Indian Railway  Pinterest
India

യാത്രക്കാരുടെ കാത്തിരിപ്പ് വെറുതെയാകുന്നു! ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെടാത്തതിനാൽ കഴിഞ്ഞ വർഷം യാത്ര മുടങ്ങിയത് 3.39 കോടി പേർക്ക്

സ്ലീപ്പർ ക്ലാസ്സിലും എസി കോച്ചുകളിലും വെയിറ്റ്‌ലിസ്റ്റ് ദുരിതം; കഴിഞ്ഞ 5 വർഷത്തിനിടെ യാത്ര മുടങ്ങിയവരുടെ എണ്ണത്തിൽ വൻ വർദ്ധന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുമ്പോഴും ടിക്കറ്റ് സ്ഥിരീകരിക്കപ്പെടാത്തതിനെ തുടർന്ന് (Waitlist non-confirmation) യാത്ര ഉപേക്ഷിക്കേണ്ടി വരുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. 2025-26 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസം വരെയുള്ള കണക്കുകൾ പ്രകാരം 3.39 കോടി യാത്രക്കാർക്കാണ് വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെടാത്തതിനാൽ യാത്ര ചെയ്യാൻ കഴിയാതെ പോയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

ഭോപ്പാൽ സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ഗൗർ നൽകിയ അപേക്ഷയ്ക്ക് റെയിൽവേ മന്ത്രാലയം നൽകിയ മറുപടിയിലാണ് യാത്രക്കാരുടെ ഈ ദുരിതപർവ്വം വ്യക്തമാകുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് മുൻപുള്ള ചാർട്ട് തയ്യാറാക്കുമ്പോഴും സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിൽ അവ സ്വയമേവ റദ്ദാക്കപ്പെടും. ഇത്തരത്തിൽ യാത്ര നിഷേധിക്കപ്പെടുന്നവരുടെ എണ്ണം ഓരോ വർഷവും ക്രമാതീതമായി കൂടുകയാണ്.

വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ റെയിൽവേയുടെ ടിക്കറ്റ് സ്ഥിരീകരണ സംവിധാനത്തിലെ പോരായ്മകൾ പ്രകടമാണ്:

2021-22: 1.65 കോടി യാത്രക്കാർ

2022-23: 2.72 കോടി യാത്രക്കാർ

2023-24: 2.96 കോടി യാത്രക്കാർ

2024-25: 3.27 കോടി യാത്രക്കാർ

2025-26 (ഏപ്രിൽ വരെ): 3.39 കോടി യാത്രക്കാർ

വെറും നാല് വർഷം കൊണ്ട് യാത്ര മുടങ്ങിയവരുടെ എണ്ണം ഇരട്ടിയിലധികമായി വർദ്ധിച്ചുവെന്നത് ആശങ്കാജനകമാണ്.

ഏറ്റവും കൂടുതൽ തിരിച്ചടി സാധാരണക്കാർക്ക്

വിവരവാകാശ രേഖകൾ പ്രകാരം സ്ലീപ്പർ ക്ലാസ്സിലും എസി 3 ടയറിലുമാണ് (3AC) ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെടാതെ പോകുന്നത്. സ്ലീപ്പർ ക്ലാസ്സിൽ മാത്രം 1.05 കോടി പിഎൻആറുകളാണ് (PNR) സ്വയമേവ റദ്ദാക്കപ്പെട്ടത്. എസി 3 ടയറിൽ 74.55 ലക്ഷം യാത്രക്കാർക്ക് ടിക്കറ്റ് ലഭിച്ചില്ല. എസി 2 ടയറിൽ 24.21 ലക്ഷം പേർക്കും ഫസ്റ്റ് ക്ലാസ് എസിയിൽ 3.85 ലക്ഷം പേർക്കും യാത്ര മുടങ്ങി.

തിരക്കേറിയ റൂട്ടുകളിൽ മതിയായ ട്രെയിനുകൾ അനുവദിക്കാത്തതും ഉള്ള ട്രെയിനുകളിൽ തന്നെ ബെർത്തുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയാത്തതുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ചന്ദ്രശേഖർ ഗൗർ ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യം കിട്ടി 78 വർഷം കഴിഞ്ഞിട്ടും സാധാരണക്കാർക്ക് ഒരു ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാൻ റെയിൽവേയ്ക്ക് കഴിയുന്നില്ലെന്നത് ഗൗരവകരമായ വിഷയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരിഹാരമില്ലാത്ത വെയിറ്റ്‌ലിസ്റ്റ് ദുരിതം

യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായി ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തതാണ് പ്രധാന പ്രശ്നം. ഉത്സവ സീസണുകളിലും അവധിക്കാലത്തും സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാറുണ്ടെങ്കിലും അത്യാവശ്യ യാത്രകൾക്കായി ട്രെയിനിനെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും 'കൺഫേംഡ്' ടിക്കറ്റ് എന്നത് ഒരു ഭാഗ്യപരീക്ഷണം മാത്രമായി തുടരുന്നു. റെയിൽവേ നവീകരണത്തെക്കുറിച്ച് വാചാലരാകുമ്പോഴും അടിസ്ഥാന ആവശ്യമായ ടിക്കറ്റ് സ്ഥിരീകരണത്തിൽ റെയിൽവേ പരാജയപ്പെടുകയാണെന്നാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

English Summary: Over 3.39 crore passengers missed their journey in FY 2025-26 due to non-confirmation of waitlisted tickets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ഈ മൂന്നു പേരല്ലാതെ പിന്നെയാര്? സാധ്യത തേടി രാഹുല്‍ ഗന്ധി, തിരക്കിട്ട ചര്‍ച്ച

പൂമുഖത്ത് വന്ന് ഉദയനിധിയുടെ ആലിംഗനം; സ്റ്റാലിനെ കാണാന്‍ വീട്ടിലത്തി വിജയ്; പൊന്നാടയും പൂച്ചെണ്ടുമായി വരവേല്‍പ്പ്

വേനലിലും ഫിറ്റ്നസ് തുടരാം; പക്ഷേ ഈ കാര്യങ്ങൾ സൂക്ഷിക്കണം

'14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കണം'; ഹര്‍ജി കേന്ദ്രത്തിന് വിട്ട് സുപ്രീംകോടതി

37 ലക്ഷം രൂപ വില, അഡാസ് ഫീച്ചര്‍; പുതിയ സ്‌കോഡ കോഡിയാക് വിപണിയില്‍

SCROLL FOR NEXT