മഹാരാഷ്ട്ര മുഖ്യമനന്ത്രി ഉദ്ദവ് താക്കറെ 
India

'മോദിയോട് അടുക്കുന്നതാണ് നല്ലത്'; ഉദ്ദവിന് ശിവസേന എംഎല്‍എയുടെ കത്ത്, മഹാരാഷ്ട്ര സഖ്യത്തില്‍ പോര് മുറുകുന്നു

മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാ വികാസ് അഘാഡിയില്‍ പോര് രൂക്ഷമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാ വികാസ് അഘാഡിയില്‍ പോര് രൂക്ഷമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടുതല്‍ അടുക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നുമുള്ള പിസിസി അധ്യക്ഷന്‍ നാന പടോലെയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവസേന എംഎല്‍എ സഖ്യത്തിന് എതിരെ രംഗത്തുവന്നിരിക്കുന്നത്. 

'എന്‍സിപിക്കും കോണ്‍ഗ്രസിനും അവരുടെ മുഖ്യമന്ത്രിമാരെ വേണം. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാനാണ് ആഗ്രഹം. എന്‍സിപി ശിവസേന നേതാക്കളെ അടര്‍ത്തി എടുക്കാനാണ് ശ്രമിക്കുന്നത്. ഇവര്‍ക്ക് കേന്ദ്രത്തിന്റെ രഹസ്യ പിന്തുണയുണ്ടെന്നാണ് കരുതുന്നത്. ഒരു കേന്ദ്ര ഏജന്‍സിയും എന്‍സിപിയുടെ നേതാക്കളുടെ പിന്നാലെയില്ല.'-കത്തില്‍ പറയുന്നു. 

'കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി അടുക്കുന്നതാണ് നല്ലത്. വീണ്ടും ബിജെപിയുമായി ഒന്നിച്ചാല്‍ അത് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്ലതാണ്.'-കത്തില്‍ പറയുന്നു. മോദിയുമായി അടുക്കുകയാണെങ്കില്‍, താനും അനില്‍ പരബ് ഉള്‍പ്പെടെയുള്ള നേതാക്കളും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുമെന്നും  കത്തില്‍ പറയുന്നുണ്ട്. 

എംഎല്‍എയുടെ കത്തിനെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് ശിവസേന വക്താവ് സഞ്ജയ് റൗത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രിക്ക് ഒരു എംഎല്‍എ കത്തയച്ചതില്‍ താനെന്ത് പറയാനാണെന്ന് ചോദിച്ച സഞ്ജയ്, ഈ കത്ത് ആധികാരികമാണെങ്കില്‍, മഹാ വികാസ് അഘാഡിയുടെ എംഎല്‍എമാരെ അലട്ടുന്ന ഒരു സുപ്രധാന വിഷയം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട് എന്നാണ് പ്രതികരിച്ചത്. ഇതോടെ, കോണ്‍ഗ്രസ്,എന്‍സിപി സഖ്യത്തില്‍ ശിവസേനയ്ക്ക് അതൃപ്തിയുണ്ടെന്ന സൂചന വീണ്ടും ശക്തമായി. 

മറാത്ത സംവരണ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, സഞ്ജയ് റൗത്ത് മോദിയെ പുകഴ്ത്ത് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം വന്നത്. മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കില്ലെന്നും മുന്നണി രൂപീകരിച്ചപ്പോള്‍ തന്നെ, അഞ്ചുവര്‍ഷക്കാലവും താക്കറെ തന്നെ മുഖ്യമന്ത്രിയായിരിക്കും എന്ന വ്യവസ്തയുണ്ടായിരുന്നു എന്നുമാണ് ശിവസേനയുടെ നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT