ന്യൂഡല്‍ഹി: പുസ്തക വിവാദത്തില്‍ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിനെ പിന്തുണച്ച് മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. പുസ്തകം ഓണ്‍ലൈനില്‍ ലഭ്യമാണെന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാദം തള്ളിയാണ് ജനറല്‍ നരവനെ രംഗത്തു വന്നത്. പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ പ്രസ്താവനയും ജനറല്‍ നരവനെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
നരവനെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് മുന്‍ കരസേനാ മേധാവി രാഹുലിന്റെ വാദം തള്ളി രംഗത്തു വന്നിട്ടുള്ളത്. അച്ചടിച്ചോ ഡിജിറ്റല്‍ രൂപത്തിലോ ഉള്ള, ജനറല്‍ നരവനെയുടെ പുസ്തകത്തിന്റെ ഒരു പകര്‍പ്പും പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.' എന്നാണ് പെന്‍ഗ്വിന്‍ ബുക്സ് പ്രസ്താവനയില്‍ അറിയിച്ചത്.
ജനറല്‍ എം എം നരവനെയുടെ പുസ്തകം ഓണ്‍ലൈനില്‍ ലഭ്യമാണെന്നാണ് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്. ഒന്നുകില്‍ പ്രസാധകരോ, അല്ലെങ്കില്‍ ജനറല്‍ നരവനെയോ കള്ളം പറയുകയാണ് എന്നും രാഹുല്‍ കുറ്റപ്പെടുത്തി. നരവനെയുടെ 'ഓര്‍മ്മക്കുറിപ്പ്' ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പ്രസാധകന്റെ പ്രസ്താവനയെ രാഹുല്‍ തള്ളിപ്പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ, ജനറല്‍ നരവനെയുടെ 2023 ലെ പുസ്തകവുമായി ബന്ധപ്പെട്ട എക്സ് പോസ്റ്റും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. തന്റെ പുസ്തകം ഇപ്പോള്‍ 'ലഭ്യമാണ്' എന്ന് ജനങ്ങളെ അറിയിച്ചുകൊണ്ട് നരവാനെ 2023 ഡിസംബറിലെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് രാഹുല്‍ എടുത്തു കാട്ടിയത്.
'ഒരു പുസ്തകത്തെക്കുറിച്ചുള്ള അറിയിപ്പോ അല്ലെങ്കില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്ന അതിന്റെ ലഭ്യതയോ പ്രസിദ്ധീകരണമായി വ്യാഖ്യാനിക്കരുതെന്ന്' പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഇത്. പെന്‍ഗ്വിനു പകരം മുന്‍ സൈനിക മേധാവിയുടെ വാക്കാണ് താന്‍ വിശ്വസിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2023ല്‍ നരവാനെയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഗാന്ധി വായിച്ചു. 'ഹലോ സുഹൃത്തുക്കളേ, എന്റെ പുസ്തകം ഇപ്പോള്‍ ലഭ്യമാണ്. ലിങ്ക് പിന്തുടരുക. വായിക്കുന്നതില്‍ സന്തോഷം, ജയ് ഹിന്ദ്. ഇതാണ് ജനറല്‍ നരവനെയുടെ ട്വീറ്റ്.
ഇപ്പോള്‍ പ്രധാധകരായ പെന്‍ഗ്വിന്‍ പറയുന്നത് പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. വില്‍പ്പനയ്ക്ക് എത്തിച്ചിട്ടില്ല എന്നാണ്. എന്നാല്‍ പുസ്തകം ആമസോണില്‍ ലഭ്യമാണ്. ജനറല്‍ നരവനെ 2023-ല്‍ 'ദയവായി എന്റെ പുസ്തകം വാങ്ങൂ' എന്ന് ട്വീറ്റ് ചെയ്തിരുന്നു. പെന്‍ഗ്വിനേക്കാള്‍ നരവനെയെ ഞാന്‍ വിശ്വസിക്കുന്നു. രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 2 ന് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ ഇന്ത്യ-ചൈന സംഘര്‍ഷം പ്രതിപാദിക്കുന്ന ജനറല്‍ നരവനെയുടെ പുസ്തകത്തിലെ ഭാഗം രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉദ്ധരിച്ചതാണ്, പാര്‍ലമെന്റില്‍ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിതെളിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates