ന്യൂഡൽഹി: ഇന്ത്യയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായി സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദ്ദേശങ്ങളിൽ റെക്കോർഡ് വർധന. 2026 മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകൾക്കായി സർക്കാർ അയച്ചത് 1.95 ലക്ഷത്തോളം (1,94,000-ലധികം) കണ്ടന്റ് ബ്ലോക്കിങ് ഉത്തരവുകൾ. ശരാശരി ഓരോ 68 സെക്കൻഡിലും ഒരു ഉത്തരവ് വീതമാണ് സോഷ്യൽ മീഡിയ കമ്പനികൾക്ക് ലഭിക്കുന്നത്. തൊട്ടുമുമ്പത്തെ വർഷത്തിൽ പ്രതിദിനം ശരാശരി ആറ് ഉത്തരവുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ അസാധാരണ കുതിച്ചുചാട്ടം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 'സഹ്‌യോഗ് ' പോർട്ടൽ വഴിയാണ് ഇവയിൽ ഭൂരിഭാഗം ഉത്തരവുകളും നൽകിയിട്ടുള്ളത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 69A പ്രകാരമുള്ള പരമ്പരാഗത ബ്ലോക്കിങ് അധികാരങ്ങൾക്ക് പകരം, ഇടനിലക്കാരുടെ നിയമപരിരക്ഷയുമായി ബന്ധപ്പെട്ട സെക്ഷൻ 79(3)(b) മുൻനിർത്തിയാണ് ഈ നിർദ്ദേശങ്ങൾ ഭൂരിഭാഗവും നൽകിയിരിക്കുന്നത്. ലഭിച്ച ആകെ ഉത്തരവുകളിൽ പത്തിൽ ഒൻപതും (90%) മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകൾക്കാണ്. ഇൻസ്റ്റാഗ്രാം പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഏകദേശം 1,00,000 ഉത്തരവുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ആകെ എണ്ണത്തിന്റെ പകുതിയിലേറെ വരും.
ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ഏകദേശം 80,000 ഉത്തരവുകളും യൂട്യൂബ് സംബന്ധിയായ 15,000-ഓളം ഉത്തരവുകളും ഇതോടു അനുബന്ധമായി ഉണ്ടായിട്ടുണ്ട്.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ നിയമവിരുദ്ധവും സുരക്ഷാ ഭീഷണിയുയർത്തുന്നതുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾക്കും സർക്കാർ വകുപ്പുകൾക്കും ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ നോട്ടീസ് അയക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ച കേന്ദ്രീകൃത സംവിധാനമാണ് 'സഹ്‌യോഗ് '. എല്ലാ പ്രധാന സോഷ്യൽ മീഡിയ കമ്പനികളും ഈ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു സിംഗിൾ ബ്ലോക്കിങ് ഉത്തരവിൽ നൂറുകണക്കിന് അക്കൗണ്ടുകളോ പോസ്റ്റുകളോ ഉൾപ്പെടാം എന്നതിനാൽ, നീക്കം ചെയ്യപ്പെട്ട യഥാർത്ഥ ഉള്ളടക്കങ്ങളുടെ എണ്ണം ലക്ഷക്കണക്കിന് വരും.
2026 ഫെബ്രുവരിയിൽ കേന്ദ്ര ഐ.ടി മന്ത്രാലയം നടപ്പിലാക്കിയ ഭേദഗതി പ്രകാരം, സർക്കാർ നോട്ടീസ് ലഭിച്ചാൽ ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി മുൻപുണ്ടായിരുന്ന 24-36 മണിക്കൂറിൽ നിന്ന് വെറും രണ്ട് മുതൽ മൂന്ന് മണിക്കൂറായി വെട്ടിച്ചുരുക്കി. ഇന്ത്യയിലെ കോടിക്കണക്കിന് ഉപയോക്താക്കളിൽ നിന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഓരോ പോസ്റ്റും പരിശോധിച്ച് നടപടിയെടുക്കുക അസാധ്യമായതിനാൽ, മെറ്റ തങ്ങളുടെ സിസ്റ്റത്തെ സഹ്‌യോഗ് പോർട്ടലുമായി എപിഐ വഴി നേരിട്ട് ബന്ധിപ്പിച്ചു. ഇതോടെ സർക്കാർ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന ലിങ്കുകൾ യാതൊരുവിധ മാനുഷിക ഇടപെടലുകളോ നിയമപരിശോധനയോ ഇല്ലാതെ തനിയെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന സ്ഥിതിയായി.
സെക്ഷൻ 69A വിട്ട് സെക്ഷൻ 79(3)(b) ആശ്രയിക്കുന്നത് എന്തുകൊണ്ട്?: സെക്ഷൻ 69A പ്രകാരം ഉള്ളടക്കം ബ്ലോക്ക് ചെയ്യുമ്പോൾ പ്രത്യേക സമിതിയുടെ പരിശോധനയും കാരണങ്ങളുടെ ലിഖിതമായ സമർപ്പണവും ആവശ്യമാണ്. എന്നാൽ സെക്ഷൻ 79(3)(b) പ്രകാരം നോട്ടീസ് അയക്കുമ്പോൾ അത്തരം നിയമാനുസൃത സമിതികളുടെ പരിശോധനകളില്ല. നോട്ടീസ് അനുസരിച്ചില്ലെങ്കിൽ പ്ലാറ്റ്‌ഫോമുകൾക്ക് യൂസർ കണ്ടന്റുകൾക്കുള്ള നിയമപരിരക്ഷ നഷ്ടപ്പെടുമെന്ന ഭയം കമ്പനികളെ യാതൊരു പരിശോധനയുമില്ലാതെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിർബന്ധിതരാക്കുന്നു.
2015-ലെ ചരിത്രപ്രസിദ്ധമായ ശ്രേയ സിംഗാൾ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയത് ഒരു കമ്പനിക്ക് ഉള്ളടക്കത്തെക്കുറിച്ച് കൃത്യമായ അറിവ് ലഭിച്ചതിന് ശേഷം മാത്രമേ നീക്കം ചെയ്യാൻ ബാധ്യതയുള്ളൂ എന്നാണ്. എന്നാൽ പൂർണ്ണമായും മെഷീനുകൾ നടത്തുന്ന ഓട്ടോമേറ്റഡ് നീക്കംചെയ്യലിൽ ഈ നിയമ തത്വം പാടെ ഇല്ലാതാകുന്നു. ആരുടെ പോസ്റ്റാണോ നീക്കം ചെയ്യപ്പെടുന്നത് ആ വ്യക്തിക്ക് കാരണം കാണിക്കൽ നോട്ടീസോ വിശദീകരണത്തിനുള്ള അവസരമോ ലഭിക്കുന്നില്ല. ഇന്ത്യയിൽ ഏത് ഏജൻസിയാണ് പോസ്റ്റ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടതെന്ന വിവരവും ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമുകൾ നൽകുന്നില്ല.
പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ദൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, സർക്കാരിന്റെ എഥനോൾ നയത്തിനെതിരായ വിമർശനങ്ങൾ, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ബ്ലോക്ക് ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. സൈബർ കുറ്റകൃത്യങ്ങളും വ്യാജവിവരങ്ങളും തടയേണ്ടത് അനിവാര്യമാണെങ്കിലും, നിയമപരമായ പരിശോധനകളില്ലാത്ത ഓട്ടോമേറ്റഡ് സെൻസർഷിപ്പ് പൗരന്മാരുടെ ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നാണ് നിയമവിദഗ്ദ്ധരും ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും ചൂണ്ടിക്കാണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates