ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ സഹകരണം ശക്തമാക്കുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ പൂര്‍ണസജ്ജമായ എംബസി പുനരാംഭിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ധാരണ. അഫ്ഗാനിസ്ഥാനിലെ ആക്ടിങ് വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്താഖിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് സഹകരണം ശക്തമാക്കുന്നെന്ന സൂചനകള്‍ നല്‍കുന്നത്. ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി താലിബാന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തി. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം, സാങ്കേതിക സഹകരണം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍ എന്നാണ് പുറത്തുവരുന്ന വിവരം.
ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണവും സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു. അഫ്ഗാന്‍ ജനതയോടും അവരുടെ ഭാവിയിലും ഇന്ത്യയ്ക്ക് പ്രതിബദ്ധതയുണ്ടെന്ന് വ്യക്തമാക്കിയായികുന്നു ജയശങ്കറിന്റെ പ്രതികരണം. 'ഇന്ത്യയുടെ ഔദ്യോഗിക ഇടപെടലിനായി കാബൂളില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്, എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ഇന്ത്യന്‍ ഇടപെടല്‍ ശക്തമാക്കുമ്പോഴും സുരക്ഷാ ആശങ്കകളും ചര്‍ച്ചയില്‍ വിഷയമായെന്നും മന്ത്രി അറിയിച്ചു. പാകിസ്ഥാന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇരു രാജ്യങ്ങളും നേരിടുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പൊതുവായ ഭീഷണി പ്രധാന വിഷയമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അഫ്ഗാനിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് പദ്ധതികളും പുതിയതായി ആരംഭിക്കും. ഇവ സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ തുടര്‍ചര്‍ച്ചകളില്‍ ഉണ്ടാകുമെന്നും എസ് ജയശങ്കര്‍ അറിയിച്ചു. അഫ്ഗാന്‍ ആശുപത്രികള്‍ക്ക് എംആര്‍ഐ, സിടി സ്‌കാന്‍ മെഷീനുകള്‍, കാന്‍സര്‍ മരുന്നുകള്‍, വാക്‌സിനുകള്‍, ആംബുലന്‍സുകള്‍ എന്നിവയും ഇന്ത്യ നല്‍മെന്നും മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates