'ലീലാ റോയിക്ക് ആളു തെറ്റുമോ?, അങ്ങനെയൊരു വിമാനം തകര്‍ന്നിട്ടില്ല, അതില്‍ നേതാജി മരിച്ചിട്ടുമില്ല'

നേതാജി തായ്വാനിലെ ഒരു വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ മരിച്ചെന്ന നുണ ലോകം ചുറ്റാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 81 വര്‍ഷം തികയുന്നു
Subhash Chandra Bose, Leela Roy
സുഭാഷ് ചന്ദ്രബോസ്, ലീലാ റോയ്‌ Wiki
Updated on
5 min read

ന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹേളികകളില്‍ ഒന്നാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ അന്ത്യം. നേതാജി തായ്വാനിലെ വിമാനാപകടത്തില്‍ മരിച്ചെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഇതു സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല താനും. അങ്ങനെയൊരു വിമാനാപകടത്തിന്റെ വിവരങ്ങളോ അതില്‍ നേതാജി ഉള്‍പ്പെട്ടിരുന്നെന്നു നിസ്സംശയം സ്ഥാപിക്കുന്ന വസ്തുകകളോ പൊതുമണ്ഡലത്തിലില്ല. പൊതുവിടത്തില്‍നിന്ന് അപ്രത്യക്ഷനായ നേതാജി ഉത്തരേന്ത്യയില്‍ സന്യാസിയായി കഴിഞ്ഞിരുന്നെന്നു വിശ്വസിക്കുന്നവരും ഏറെയാണ്. ഇതിനു ബലം പകരുന്ന വിവരങ്ങളാണ് സാമൂഹ്യ നിരീക്ഷകനായ ശ്രീജിത് പണിക്കര്‍ ഈ കുറിപ്പില്‍ പങ്കുവയ്ക്കുന്നത്. ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ സന്യാസിയായി ജീവിച്ച നേതാജിയെ ഉറ്റ സുഹൃത്ത് ലീലാ റോയി തിരിച്ചറിഞ്ഞിരുന്നെന്ന് ശ്രീജിത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം:

ലീലാ റോയിക്ക് ആളു തെറ്റുമോ?

1922ല്‍ ബംഗാളില്‍ ഒരു വലിയ പ്രളയമുണ്ടായി. അന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുകയായിരുന്നു സുഭാഷ് ചന്ദ്ര ബോസ്.

സുഭാഷിന്റെ അധ്യാപകനായിരുന്ന ഗിരീഷ് ചന്ദ്ര നാഗിന്റെ മകള്‍ ലീല നാഗ് ആ സമയം ധാക്ക സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയാണ്.

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ലീല പണവും വസ്തുക്കളും ശേഖരിച്ചു. സുഭാഷ് ധാക്കയില്‍ എത്തിയപ്പോള്‍ അവള്‍ അതെല്ലാം സുഭാഷിനെ നേരിട്ട് ഏല്പിച്ചു.

അടുത്ത വര്‍ഷം അവള്‍ ദീപാലി സംഘ എന്നൊരു സംഘടന രൂപീകരിച്ചു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, പ്രതിരോധം എന്നിവ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. പില്‍ക്കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിയായ പ്രീതിലത വദേദാര്‍ പരിശീലനം നേടിയത് ലീലയുടെ സംഘടനയില്‍ നിന്നായിരുന്നു.

വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവില്‍ വയ്ക്കാനും ബ്രിട്ടീഷ് പൊലീസിന് അധികാരം നല്‍കിയ ബംഗാള്‍ ഓര്‍ഡിനന്‍സ് പ്രകാരം ലീല 1931 മുതല്‍ 6 വര്‍ഷം ജയിലില്‍ കിടന്നു.

ലീല ജയില്‍ മോചിതയായതിനു പിന്നാലെ സുഭാഷ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആകുന്നു. ലീലയുടെ ദേശസ്‌നേഹവും സംഘടനാ മികവും സ്ത്രീസംരക്ഷണ പ്രവര്‍ത്തനങ്ങളും നന്നായി അറിയുന്ന സുഭാഷ് അവളെ ദേശീയ ആസൂത്രണ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നു. അതിന്റെ വനിതാ കമ്മിറ്റിയില്‍ ലീല അംഗമാകുന്നു.

1939ല്‍ ലീല വിപ്ലവകാരി അനില്‍ റോയിയെ വിവാഹം ചെയ്യുന്നു. അതോടെ ലീല നാഗ്, ലീല റോയ് എന്നറിയപ്പെടാന്‍ തുടങ്ങുന്നു.

ഇതിനിടെ സുഭാഷ് കോണ്‍ഗ്രസ് വിട്ട് ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിക്കുന്നു. അതോടെ ലീലയും അനിലും സുഭാഷിനൊപ്പം ഫോര്‍വേഡ് ബ്ലോക്കില്‍ സ്ഥാപകാംഗങ്ങളായി ചേരുന്നു.

1940ല്‍ സുഭാഷ് അറസ്റ്റിലായതോടെ പാര്‍ട്ടിയുടെ മുഖപ്രസിദ്ധീകരണമായ ഫോര്‍വേഡ് ബ്ലോക്ക് വാരികയുടെ എഡിറ്റര്‍ സ്ഥാനം ലീല ഏറ്റെടുക്കുന്നു.

123 ഇന്ത്യാക്കാരുടെ മരണത്തിനു കാരണമായ ബ്ലാക്ക് ഹോള്‍ സംഭവത്തിന്റെ സ്മാരകം കല്‍ക്കട്ടയില്‍ നിന്നും പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ലീല വീണ്ടും അറസ്റ്റ് വരിക്കുന്നു.

മോചിപ്പിക്കപ്പെട്ട ശേഷം ഫോര്‍വേഡ് ബ്ലോക്കിന്റെയും രഹസ്യ നീക്കങ്ങളുടെയും പൂര്‍ണ ചുമതല സുഭാഷ് ലീലയ്ക്കും അനിലിനും കൈമാറുന്നു.

അതിനു ശേഷം അവര്‍ തമ്മില്‍ കണ്ടിട്ടില്ല. തന്റെ അധ്യാപകന്റെ മകള്‍ എന്ന നിലയില്‍ സുഭാഷിന് ലീലയുമായി ഉണ്ടായിരുന്ന ചെറുപരിചയം 1922 മുതല്‍ വളര്‍ന്ന് ആത്മബന്ധമായി മാറുകയായിരുന്നു. രണ്ടു പതിറ്റാണ്ടോളം നീണ്ട വിശ്വാസം.

തീരെ സ്വകാര്യമായ സംഭാഷണങ്ങളിലും കത്തിടപാടുകളിലും ലീലയെ ''ലീ'' എന്നായിരുന്നു സുഭാഷ് വിളിച്ചിരുന്നത്. ലീലയെ അങ്ങനെ മറ്റാരും വിളിച്ചിരുന്നില്ല.

1941ല്‍ അത്ഭുതകരമായി വീട്ടുതടങ്കലില്‍ നിന്നും രക്ഷപെട്ട് സുഭാഷ് അഫ്ഗാനിസ്ഥാന്‍, സോവിയറ്റ് യൂണിയന്‍ വഴി ജര്‍മനിയിലും പിന്നീട് ജപ്പാനിലും എത്തി. വിദേശത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഇന്ത്യന്‍ ലീജിയന്‍, ആസാദ് ഹിന്ദ് സര്‍ക്കാര്‍. ഐഎന്‍എയുടെ സാരഥ്യം ഏറ്റെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജപ്പാനുമായി ചേര്‍ന്ന് യൂ-ഗോ ഒഫന്‍സീവ് എന്ന സായുധ പോരാട്ടം നടത്തി. ഇതിനിടെ സുഭാഷ്, നേതാജി എന്നറിയപ്പെടാന്‍ തുടങ്ങി.

1942. ഇന്ത്യയില്‍ ക്വിറ്റ് ഇന്ത്യ സമരം നടക്കുന്നു. ഫോര്‍വേഡ് ബ്ലോക്ക് വാരികയിലും ജയശ്രീ വാരികയിലും എഴുതിയ ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങളുടെ പേരില്‍ ലീല വീണ്ടും അറസ്റ്റില്‍. നാലു കൊല്ലം ജയിലില്‍.

ലീല ജയിലില്‍ കിടക്കുമ്പോള്‍ 1945 ഓഗസ്റ്റ് 23ന് ദാരുണമായ ആ വാര്‍ത്തയെത്തി. 5 ദിവസം മുന്‍പ് ഓഗസ്റ്റ് 18ന് തായ്വാനിലെ ഒരു വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്തരിച്ചു!

ഇന്ത്യയില്‍ തീരാദുഃഖം. നിയന്ത്രണത്തിന്റെ അണപൊട്ടി തേങ്ങിത്തളര്‍ന്ന് സ്വാതന്ത്ര്യസമര പോരാളികള്‍, വിപ്ലവകാരികള്‍, സാധാരണക്കാര്‍.

1946ല്‍ ലീല ജയിലില്‍ നിന്നും പുറത്തേക്ക്. അപ്പോഴേക്കും നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന സാഹചര്യമായി. രാജ്യത്തിന്റെ ഭരണഘടനാ നിര്‍മ്മാണ അസംബ്ലിയിലേക്ക് ലീല തിരഞ്ഞെടുക്കപ്പെടുന്നു. എന്നാല്‍ ഇന്ത്യാ വിഭജനത്തോടുള്ള കടുത്ത എതിര്‍പ്പ് വ്യക്തമാക്കി ലീല രാജിവച്ച് ഒഴിയുന്നു.

ശേഷം മതകലാപം ആളിക്കത്തിയ നവ്ഖാലിയിലേക്ക്. ഗാന്ധിജി എത്തുന്നതിനും വളരെ മുന്‍പേതന്നെ കലാപത്തിന്റെ ഇരകളെ സംരക്ഷിക്കാന്‍ ലീല എത്തി. അക്രമത്തില്‍ നിന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്നും 400 സ്ത്രീകളെ ലീല നേരിട്ട് രക്ഷപെടുത്തി.

പിന്നീട് കല്‍ക്കട്ടയിലേക്ക് മാറിയ ലീല അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായതോടെ കൂടുതല്‍ സ്ത്രീസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. സ്ത്രീ ശാക്തീകരണത്തിനും പൗരാവകാശ സംരക്ഷണത്തിനും ലീല പുതിയൊരു സംഘടന ആരംഭിച്ചു.

1952ല്‍ അനില്‍ അന്തരിച്ചു. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. ഫോര്‍വേഡ് ബ്ലോക്കും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ലയിക്കുന്ന സാഹചര്യം വന്നു. അപ്പോഴും ലീല സജീവ രാഷ്ട്രീയത്തില്‍ തുടര്‍ന്നു.

1962ല്‍ തന്റെ 62ആം വയസ്സില്‍ പൊടുന്നനെ ലീല സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ മനം നൊന്ത് ലീല രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്നായിരുന്നു പുറത്തു കേട്ടത്.

സത്യത്തില്‍ അതായിരുന്നോ കാരണം?

ഇക്കാലയളവില്‍ മറ്റൊരു പ്രധാന സംഭവം ലീലയുടെ ജീവിതത്തില്‍ ഉണ്ടായി.

ലീലയുടെ രാഷ്ട്രീയത്തെയും ജീവിതത്തെ തന്നെയും മാറ്റിമറിച്ച ഒരു സംഭവം.

1962ല്‍ ലീലയുടെ സുഹൃത്ത് പ്രൊഫസര്‍ അതുല്‍ സെന്നിന് ഒരു രഹസ്യ വിവരം ലഭിച്ചു. പഴയ ചില വിപ്ലവകാരികളില്‍ നിന്നാണ് വിവരം ലഭിക്കുന്നത്: ഉത്തര്‍ പ്രദേശിലെ നീംസാറിലെ ഒരു പഴയ ക്ഷേത്രത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ഒരു സന്യാസി അതിനിഗൂഢമായി താമസിക്കുന്നു. സന്യാസി ആരെന്നതിനെ കുറിച്ച് അവര്‍ക്ക് ചില സംശയങ്ങള്‍ ഒക്കെയുണ്ട്.

കിട്ടിയ വിവരം സ്ഥിരീകരിച്ച സെന്‍ ഉടന്‍ കല്‍ക്കട്ടയ്ക്ക് തിരിച്ചു. ആ വിവരം ഐഎന്‍എ രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന പബിത്ര മോഹന്‍ റോയിയെ അറിയിച്ചു.

വിവരമറിഞ്ഞ് അത്ഭുതപ്പെട്ട പബിത്ര സന്യാസിയെ തേടിപ്പിടിച്ചു. അദ്ദേഹം ആരാണെന്ന് നേരില്‍ ബോധ്യപ്പെട്ടു. അപ്പോള്‍ സന്യാസി തനിക്ക് അടിയന്തരമായി ആവശ്യമുള്ള വസ്തുക്കളുടെ ഒരു ലിസ്റ്റ് പബിത്രയ്ക്ക് കൈമാറി. അതുമായി പബിത്ര നേരേ പോയത് ലീലയെ കാണാന്‍.

അങ്ങനെ പബിത്രയില്‍ നിന്ന് ലീല ആ വിവരം അറിഞ്ഞു:

'നീംസാറിലെ ശിവാലയ ക്ഷേത്രത്തില്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ലീലയുടെ ഒരു പഴയ സുഹൃത്ത് അതീവ രഹസ്യമായി കഴിയുന്നു!''

ആ സുഹൃത്തുമായുള്ള ബന്ധം നഷ്ടപ്പെട്ട് 17 വര്‍ഷത്തിനു ശേഷം.

വിവരമറിഞ്ഞ് സ്തബ്ധയായ ലീല പബിത്ര കൈമാറിയ ലിസ്റ്റ് തുറന്നു. കയ്യക്ഷരം കണ്ട് ഞെട്ടി. തന്റെ സുഹൃത്തിന്റെ അതേ കൈപ്പട. സന്തോഷവും സങ്കടവും ഒന്നിച്ചുവന്ന ലീല ഒരു കാര്യം തീരുമാനിച്ചു. സന്യാസി ചോദിച്ച വസ്തുക്കള്‍ ആദ്യം സംഭരിക്കണം. ശേഷം നീംസാറില്‍ പോകണം. ആള്‍ ആരെന്ന് നേരിട്ട് ഉറപ്പിക്കണം.

അങ്ങനെ 1963 ജനുവരി മാസത്തില്‍ ലീല താന്‍ സംഭരിച്ച വസ്തുക്കളുമായി രഹസ്യമായി നീംസാറില്‍ പോകുന്നു. സന്യാസിയെ കാണുന്നു.

സന്യാസി ലീലയെ സംബോധന ചെയ്തു: 'My dear, Lee...'

ലീലക്ക് സംശയം മാറി. ആളെ നേരിട്ടുകണ്ട് ബോധ്യപ്പെട്ടു. ആശങ്ക ആഹ്ലാദത്തിനു വഴിമാറി. പഴയ കാര്യങ്ങള്‍ ഉള്‍പ്പടെ സംസാരിച്ചു. സന്യാസിക്കൊപ്പം 10 ദിവസം ലീല താമസിച്ചു.

അറിഞ്ഞ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന് സന്യാസി ലീലയോടു പറഞ്ഞു.

തിരികെ കല്‍ക്കട്ടയിലെത്തിയ ലീല ഒരാള്‍ക്കു മാത്രം കത്തെഴുതി. സുഭാഷിന്റെ ഏറ്റവും പ്രിയപ്പെട്ട ബാല്യകാല സുഹൃത്ത് ദിലീപ് കുമാര്‍ റോയിക്ക്. കത്തിലെ വാചകങ്ങള്‍ ഇത്രമാത്രം: ''നിങ്ങളുടെ സുഹൃത്ത് ജീവനോടെയുണ്ട്; ഇന്ത്യയില്‍ തന്നെ.''

പിന്നീട് 1970ല്‍ തന്റെ മരണം വരെ സന്യാസിക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതില്‍ മാത്രമായി ലീലയുടെ ശ്രദ്ധ. ലീലയുടെ മരണം സന്യാസിക്ക് വലിയ ആഘാതമായിരുന്നു.

1985ല്‍ സന്യാസിയുടെ മരണശേഷം അദ്ദേഹത്തിന്റെ പെട്ടിയില്‍ നിന്ന് ലീലയുടെ നിരവധി കത്തുകള്‍ കണ്ടെടുത്തു. അവയൊക്കെ ഇപ്പോള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പക്കലാണ്.

ആരായിരുന്നു ലീല?

നിസ്സാരക്കാരി ആയിരുന്നില്ല.

രണ്ട് പതിറ്റാണ്ടിനു മുകളില്‍ നേതാജിയുമായുള്ള ബന്ധം. ഒരുമിച്ചുള്ള പ്രവര്‍ത്തനം. ശക്തമായ വ്യക്തിബന്ധം, കുടുംബബന്ധം.

നേതാജിയുടെ, നേതാജി നിശ്ചയിച്ച പിന്‍ഗാമി.

കല്‍ക്കട്ട ബേഥൂന്‍ കോളേജില്‍ നിന്നും പദ്മാബതി സ്വര്‍ണ്ണമെഡലും ക്യാഷ് അവാര്‍ഡും നേടി ബിഎ ഇംഗ്ലീഷ് ബിരുദം.

ധാക്ക സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ വിദ്യാര്‍ത്ഥിനി.

ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരി.

10 വര്‍ഷത്തിലധികം ജയില്‍ വാസം.

നവ്ഖാലിയില്‍ കാല്‍നടയായി 145 കിലോമീറ്റര്‍ താണ്ടി 17 ദുരന്തനിവാരണ ക്യാമ്പുകള്‍ തുറന്ന വനിത.

ഭരണഘടനാ നിര്‍മ്മാണ അസംബ്ലിയിലെ ബംഗാളില്‍ നിന്നുള്ള ഏക വനിത.

2008ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹോളില്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിങ് ലീലയുടെ ഛായാചിത്രം സ്ഥാപിച്ചു.

രണ്ടു പതിറ്റാണ്ട് നേതാജിയെ അടുത്തറിഞ്ഞ, അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ലീലയ്ക്ക് ഉറപ്പാണെങ്കില്‍ പിന്നെ സംശയിക്കേണ്ടതില്ല:

ഭഗ്വാന്‍ജി എന്ന വിളിപ്പേരുണ്ടായിരുന്ന, മഹാകാല്‍ എന്നു സ്വയം വിളിച്ചിരുന്ന, ഗുംനാമി ബാബയെന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ആ സന്യാസി. അത് ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ക്ക് വിപ്ലവാഗ്‌നിയും സായുധച്ചിറകുകളും നല്‍കിയ സാക്ഷാല്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് തന്നെയായിരുന്നു.

നേതാജി തായ്വാനിലെ ഒരു വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ മരിച്ചെന്ന നുണ ലോകം ചുറ്റാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 81 വര്‍ഷം തികയുന്നു.

എന്താണ് സത്യം?

അങ്ങനെയൊരു വിമാനം തകര്‍ന്നിട്ടില്ല. വിമാനാപകടത്തിന്റെ പത്രവാര്‍ത്തയില്ല. തകര്‍ന്ന വിമാനത്തിന്റെ ചിത്രമില്ല. തകര്‍ന്നുവീണ വിമാനത്താവളത്തില്‍ അപകടത്തിന്റെ രേഖയില്ല. നേതാജിയെ ചികിത്സിച്ച ആശുപത്രിയില്‍ ചികിത്സാ രേഖയില്ല. മൃതശരീരം നേരിട്ട് കണ്ടവരില്ല. മൃതശരീരത്തിന്റെ ചിത്രമില്ല. മരണ സര്‍ട്ടിഫിക്കറ്റില്ല. ശരീരം സംസ്‌കാരം ചെയ്തയിടത്ത് നിയമപ്രകാരം വേണ്ടിയിരുന്ന രേഖയില്ല. ചിതാഭസ്മം ടോക്യോയിലേക്ക് എത്തിച്ചതിന് തെളിവില്ല. അപകടത്തില്‍ ഒപ്പം മരിച്ച മൂന്ന് ജപ്പാന്‍കാരുടെ വിവരങ്ങളില്ല. അതിലൊരാള്‍ ജപ്പാനിലെ മിലിട്ടറി ജനറല്‍ ആയിരുന്നു എന്നോര്‍ക്കണം.

അപകടത്തില്‍ ഒപ്പമുണ്ടായിരുന്നെന്ന് അവകാശപ്പെട്ട ഹബീബൂര്‍ റഹ്മാന്റെ വാക്കുകള്‍ വിദേശ അന്വേഷണ സംഘങ്ങള്‍ വിശ്വസിച്ചില്ല. ചികിത്സിച്ചെന്ന് അവകാശപ്പെട്ട ഡോ. തനിയോഷി യോഷിമി പറഞ്ഞത് നുണയെന്ന് തെളിഞ്ഞു. നേതാജി മരിച്ച് 40 കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചികിത്സയുടെ വ്യാജരേഖ നിര്‍മ്മിച്ചു. നേതാജിയുടെ മരണ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി. എന്നാല്‍ അതിലെ പേര് തിരുത്താന്‍ വിട്ടുപോയി. അതിപ്പോഴും ഇച്ചിറോ ഒക്കൂറ എന്ന മറ്റൊരാളുടെ പേരിലാണ്. വിമാനാപകടത്തില്‍ നേതാജിക്കൊപ്പം മരിച്ച ജാപ്പനീസ് ജനറല്‍ സനമാസ ഷിദേയ് പിന്നീടൊരിക്കല്‍ തെക്കന്‍ ചൈനാ കടലിനു മുകളില്‍ ചൈനീസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ചൈനീസ് ചരിത്രകാരന്‍മാര്‍ പറയുന്നു.

ദൈവത്തിന്റെ ഒരു കയ്യൊപ്പല്ല, അനേകമനേകം കയ്യൊപ്പാണ് നേതാജി മരിച്ചില്ല എന്നതിന്റെ തെളിവ്. മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ആധികാരികമായി തെളിയിച്ച ജസ്റ്റിസ് മനോജ് കുമാര്‍

മുഖര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട് യാതൊരു കാരണവും പറയാതെ നിരസിച്ച്, നേതാജി വിമാനാപകടത്തില്‍ മരിച്ചെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച സര്‍ക്കാരുകള്‍ ഉള്ള രാജ്യമാണ് നമ്മുടേത്.

സന്യാസിയുടെ കൈപ്പടയും നേതാജിയുടെ കൈപ്പടയും ഒരാളിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും സര്‍ക്കാരുകള്‍ക്ക് നിസ്സംഗത മാത്രം.

ലളിതമായി പറഞ്ഞാല്‍, നേതാജിയെ കുറിച്ചുള്ള പരമമായ സത്യം ഉറങ്ങുന്നത് തായ്വാനിലല്ല. ടോക്യോയിലല്ല. റഷ്യയിലുമല്ല. അത് നീംസാറിലാണ്. ബസ്തിയിലാണ്. സീതാപൂരിലാണ്. ലക്‌നൗവിലാണ്. ഫൈസാബാദിലാണ്. അയോധ്യയിലാണ്. ഡോഗ്രാ റെജിമെന്റിന്റെ ആസ്ഥാനത്ത് കണ്ടോണ്‍മെന്റ് ഏരിയയിലാണ്. ഠാക്കൂര്‍ ശക്തി സിങ്ങിന്റെ റാംഭവന്‍ എന്ന വീടിന്റെ ഔട്ട്ഹൗസിലാണ്. സരയൂ നദീതീരത്ത് ശ്രീരാമന്‍ ദേഹത്യാഗം ചെയ്‌തെന്ന് വിശ്വസിക്കപ്പെടുന്ന ഗുപ്താര്‍ ഘാട്ടിലെ അന്ത്യവിശ്രമ സ്ഥലത്താണ്.

കണ്ടോണ്‍മെന്റ് ഏരിയയില്‍, ഗുപ്താര്‍ ഘാട്ടില്‍ സന്യാസിയുടെ അനുയായികള്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചിട്ടോ അവിടെ ശക്തി സിങ് ഒരു കുടീരം നിര്‍മ്മിച്ചിട്ടോ പട്ടാളം പ്രശ്‌നമുണ്ടാക്കിയില്ല. ഇപ്പോഴും അവിടെ ആള്‍ക്കാര്‍ വരും, ഉപചാരം അര്‍പ്പിക്കും, പോകും. പട്ടാളം ഇടപെടാറില്ല.

റാംഭവനില്‍ പോയിട്ടുള്ള, ഗുപ്താര്‍ ഘാട്ടില്‍ പോയി ആദരം അര്‍പ്പിച്ചിട്ടുള്ള, ശക്തി ഭായിയുടെ സുഹൃത്തായ എനിക്ക് നേരിട്ട് അറിയുന്ന കാര്യങ്ങളാണിത്.

എട്ടൊന്‍പത് വര്‍ഷം മുന്‍പ് നടന്നൊരു സംഭവം പറഞ്ഞ് അവസാനിപ്പിക്കാം. ആരാലും അറിയപ്പെടാത്ത ഈ സന്യാസിയെ കുറിച്ച് ഗവേഷണം ചെയ്ത് എന്റെ സുഹൃത്ത് അധീര്‍ സോംവന്‍ഷി ഒരു പുസ്തകമെഴുതി. ലക്‌നൗവില്‍ ആയിരുന്നു പ്രകാശന ചടങ്ങ്. അധീര്‍ എന്നെ ക്ഷണിച്ചു. പ്രകാശനത്തിനു വന്നാല്‍ ഖവാലി നേരിട്ട് ആസ്വദിക്കാം എന്നു പറഞ്ഞു. ഒപ്പം ഒരു സര്‍പ്രൈസും ഉണ്ടാകുമെന്ന്.

എന്നാല്‍ എനിക്ക് അന്നു പോകാന്‍ കഴിയുമായിരുന്നില്ല. ചെല്ലാതെ സര്‍പ്രൈസ് എന്തെന്ന് പറയില്ലെന്ന് അധീര്‍. അങ്ങനെ സര്‍പ്രൈസ് എന്തെന്നറിയാന്‍ ഞാന്‍ പുസ്തക പ്രകാശന ദിവസം വരെ കാത്തിരുന്നു. അന്ന് അധീര്‍ എനിക്കൊരു ചിത്രം അയച്ചു തന്നു. അതായിരുന്നത്രേ സര്‍പ്രൈസ്.

ആരാലും അറിയാത്ത, തീരെ 'അപ്രസക്തനായ', ഒരാളെയും തന്റെ മുഖം കാണാന്‍ അനുവദിക്കാത്ത, ഒരാളുമായും സൗഹൃദത്തിന് പോകാതിരുന്ന, ഉറ്റവരോട് ഒരു കര്‍ട്ടന്റെ മറവില്‍ നിന്നു മാത്രം സംസാരിക്കുമായിരുന്ന, അടിക്കടി വീടുമാറി താമസിച്ചിരുന്ന, നേതാജിയുടെ തിരോധാന വാര്‍ത്തകള്‍ സൂക്ഷിച്ചു വച്ചിരുന്ന, രണ്ടാം ലോകമഹായുദ്ധ കാലത്തെ ജര്‍മ്മന്‍ ബൈനോക്കുലറും സ്‌മോക്കിങ് പൈപ്പും ക്രോക്കറിയും അടക്കമുള്ള വസ്തുക്കള്‍ കൈവശം വച്ചിരുന്ന, വായിച്ച പുസ്തകങ്ങളുടെ മാര്‍ജിനില്‍ താനാണ് നേതാജിയെന്ന മട്ടില്‍ ചെറു കുറിപ്പുകള്‍ എഴുതിയിരുന്ന, നേതാജിയുടെ അച്ഛന്റെ ശീലക്കുട ദിവ്യമായി സൂക്ഷിച്ചിരുന്ന, നേതാജിയുടെ കല്‍ക്കട്ടയിലെ സഹോദരന് വന്ന കത്തുകള്‍ ഫൈസാബാദിലെ തന്റെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന, ഡിക്കന്‍സിന്റെയും വുഡ്ഹൗസിന്റെയും പുസ്തകങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പുസ്തകങ്ങളും ശേഖരിച്ചിരുന്ന, ഒമേഗ, റോളക്‌സ് വാച്ചുകളും വട്ടക്കണ്ണടയും എംപയര്‍ കൊറോണ ടൈപ്പ് റൈറ്ററും ഹിറ്റാച്ചി മൈക്രോ റെക്കോഡിങ് കാസറ്റും ജില്ലറ്റ് സേഫ്റ്റി റേസറും ഉപയോഗിച്ചിരുന്ന, ഐഎന്‍എ യൂണിഫോം പവിത്രമായി സൂക്ഷിച്ചിരുന്ന, കാളിയുടെ ചിത്രവും ദേശീയ പതാകയും ആരാധിച്ചിരുന്ന ആ സന്യാസിയെ കുറിച്ചെഴുതിയ അധീറിന്റെ പുസ്തകത്തിന്റെ പ്രകാശനം കാണാനെത്തിയ ഉപീന്ദര്‍ സിങ് എന്ന സ്ത്രീയുടെ ചിത്രം.

പ്രൊഫസര്‍.

ചരിത്രകാരി.

ഡോ. മന്മോഹന്‍ സിങ്ങിന്റെ മകള്‍.

Subhash Chandra Bose, Leela Roy
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കിവിടാം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി
Subhash Chandra Bose, Leela Roy
സ്മൃതി ഇറാനി കം ബാക്ക്; ദേശീയ ഭാരവാഹി പട്ടികയില്‍ സ്ത്രീ തിളക്കം; പട്ടികയില്‍ രണ്ട് മുസ്ലീങ്ങളും
Subhash Chandra Bose, Leela Roy
ആനത്താരകള്‍ തടസപ്പെടുത്തരുത്; അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി
Summary

Prominent freedom fighter and close associate Leela Roy believed and acted upon the conviction that Gumnami Baba (also known as Bhagwanji) was Netaji Subhas Chandra Bose, maintaining secret contact and providing provisions to him from 1963 until her death in 1970.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com