ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാക്കേജ്ഡ് കുടിവെള്ളം വിപണിയിലെത്തിച്ചതിന് ബിസ്‌ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ളത്തിന്റെ സാംപിളുകള്‍ പരിശോധനയില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ബിസ്‌ലേരി ഇന്റര്‍നാഷണലിന്റെ സ്ഥാപനത്തില്‍നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ളത്തിന്റെ (മിനറല്‍ വാട്ടര്‍ ഒഴികെയുള്ളത്) സാംപിളിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയില്‍ അനുവദനീയ അളവിനേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് സാന്നിധ്യം കണ്ടെത്തി. ഇതോടെ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാംപിള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതായി എഫ്എസ്എസ്എഐ അറിയിച്ചു. തുടര്‍ന്ന് കമ്പനിയുടെ അപ്പീലിനെത്തുടര്‍ന്ന് സാംപിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടെയും പരിശോധന നടത്തിയപ്പോള്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യം കണ്ടെത്തി. ഈ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് സ്ഥിരീകരിച്ചു.
ലബോറട്ടറി പരിശോധനയിലെ കണ്ടെത്തലുകള്‍ നിയമപ്രകാരമുള്ള സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങള്‍ വ്യക്തമാക്കുന്നതാണെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസ്‌ലേരിക്കെതിരെ 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയത്. ഈ വര്‍ഷം ഭക്ഷ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്സ് കമ്പനികള്‍ക്കുമെതിരായ പരിശോധനകളും നടപടികളും എഫ്എസ്എസ്എഐ ശക്തമാക്കിയിട്ടുണ്ട്. എനര്‍ജി ഡ്രിങ്ക്, മദ്യപാനീയങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കള്‍ക്കെതിരെയും അതോറിറ്റി നടപടികള്‍ സ്വീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates