അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജി സംബന്ധിച്ച് ശ്രദ്ധേയ നിരീക്ഷണവുമായി ജിഗ്നേഷ് മേവാനി എംഎൽഎ. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത രാജി.
2022ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കൃത്യമായ കണക്കുകൂട്ടലിന്റെ ഭാഗമാണ് വിജയ് രൂപാണിയുടെ രാജിയെന്ന് ജിഗ്നേഷ് മേവാനി എംഎൽഎ പറയുന്നു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോൾ തന്നെ രാജിവച്ചിരുന്നെങ്കിൽ ജനങ്ങൾ ആ തീരുമാനത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതായുള്ള വിജയ് രൂപാണിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. സംസ്ഥാനത്തിന്റെ കൂടുതൽ വികസനത്തിനായി, പുതിയ ഊർജവും ശക്തിയും വേണ്ടതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ് മരണങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് ആരോപിച്ച് രൂപാണി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ജൂലൈയിൽ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗിയെ ഉറുമ്പരിച്ച വീഡിയോ വൈറലായതോടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തു വരികയും ചെയ്തു. രൂപാണിയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര നേതാക്കൾ അസംതൃപ്തരായിരുന്നെന്നും അതാണ് രാജിയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates