Lays Chips 
India

15 ഗ്രാം ലെയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്: പെപ്സികോയ്ക്ക് പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ കോടതി

ചിപ്സിന്റെ വിലയായ അഞ്ച് രൂപ ആറ് ശതമാനം പലിശയോടെ തിരികെ നൽകണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ജയ്പൂർ: ലെയ്സ് ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്ന് രേഖപ്പെടുത്തി ഉള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ കേസിൽ പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡിന് ജയ്പൂർ ഉപഭോക്തൃ കോടതിയുടെ പ്രഹരം.നിർമ്മാണത്തിലും സേവനത്തിലും ഗുരുതരമായ വീഴ്ചയും അധാർമ്മിക വ്യാപാര രീതിയും കാണിച്ച കമ്പനി പരാതിക്കാരന് പണം പലിശ സഹിതം തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നൽകണമെന്ന് ജയ്പൂർ ഡിസ്ട്രിക്റ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസൽ കമ്മീഷൻ-2 ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് അശോക് ശർമ്മ, അംഗങ്ങളായ അജയ് കുമാർ, സുപ്രിയ അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

അതേസമയം, ഉത്പന്നം വിറ്റ പ്രമുഖ മൊത്തവ്യാപാര ശൃംഖലയായ മെട്രോ കാഷ് ആൻഡ് കാരി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയുള്ള പരാതി കോടതി തള്ളി. പാക്കറ്റിലെ അളവിലെ കുറവ് നിർമ്മാണ വേളയിൽ സംഭവിക്കുന്നതാണെന്നും അതിന് നിർമ്മാതാക്കളായ പെപ്സികോ മാത്രമാണ് ഉത്തരവാദിയെന്നുമുള്ള മെട്രോ കാഷ് ആൻഡ് കാരിയുടെ വാദം അംഗീകരിച്ചാണ് നടപടി.

ജയ്പൂരിലെ ജലൻ ബിൽഡിംഗ് ആൻഡ് ഹാർഡ്‌വെയർ സ്റ്റോർ ഉടമയായ ചന്ദ്രമാൻ ജലനാണ് പെപ്സികോയ്ക്കും മെട്രോ കാഷ് ആൻഡ് കാരിക്കുമെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 2020 നവംബർ 10-ന് വീട്ടിലെത്തിയ അതിഥികൾക്ക് നൽകാനായി മെട്രോ കാഷ് ആൻഡ് കാരിയിൽ നിന്ന് ഇദ്ദേഹം ലെയ്സ് ചിപ്സ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങിയിരുന്നു. എന്നാൽ വീട്ടിലെത്തി അതിഥികൾക്ക് വിളമ്പുന്നതിനിടെ ചിപ്സ് പാക്കറ്റിന് അസ്വാഭാവികമായ ഭാരക്കുറവ് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 15 ഗ്രാം നെറ്റ് വെയ്റ്റ് രേഖപ്പെടുത്തിയ പാക്കറ്റിനുള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രമേയുള്ളൂവെന്ന് വ്യക്തമായത്. വിഷയം കച്ചവടക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും മതിയായ പരിഹാരം ലഭിക്കാതെ വന്നതോടെ 2022 ഏപ്രിൽ ആറിന് ചന്ദ്രമാൻ ജലൻ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. കോടതി നോട്ടീസ് അയച്ചിട്ടും പെപ്സികോ പ്രതിനിധികൾ ഹാജരാകാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ഏകപക്ഷീയമായാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്.

പരാതിക്കാരൻ ഹാജരാക്കിയ പർച്ചേസ് ഇൻവോയ്സും വസ്തുതകളും പരിശോധിച്ച കോടതി, പെപ്സികോയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തി. ചിപ്സ് പാക്കറ്റിന്റെ വിലയായ അഞ്ച് രൂപ പരാതി നൽകിയ 2022 ഏപ്രിൽ ആറ് മുതൽ പണം അടച്ചുതീർക്കുന്ന തീയതി വരെയുള്ള കാലയളവിന് ആറ് ശതമാനം വാർഷിക പലിശയോടെ പരാതിക്കാരന് തിരികെ നൽകണം.ഇതിനുപുറമെ, പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിന് 5,000 രൂപയും കോടതി ചെലവുകൾക്കായി 3,000 രൂപയും നൽകണം. ഉത്തരവ് വന്ന് ഒരു മാസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ, നഷ്ടപരിഹാരവും കോടതി ചെലവുമായ എണ്ണായിരം രൂപയ്ക്ക് വിധി വന്ന ദിവസം മുതൽ തുക കൈമാറുന്നതുവരെയുള്ള കാലത്തേക്ക് ആറ് ശതമാനം വാർഷിക പലിശ കൂടി അധികമായി നൽകേണ്ടിവരുമെന്നും കോടതി നിർദ്ദേശം നൽകി.

The District Consumer Disputes Redressal Commission-II in Jaipur, Rajasthan, has held PepsiCo India Holdings Pvt. Ltd. liable for unfair trade practice and deficiency of service in a case where a packet of Lay's potato chips contained a mere 4 grams of chips against the declared net weight of 15 grams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത

350 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട ; എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം

ആ ഒറ്റ ഇന്നിങ്‌സ് മതിയായിരുന്നു ഇഷാനെ മറികടക്കാന്‍; അഭിഷേക് വീണ്ടും ഒന്നാമത്; രണ്ടാം സ്ഥാനത്ത് പാക് നായകന്‍

'സിനിമ വലിയൊരു അഡിക്ഷനാണ്, അത് ഉപേക്ഷിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്; അക്കാര്യത്തിൽ വിജയ്‌യെ ഞാൻ നമിക്കുന്നു'

പഞ്ചാക്ഷരി മന്ത്രത്തിന്റെ അർഥമെന്ത്?, ആർക്കൊക്കെ ജപിക്കാം?; അറിയാം ഫലം