ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള പോത്തിറച്ചി കയറ്റുമതി മേഖലയില്‍ സുതാര്യത വര്‍ധിപ്പിക്കുന്നതിനും മായം ചേര്‍ക്കല്‍ തടയുന്നതിനുമായി ആധുനിക ഡിഎന്‍എ അധിഷ്ഠിത പിസിആര്‍ പരിശോധന നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
പശുവിറച്ചി നിരോധനം നിലനില്‍ക്കുന്ന മേഖലകളില്‍നിന്ന് കയറ്റുമതി ചെയ്യുന്ന പോത്തിറച്ചിയില്‍ പശുവിറച്ചി കലര്‍ത്തുന്നുണ്ടോ എന്ന ആശങ്കകള്‍ക്ക് ശാസ്ത്രീയമായി പരിഹാരം കാണാനാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബിഐഎസ്) പരിശോധന.
പ്രോസസ് ചെയ്തതോ ചെറുതായി അരിഞ്ഞതോ ആയ മാംസം കാഴ്ചയില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. രാജ്യാന്തര തലത്തില്‍ മൃഗങ്ങളുടെ ഇനം കൃത്യമായി ഉറപ്പാക്കാന്‍ ഡിഎന്‍എ/പിസിആര്‍ പരിശോധനയാണ് ഉപയോഗിക്കുന്നത്. നിലവിലുള്ള രാജ്യാന്തര ഐഎസ്ഒ മാനദണ്ഡങ്ങളില്‍ പോത്തിന്റെ ഡിഎന്‍എ വേര്‍തിരിച്ചറിയാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് ഇന്ത്യ സ്വന്തമായി പുതിയ ദേശീയ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോത്തിറച്ചി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഡിഎന്‍എ അധിഷ്ഠിത പിസിആര്‍ പരിശോധന എന്താണ്?
ഭക്ഷണ പദാര്‍ഥങ്ങളിലെ തനതായ ജനിതക ഘടന വിശകലനം ചെയ്ത് അത് ഏത് മൃഗത്തിന്റേതാണെന്ന് കൃത്യമായി കണ്ടെത്തുന്ന ശാസ്ത്രീയ രീതിയാണിത്. പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ എന്ന ലബോറട്ടറി സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
പാകം ചെയ്തതോ കടുത്ത രീതിയില്‍ പ്രോസസ് ചെയ്തതോ ആയ മാംസത്തില്‍ പോലും ഡിഎന്‍എ നശിക്കാതെ അവശേഷിക്കുമെന്നതിനാല്‍, ഈ സാങ്കേതികവിദ്യ വഴി മായം ചേര്‍ക്കല്‍ എളുപ്പത്തില്‍ കണ്ടെത്താനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates