ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഹിമാലയൻ മഞ്ഞുമലകൾ അതിവേഗം ഉരുകിത്തീരുന്നതായും മേഖല വൻ പാരിസ്ഥിതിക തകർച്ചയുടെയും ദുരന്തങ്ങളുടെയും വക്കിലാണെന്നും മുന്നറിയിപ്പ് നൽകി പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട്. ഒരു പതിറ്റാണ്ട് മുൻപുണ്ടായിരുന്നതിനേക്കാൾ 65 ശതമാനം അധിക വേഗതയിലാണ് ഇപ്പോൾ ഹിമാലയത്തിലെ ഗ്ലേസിയറുകൾ ഉരുകി ഒലിക്കുന്നത്.
നേപ്പാളിലും ടിബറ്റിലും 1,300-ലധികം മനുഷ്യരുടെ ജീവനെടുത്ത സമീപകാല പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ, ആഗോള കൺസൾട്ടൻസി സ്ഥാപനമായ സിസ്റ്റമിക്, ഇന്റഗ്രേറ്റഡ് മൗണ്ടൻ ഇനിഷ്യേറ്റീവ്, ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് , ജി.ബി. പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയോൺമെന്റ് എന്നിവ സംയുക്തമായി തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ഹിമാലയം-കാറക്കോറം പർവ്വതനിരകളിലായി ഏകദേശം 40,000 ഗ്ലേസിയറുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇതിൽ കേവലം 21 മഞ്ഞുമലകൾ മാത്രമാണ് കൃത്യമായും ശാസ്ത്രീയമായും തുടർച്ചയായ നിരീക്ഷണങ്ങൾക്ക് വിധേയമാകുന്നത്. ബാക്കി പതിനായിരക്കണക്കിന് ഗ്ലേസിയറുകളുടെ മാറ്റങ്ങൾ അറിയാൻ നിലവിൽ വ്യക്തമായ സംവിധാനങ്ങളില്ല.
മഞ്ഞുമലകൾ അതിവേഗം ഉരുകി ഉൾവലിയുമ്പോൾ, ദുർബലമായ പാറക്കൂട്ടങ്ങളും ഐസും കൊണ്ട് ചുറ്റപ്പെട്ട അപകടകരമായ ഹിമതടാകങ്ങൾ രൂപപ്പെടുന്നു. ഇതോടൊപ്പം ഭൂമിക്കടിയിലെ മഞ്ഞുപാളികൾ ഉരുകുന്നത് മലനിരകളുടെ ഘടനയെ തന്നെ ദുർബലമാക്കുന്നുണ്ട്. ഇത് തുടർച്ചയായ പ്രകൃതിദുരന്തങ്ങൾക്ക് വഴിവെക്കുന്നു.
ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 18 ശതമാനത്തോളം മാത്രമാണ് ഹിമാലയൻ മേഖല വരുന്നത്. എന്നാൽ, രാജ്യത്തുണ്ടാകുന്ന ആകെ പ്രകൃതിദുരന്തങ്ങളിൽ 35 ശതമാനവും സംഭവിക്കുന്നത് ഈ പ്രദേശത്താണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. മേഖലയിലെ 56 ഹിമതടാകങ്ങൾ ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള 'അതീവ അപകടസാധ്യത' ഉള്ളവയാണ്. 10 ഹെക്ടറിലധികം വിസ്തീർണ്ണമുള്ള 2,485 ഹിമതടാകങ്ങളെ ഇന്ത്യയിലെ സെൻട്രൽ വാട്ടർ കമ്മീഷൻ നിലവിൽ നിരീക്ഷിക്കുന്നുണ്ട്. 2023-ൽ സിക്കിമിൽ ഹിമതടാകം പൊട്ടിത്തെറിച്ച് 70 പേർ കൊല്ലപ്പെടുകയും ജലവൈദ്യുത പദ്ധതികളും റോഡുകളും തകരുകയും ചെയ്തിരുന്നു. 2021-ൽ ഉത്തരാഖണ്ഡിലുണ്ടായ വൻ മിന്നൽപ്രളയത്തിൽ 200-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഹിമാലയത്തിലെ ജലസ്രോതസ്സുകളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ആകെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 20 ശതമാനത്തോളം ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വടക്കേ ഇന്ത്യയിലെ ഗോതമ്പ്, നെല്ല്, തേയില ഉൽപ്പാദനം, ജലവൈദ്യുത പദ്ധതികൾ, തീർത്ഥാടന-ടൂറിസം മേഖല എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഈ സാമ്പത്തിക മൂല്യത്തിന്റെ 5 ശതമാനം മാത്രമാണ് ഹിമാലയൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്.
ഹിമാലയൻ നദീതടങ്ങളിലെ ജലപ്രവാഹം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ (2050-ഓടെ) ഏറ്റവും ഉയർന്ന നിരക്കിലെത്തുന്ന 'പീക്ക് വാട്ടർ' ഘട്ടത്തിൽ എത്തും. അതിനുശേഷം മഞ്ഞുമലകൾ ഇല്ലാതാകുന്നതോടെ നദികളിലെ ജലലഭ്യത കുത്തനെ ഇടിയുമെന്നും ഇത് ദക്ഷിണേഷ്യയെ മുഴുവൻ കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിടുമെന്നും ഇസിമോഡ് മുന്നറിയിപ്പ് നൽകുന്നു.
ഹിമാലയത്തിലെ മഞ്ഞുരുകലിന്റെ മൂന്നിലൊന്നിനും (ഏകദേശം 33%) കാരണം വടക്കേ ഇന്ത്യൻ സമതലങ്ങളിലെ ഇഷ്ടിക ചൂളകളിൽ നിന്നും വാഹനങ്ങളിൽ നിന്നും വമിക്കുന്ന 'ബ്ലാക്ക് കാർബൺ' (കരിപ്പുക) ആണെന്ന് പഠനം കണ്ടെത്തി. മഞ്ഞിൽ പറ്റിപ്പിടിക്കുന്ന കരിപ്പുക കൂടുതൽ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയും മഞ്ഞുരുകൽ അതിവേഗത്തിലാക്കുകയും ചെയ്യുന്നു. ആഗോള ഹരിതഗൃഹ വാതകങ്ങൾ പോലെയല്ലാതെ, ഇന്ത്യയ്ക്കും അയൽരാജ്യങ്ങൾക്കും നേരിട്ട് നയപരമായ തീരുമാനങ്ങളിലൂടെ പരിഹരിക്കാൻ കഴിയുന്ന ഒന്നാണ് ഈ കരിപ്പുക മലിനീകരണം.
കൂടാതെ, പ്രതിവർഷം 40 കോടിയോളം (400 മില്യൺ) വിനോദസഞ്ചാരികളാണ് ഇന്ത്യൻ ഹിമാലയൻ സംസ്ഥാനങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ഇത് മലനിരകളിലെ പരിസ്ഥിതിക്കും പശ്ചാത്തല സൗകര്യങ്ങൾക്കും താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ആളുകളുടെ എണ്ണം കൂട്ടുന്നതിന് പകരം, പ്രാദേശികമായി പുനർനിക്ഷേപിക്കാൻ കഴിയുന്ന മൂല്യാധിഷ്ഠിത പരിസ്ഥിതി സൗഹൃദ ടൂറിസത്തിലേക്ക് മുൻഗണന മാറണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
പ്രകൃതിദുരന്തങ്ങൾ അതിർത്തികൾ നോക്കിയല്ല സംഭവിക്കുന്നതെന്നും ഒരു രാജ്യത്തിന് മാത്രമായി ഈ പ്രതിസന്ധി നേരിടാനാകില്ലെന്നും ഐസിഐഎംഒഡി ഡയറക്ടർ ജനറൽ പേമ ഗ്യാമ്‌ത്സോ ഓർമ്മിപ്പിച്ചു. രാജ്യങ്ങൾ പരസ്പരം വിവരങ്ങൾ കൈമാറുന്ന അതിർത്തി കടന്നുള്ള നിരീക്ഷണ സംവിധാനങ്ങൾ, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, സംയുക്ത ദുരന്ത നിവാരണ പദ്ധതികൾ എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഹിമാലയത്തെ ആശ്രയിച്ചു ജീവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ജീവനും നിലനിൽപ്പും സംരക്ഷിക്കാൻ ഉടനടി കൂട്ടായ നടപടി വേണമെന്നാണ് ശാസ്ത്രലോകത്തിന്റെ ആഹ്വാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates