പനജി: ഗോവയില്‍ ബീച്ചില്‍ ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. കടലില്‍ ഇറങ്ങിയവരില്‍ ജെല്ലിഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം നേരിട്ട 90ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജെല്ലിഫിഷിന്റെ കുത്തേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്ന് ഗോവ ലൈഫ്ഗാര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ രണ്ടുദിവസമായി ജെല്ലിഫിഷിന്റെ ആക്രമണം നേരിട്ട നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജെല്ലിഫിഷിന്റെ കുത്തേറ്റവര്‍ക്ക് പ്രഥമ ശ്രൂശ്രൂഷ നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലൈഫ് ഗാര്‍ഡ് ഏജന്‍സിയുടെ മുഖ്യ ജോലി. ഗോവയിലെ പ്രമുഖ ബീച്ചായ ബാഗ- സിന്‍ക്വറിം ബിച്ചിലാണ് പ്രധാനമായി ഇത്തരം സംഭവങ്ങള്‍ കൂടുതലായി അരങ്ങേറിയത്.
കഴിഞ്ഞദിവസം പാരാസെയിലിങ് നടത്തുന്നതിനിടെ ജെല്ലിഫിഷിന്റെ കുത്തേറ്റ് ഒരു യുവാവിന് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്ന് കൃത്രിമ ഓക്‌സിജന്‍ നല്‍കിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായും ദൃഷ്ടി ലൈഫ്ഗാര്‍ഡ് ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു.
സാധാരണനിലയില്‍ ജെല്ലിഫിഷിന്റെ കുത്തേറ്റവര്‍ക്ക് ചെറിയ തോതിലുള്ള അസ്വസ്ഥതകള്‍ മാത്രമാണ് ഉണ്ടാവാറ്. എന്നാല്‍ ചില അപൂര്‍വ്വം കേസുകളില്‍ ചികിത്സ വേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates