ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലുള്ള സ്മാര്‍ട്ട് ടിവികളില്‍ പ്രസാര്‍ ഭാരതിയുടെ ഒടിടി ആപ്പ് 'വെയ്‌വ്‌സ്' (WAVES ) പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലം ടെലിവിഷന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കും. നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, ആമസോണ്‍ പ്രൈം തുടങ്ങിയ ആപ്പുകള്‍ ഇത്തരത്തില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് ലഭിക്കുന്നതിനിടെയാണ് ഈ പട്ടികയിലേക്ക് പ്രസാര്‍ ഭാരതിയുടെ 'വെയ്‌വ്‌സ്'കടന്നുവരുന്നത്.
2024 നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച 'വെയ്‌വ്‌സ്' ലൈവ് ടിവി, ഓണ്‍-ഡിമാന്‍ഡ് വീഡിയോകള്‍, റേഡിയോ, ഗെയിമുകള്‍, ഇ-ബുക്കുകള്‍, ഇ-കൊമേഴ്സ് എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 3.8 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും 2.3 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുമാണ് ഒരു വര്‍ഷത്തിനുള്ളില്‍ 'വെയ്‌വ്‌സ്' സ്വന്തമാക്കിയത്. വാര്‍ത്താ, വിനോദ നെറ്റ്വര്‍ക്കുകള്‍, സിനിമകള്‍, ടിവി ഷോകള്‍, ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, തമിഴ്, അസമീസ് എന്നിവയുള്‍പ്പെടെ പത്ത് ഭാഷകളിലായി കുറഞ്ഞത് 65 ചാനലുകളെങ്കിലും 'വെയ്‌വ്‌സ്' ലഭ്യമാക്കുന്നുണ്ട്. ഗെയിമുകള്‍ ഉള്‍പ്പെടുന്ന 40 ലൈവ് സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്. ദൂരദര്‍ശന്‍, ആകാശവാണി ആര്‍ക്കൈവുകളില്‍ നിന്നുള്ള ക്ലാസിക്കുകളും ആപ്ലിക്കേഷനില്‍ ലഭ്യമാക്കുന്നുണ്ട്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലീനിയര്‍ സാറ്റലൈറ്റ് ടിവി ചാനലുകളെയും 'വെയ്‌വ്‌സ്' പ്രസാര്‍ ഭാരതി നീക്കം നടത്തുന്നുണ്ട്.
181 രാജ്യങ്ങളിലെ ഉപയോക്താക്കളുള്ള പ്രസാര്‍ ഭാരതിക്ക് 4.2 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍. യുഎസ്എ, യുകെ, യുഎഇ, ഓസ്ട്രേലിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലും പ്രേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രസാര്‍ഭാരതി അവകാശപ്പെടുന്നു.
അടുത്തിടെ, രാജ്യത്ത് വില്‍പന നടത്തുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കി വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിര്‍ദേശം പിന്‍വലിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates