ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. വ്യോമയാന മന്ത്രാലത്തില്‍ രണ്ട് കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹിന്ദ് എയര്‍, ഫ്‌ലൈ എക്‌സ്പ്രസ് എന്നിവയ്ക്കാണ് പുതുതായി എന്‍ഒസി ലഭിച്ചത്. ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശംഖ് എക്‌സ് പ്രസ് എന്നിവക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നു. അടുത്തവര്‍ഷം മൂന്ന് കമ്പനികളും പ്രവര്‍ത്തനം ആരംഭിക്കും.
കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവസരം നല്‍കാനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനും വ്യോമയാന മേഖലയില്‍ കുത്തക ഒഴിവാക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അല്‍ഹിന്ദ് എയര്‍, ഫ്‌ലൈ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ക്ക് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയതായി കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
'ഇന്ത്യന്‍ ആകാശത്ത് ചിറകുവിരിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ എയര്‍ലൈനുകളായ ശംഖ് എയര്‍, അല്‍ഹിന്ദ് എയര്‍, ഫ്‌ലൈ എക്‌സ്പ്രസ് എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ശംഖ് എയറിന് മന്ത്രാലയത്തില്‍നിന്ന് നേരത്തെ എന്‍ഒസി ലഭിച്ചിരുന്നു, ഈ ആഴ്ച അല്‍ ഹിന്ദ് എയര്‍, ഫ്‌ലൈ എക്‌സ്പ്രസ് എന്നിവയ്ക്ക് എന്‍ഒസി ലഭിച്ചു. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാന വിപണികളില്‍ ഒന്നായ ഇന്ത്യന്‍ വിമാന വ്യവസായത്തില്‍ കൂടുതല്‍ എയര്‍ലൈനുകളെ പ്രോത്സാഹിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഉഡാന്‍ പോലുള്ള പദ്ധതികള്‍, സ്റ്റാര്‍ എയര്‍, ഇന്ത്യ വണ്‍ എയര്‍, ഫ്‌ലൈ91 തുടങ്ങിയ ചെറിയ കാരിയറുകള്‍ക്ക് രാജ്യത്തിനകത്ത് റീജ്യണല്‍ കണക്ടിവിറ്റിയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സഹായിച്ചിട്ടുണ്ട്, കൂടാതെ ഇനിയും വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്,' മന്ത്രി എക്‌സില്‍ കുറിച്ചു.
നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യാ ഗ്രൂപ്പുമാണ് ആഭ്യന്തരവ്യോമയാനരംഗത്തെ ഏറ്റവും പ്രബല ശക്തികള്‍. ഇതില്‍ തന്നെ 65 ശതമാനവും ഇന്‍ഡിഗോയ്ക്കാണ്. ചുരുക്കം ചില കമ്പനികള്‍ മാത്രം വിപണി നിയന്ത്രിക്കുന്നത് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കാനും യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ കുറയാനും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം ഒഴിവാക്കാനും ആരോഗ്യകരമായ മത്സരം ഉറപ്പാക്കാനുമാണ് കൂടുതല്‍ കമ്പനികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. അടുത്തിടെ ഇന്‍ഡിഗോ പ്രതിസന്ധി മൂലം 10 ദിവസത്തിനുള്ളില്‍ ഏകദേശം 4,500 വിമാനങ്ങളാണ് റദ്ദാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളെ ഇത് കാര്യമായിത്തന്നെ ബാധിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates