ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദങ്ങളും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും മുന്‍നിര്‍ത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ, അദ്ദേഹത്തിന്റെ പഴയകാല സമരചരിത്രം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിദ്യാര്‍ഥി നേതാവായിരിക്കെ സമാനമായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ തെരുവിലിറങ്ങി പൊലീസിന്റെ ലാത്തിച്ചാര്‍ജ് നേരിട്ട വ്യക്തിയായിരുന്നു ഇന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍.
1990കളുടെ മധ്യത്തില്‍ എബിവിപിയുടെ സജീവ വിദ്യാര്‍ഥി നേതാവായിരുന്ന കാലത്താണ് സംഭവം. അന്ന് ഒഡീഷയിലെ ജാനകി പട്‌നായിക് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംസ്ഥാനതല മത്സരപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പ്രധാന്‍ സമരരംഗത്തിറങ്ങിയത്. ഭുവനേശ്വറിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ 1500ഓളം വിദ്യാര്‍ഥികളെ അണിനിരത്തി അദ്ദേഹം നടത്തിയ വന്‍ പ്രതിഷേധം അന്ന് വലിയ വാര്‍ത്തയായിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അന്ന് എബിവിപി ദേശീയ സെക്രട്ടറിയായിരുന്ന ധര്‍മേന്ദ്ര പ്രധാന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അന്ന് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയും പരീക്ഷാ അഴിമതിക്കെതിരെയും വിദ്യാര്‍ഥികള്‍ക്കായി പോരാടി രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന പ്രധാന്‍, മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ അതേ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ഥി സംഘടനകളുടെയും കടുത്ത വിമര്‍ശനം നേരിടുന്നു എന്നത് രാഷ്ട്രീയ വിരോധാഭാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, നീറ്റ് പുനഃപരീക്ഷ വിജയകരമായി നടത്താന്‍ കഴിഞ്ഞുവെന്നും പരീക്ഷാ സംവിധാനം കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷം വിദ്യാര്‍ഥികളെ കരുവാക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും മന്ത്രിയുടെയും നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates