ന്യുഡല്‍ഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് ഇന്ത്യ കര്‍ക്കശമായി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനിച്ചു. പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്ന് ഉറപ്പാക്കാന്‍ മൂന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ചതായും യോഗത്തിന് ശേഷം ജലവിഭവ മന്ത്രി സിആര്‍ പാട്ടില്‍ പറഞ്ഞു
പാകിസ്ഥാനിലേക്ക് ജലവിതരണം നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹ്രസ്വ, മധ്യ, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു. സിന്ധു നദിയിലെ വെള്ളം തടയാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനൊപ്പം നദികള്‍ വഴി തിരിച്ചുവിടുമെന്നും നദികളിലെ ചെളി നീക്കുന്നതിന് നടപടിയെടുക്കുമെന്നും സിആര്‍ പാട്ടില്‍ പറഞ്ഞു.
സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. കരാര്‍ മരവിപ്പിക്കുന്നത് മധ്യസ്ഥത വഹിച്ച ലോക ബാങ്കിനെ അറിയിക്കും. കരാറില്‍ പരാമര്‍ശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ ശേഷി ഉയര്‍ത്താനും യോഗത്തില്‍ തീരുമാനമായി. അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ജലവിഭവ മന്ത്രി സിആര്‍ പാട്ടീല്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരാണ് പങ്കെടുത്തത്.
കരാര്‍ മരവിപ്പിക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാനെ അറിയിച്ചിരുന്നു. അതേസമയം, നദികളുടെ കുറുകെയുള്ള അണക്കെട്ടുകള്‍ ഉപയോഗിച്ച് ജലത്തിന്റെ ഒഴുക്ക് തടയുകയാണെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാവും എന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates