ന്യൂഡല്‍ഹി: ഇന്ത്യയിലെ പാക്കറ്റ് ഭക്ഷണ പദാര്‍ഥങ്ങളില്‍ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് മുന്നറിയിപ്പ് നല്‍കുന്നതിനായി റെഡ് ഫ്‌ളാഗ് (ചുവപ്പ് നിറത്തിലുള്ള മുന്നറിയിപ്പ് ലേബലുകള്‍) ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പിന്‍മാറിയതായി റിപ്പോര്‍ട്ട്. വന്‍കിട ഭക്ഷ്യ ഉല്‍പ്പാദന കമ്പനികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് അതോറിറ്റിയുടെ പിന്മാറ്റമെന്നാണ് വിവരം.
മുന്നറിയിപ്പ് ലേബലുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഫലപ്രദമല്ലെന്നും വാദിച്ച കൊക്കോ കോള, നെസ്ലെ തുടങ്ങിയ ആഗോള ഭീമന്മാര്‍ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്നു. മാര്‍ച്ചില്‍ നടന്ന ഉന്നതതല യോഗത്തിലാണ് കമ്പനികള്‍ നിലപാട് കടുപ്പിച്ചത്. എന്നാല്‍ കൊക്കകോളയും നെസ്ലെയും യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രിട്ടനിലും ഇത്തരം മുന്നറിയിപ്പ് ലേബലുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ലണ്ടനില്‍ വില്‍ക്കുന്ന ഫാന്റാ ഡ്രിങ്കില്‍ 63 കലോറിയും പഞ്ചസാരയുടെ അളവ് കുറവുമാണ്. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന അതേ ബ്രാന്‍ഡില്‍ ഇതിന്റെ മൂന്നിരട്ടി പഞ്ചസാരയും കൃത്രിമ നിറങ്ങളും അടങ്ങിയിരിക്കുന്നു. യൂറോപ്പില്‍ ഇത്തരം നിറങ്ങള്‍ക്ക് കര്‍ശന ആരോഗ്യ മുന്നറിയിപ്പ് ആവശ്യമാണെങ്കിലും, ഇന്ത്യയില്‍ ഇവയുടെ വിവരങ്ങള്‍ കാനിന്റെ പുറകില്‍ ചെറിയ അച്ചടികളില്‍ മാത്രമാണ് നല്‍കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ വിദേശ രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും ഇന്ത്യയില്‍ വില്‍ക്കുന്നവയുടെ ഗുണനിലവാരവും തമ്മിലുള്ള അന്തരം ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
2050ഓടെ ഇന്ത്യയില്‍ 45 കോടിയിലധികം ആളുകള്‍ അമിതവണ്ണമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയി മാറിയേക്കാമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ ലേബലിങ്ങില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഇതിനെത്തുടര്‍ന്ന് വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയിലെ പായ്ക്ക് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ 80 ശതമാനവും ഉയര്‍ന്ന അളവില്‍ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയവയാണ്. മുന്നറിയിപ്പ് ലേബലുകള്‍ നടപ്പാക്കിയാല്‍ പാക്കറ്റുകള്‍ മുഴുവന്‍ ചുവപ്പ് നിറത്തിലുള്ള ലേബലുകള്‍ കൊണ്ട് നിറയുമെന്ന് വ്യവസായ പ്രതിനിധികള്‍ വാദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates