ്യില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. വോട്ടെടുപ്പിന് മുമ്പേ തന്നെ ജനങ്ങള്‍ എസ്പിയെ തള്ളിക്കളഞ്ഞു. എസ്പി എന്നാല്‍ ഗുണ്ടാ, മാഫിയാ രാജ് ആണെന്നും മായാവതി കുറ്റപ്പെടുത്തി.
അധികാരത്തിലെത്തുമെന്ന് ബിഎസ്പി
സംസ്ഥാനത്ത് ബിഎസ്പി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ആദ്യ മൂന്നുഘട്ട വോട്ടെടുപ്പ് തന്നെ സൂചിപ്പിക്കുന്നത് ജനങ്ങള്‍ ബിഎസ്പിക്ക് ഒപ്പമാണെന്നാണ്. മികച്ച ഭൂരിപക്ഷത്തോടെ ബിഎസ്പി അധികാരം നേടും. മായാവതി അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമെന്നും മിശ്ര പറഞ്ഞു.
റെക്കോഡ് തിരുത്തിക്കുറിക്കുമെന്ന് ബിജെപി
അതേസമയം മുന്‍ റെക്കോഡ് തിരുത്തിക്കുറിച്ച് സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ തന്നെ വരുമെന്ന് സാക്ഷി മഹാരാജ് എംപി പറഞ്ഞു. സീറ്റിന്റെ എണ്ണത്തില്‍ 2017 ലെ റെക്കോഡ് ബിജെപി തകര്‍ക്കും. 350 ലേറെ സീറ്റ് ലഭിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
സംസ്ഥാനത്ത് 403 നിയമസഭ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ആദ്യ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. നാലാംഘട്ട തെരഞ്ഞെടുപ്പില്‍ 624 സ്ഥാനാര്‍ഥികളാണ് ജനവധി തേടുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59 സീറ്റുകളില്‍ 51 എണ്ണവും 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates