ന്യൂഡല്‍ഹി: മരുന്ന് കുറിച്ച് നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്ക് പാരിതോഷികം നല്‍കുന്നതിന്റെ ഉത്തരവാദി മരുന്നുനിര്‍മ്മാണ കമ്പനികള്‍ ആണ് എന്ന് ഉത്തരവിടണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് പത്തുദിവസത്തിനകം മറുപടി നല്‍കാന്‍ സുപ്രീംകോടതി. ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്റ് സെയില്‍സ് റപ്രസന്റേറ്റീവ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഗൗരവ സ്വഭാവമുള്ളതാണ്. കേള്‍ക്കാന്‍ ഇത് സംഗീതം പോലെ സുഖം പകരുന്ന കാര്യമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എ എസ് ബൊപ്പണയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പനിക്ക് ഉപയോഗിക്കുന്ന ഡോളോ -650 കൂടുതലായി വിറ്റഴിക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ പാരിതോഷികമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയതെന്ന് ഉദാഹരണമായി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വാദത്തിനിടെയാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഗൗരവ സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചത്.
ഹര്‍ജിയില്‍ പത്തുദിവസത്തിനകം മറുപടി നല്‍കാന്‍ കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു. 'കേള്‍ക്കാന്‍ സുഖം പകരുന്ന തരത്തില്‍ ഇത് സംഗീതമല്ല. എനിക്ക് കോവിഡ് വന്ന ഘട്ടത്തില്‍ ഇതേ മരുന്ന് കഴിക്കാന്‍ ആവശ്യപ്പെട്ടു. ഇത് ഗൗരവപ്പെട്ട വിഷയമാണ്'- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഡോളോ മരുന്ന് കുറിച്ച് നല്‍കുന്നതിന് വേണ്ടി കമ്പനി ആയിരം കോടി രൂപ നല്‍കിയതായി ഫെഡറേഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് പരീഖ് ആരോപിച്ചു. മരുന്നിന്റെ അമിത ഉപയോഗത്തിന് ഇത് കാരണമാകും എന്നതിന് പുറമേ രോഗിയുടെ ആരോഗ്യത്തെയും ഇത് അപകടത്തിലാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരത്തിലുള്ള അഴിമതി ഉയര്‍ന്ന വില ചുമത്തുന്നതിനും വിപണിയില്‍ യുക്തിക്ക് നിരക്കാത്ത വിധത്തില്‍ മരുന്നിന്റെ വില്‍പ്പനയ്ക്കും കാരണമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സുതാര്യത ഉറപ്പുവരുത്താന്‍ മരുന്നുകളുടെ വിപണനത്തിന് ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ സുപ്രീംകോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates