ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങൾ. ഡിഎംകെ സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ നിറയെ പിഴവുകളുണ്ടെന്നും, അതു വായിക്കാനാകില്ലെന്നും ഗവർണർ ആര്‍ എന്‍ രവി പറഞ്ഞു. സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ഗാനം ആലപിക്കാത്തതിനെയും ഗവർണർ വിമർശിച്ചു. വിമർശനത്തിനിടെ ഗവർണറുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഗവർണർ ആർ എൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
നയപ്രഖ്യാപന പ്രസംഗം വായിക്കാതെയാണ് ഗവർണർ ആർ എൻ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. തുടര്‍ന്ന് സ്പീക്കര്‍ എന്‍ അപ്പാവു നയപ്രഖ്യാപനം നിയമസഭ പാസ്സാക്കിയതായി പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗം ഇനി മുതല്‍ വേണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടു വരണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു.
രാവിലെ 9.30 നാണ് തമിഴ്‌നാട് നിയമസഭയുടെ 2026ലെ ആദ്യ സമ്മേളനത്തിന് തുടക്കമായത്. തമിഴ് തായ് ആശംസകളോടെയാണ് തുടക്കം. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കാന്‍ ഗവര്‍ണര്‍ രവി ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ് തായ് ആശംസ മാത്രമാണ് ആദ്യമെന്നും, ദേശീയഗാനം ആദ്യം ആലപിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ദേശീയഗാനത്തെ അപമാനിക്കാനാവില്ലെന്നും, ആലപിക്കണമെന്നും ഗവര്‍ണര്‍ ശഠിച്ചു.
നിയമസഭയുടെ ചട്ടങ്ങളും നിയമങ്ങളും ഗവര്‍ണര്‍ പാലിക്കണമെന്നും, നയപ്രഖ്യാപന പ്രസംഗം വായിക്കാനും സ്പീക്കര്‍ നിര്‍ദേശിച്ചു. തന്റെ ഉത്തരവാദിത്തങ്ങള്‍ തനിക്കറിയാമെന്ന് ഗവര്‍ണറും പ്രതികരിച്ചു. തുടര്‍ന്ന് നിയമസഭയില്‍ അംഗങ്ങള്‍ക്ക് മാത്രമാണ് അഭിപ്രായം പറയാനാവൂ എന്നും, മറ്റൊരാള്‍ക്കും അതിനവകാശമില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതിനിടെ ഗവര്‍ണറുടെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ രവി സഭ വിട്ടിറങ്ങുകയുമായിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തെ ലോക്ഭവന്‍ അംഗീകരിച്ചിരുന്നതാണെന്ന് സ്പീക്കര്‍ നിയമസഭയെ അറിയിച്ചു. മൈക്ക് ഓഫ് ചെയ്തതില്‍ ഞെട്ടിപ്പോയെന്നും, ഗവര്‍ണര്‍ പദവിയെയാണ് അപമാനിച്ചതെന്നും ആര്‍ എന്‍ രവി കുറ്റപ്പെടുത്തി. ദേശീയഗാനത്തെ ആദരിക്കാത്ത നടപടിയോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആര്‍ എന്‍ രവി ജനങ്ങളുടെ സഭയെയും അതിന്റെ മഹത്വത്തെയും അപമാനിച്ചുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.
മുമ്പത്തെപ്പോലെ തന്നെയാണ് ഗവര്‍ണര്‍ ഇന്നും പെരുമാറിയത്. ഗവര്‍ണര്‍ മനഃപൂര്‍വ്വം ഭരണഘടന ലംഘിച്ചു. ദീര്‍ഘകാല പാരമ്പര്യമുള്ള ഈ സഭയെ അപമാനിക്കുന്ന പ്രവൃത്തിയായിട്ടാണ് ഗവര്‍ണറുടെ നടപടിയെ കണക്കാക്കുന്നത്. രാജ്യത്തിന് ഗവര്‍ണറെ ആവശ്യമില്ല. ആ പദവിയോട് ആര്‍ എന്‍ രവി ഒരിക്കലും നീതി പുലര്‍ത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ കുറ്റപ്പെടുത്തി. നേരത്തെയും ദേശീയഗാനത്തെച്ചൊല്ലി ഗവര്‍ണര്‍ രവി സഭയില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്.
നയപ്രഖ്യാപനം കൃത്യതയില്ലാത്തത്: ലോക്ഭവന്‍
ഡിഎംകെ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ തെറ്റുകളുണ്ടെന്നും കൃത്യതയില്ലാത്തതാണെന്നും ലോക്ഭവന്‍ വിശദീകരിച്ചു. ദലിതര്‍ക്കെതിരായ അതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കി. ദേശീയഗാനം വീണ്ടും അപമാനിക്കപ്പെട്ടു. അടിസ്ഥാന ഭരണഘടനാ കടമ അവഗണിക്കപ്പെടുകയാണ്. ഗവര്‍ണര്‍ ഇറങ്ങിപ്പോയതിന്റെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ലോക്‌സഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates