റാഞ്ചി: കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴാതിരിക്കാന്‍ വേറിട്ട മാര്‍ഗം അവലംബിച്ച് ഒരു സ്‌കൂള്‍. വിദ്യാര്‍ഥികള്‍ ഏതെങ്കിലും തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ക്ലാസ് കട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഝാര്‍ഖണ്ഡ് ജംതാരയിലെ സ്‌കൂളില്‍ മൂന്ന് തവണയാണ് ഹാജര്‍ രേഖപ്പെടുത്തുന്നത്. ഇതോടെ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം മുങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.
ജംതാരയിലെ കരമാതണ്ട് ബ്ലോക്കിന് കീഴിലുള്ള ഗുലാബ് റായ് ഗുട്ട്ഗുട്ടിയ പ്ലസ് ടു സ്‌കൂളില്‍ 20 ശതമാനം വിദ്യാര്‍ഥികളെയും രാവിലെ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം കാണാതായതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൂന്ന് പ്രാവശ്യം ഹാജര്‍ എടുക്കാനാണ് തീരുമാനിച്ചത്. ആദ്യം രാവിലെയും പിന്നീട് ഉച്ചയ്ക്കും അവസാനം ക്ലാസ് പിരിഞ്ഞുപോകുന്നതിന് മുന്‍പ് വൈകുന്നേരവും ഹാജര്‍ എടുക്കുന്ന തരത്തിലാണ് നടപടി സ്വീകരിച്ചത്. ഇത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം തടയുന്നതിന് വളരെ ഫലപ്രദമായെന്നും അധികൃതര്‍ വ്യക്തമാക്കി.
9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 2000 കുട്ടികളാണ് നിലവില്‍ സ്‌കൂളിലുള്ളത്. നേരത്തെ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം സ്‌കൂളില്‍ നിന്ന് കാണാതായ കുട്ടികള്‍ യുവാക്കളുടെ ഒത്താശയോടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് സംശയിക്കുന്നത്. ഈ കുട്ടികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിച്ചപ്പോള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളില്‍ നിന്ന് നിര്‍ബന്ധിതമായി ഹാജര്‍ രജിസ്റ്ററിന്റെ പകര്‍പ്പ് എടുത്ത് കോടതിയില്‍ ഹാജരാക്കി ജാമ്യം നേടി. ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായാണ് ജംതാര അറിയപ്പെടുന്നത്.
ഈ നഗരത്തില്‍ നിന്നുള്ള പലരും ആഗോള തലത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് നിന്നുള്ള സൈബര്‍ കുറ്റവാളികള്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വിദേശത്തും പോലും തട്ടിപ്പ് നടത്തുന്നതായാണ് കണ്ടെത്തല്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സൈബര്‍ കുറ്റകൃത്യത്തിന്റെ പ്രവര്‍ത്തന രീതി പുറത്തുവന്നത്. എന്നാല്‍, സ്‌കൂളിലെ ഹാജര്‍നില കാണിച്ച് ജാമ്യം നേടുന്നതില്‍ മാതാപിതാക്കള്‍ വിജയിച്ചു.
ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോള്‍ പിടിയിലാകാതിരിക്കാന്‍ സ്‌കൂള്‍ ഹാജര്‍ ഷീറ്റ് വിദ്യാര്‍ഥികള്‍ ദുരുപയോഗം ചെയ്തിരുന്നതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴാതിരിക്കാന്‍ അവരുടെ ഹാജര്‍ മൂന്ന് പ്രാവശ്യം എടുക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തീരുമാനിച്ചത്. ആദ്യം രാവിലെയും പിന്നീട് ഉച്ചയ്ക്കും ഒടുവില്‍ പിരിഞ്ഞുപോകുന്നതിന് മുന്‍പ് വൈകുന്നേരവും ഹാജര്‍ എടുക്കാനാണ് നടപടി സ്വീകരിച്ചത്. ഇത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് തടയുന്നതിന് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
2023 ഏപ്രിലില്‍ നിര്‍ദ്ദേശം നടപ്പാക്കിയ ശേഷം, ഹാജര്‍ രേഖപ്പെടുത്തിയ ശേഷം കാണാതായ കുട്ടികളുടെ എണ്ണം ഏതാണ്ട് പൂജ്യമായി കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം തടയാന്‍ കഴിഞ്ഞുവെന്നത് ശരിക്കും സംതൃപ്തി നല്‍കുന്നുവെന്ന് സന്താള്‍ പര്‍ഗാന ഡിവിഷനിലെ റീജണല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ഗോപാല്‍ കൃഷ്ണ ഝാ പറഞ്ഞു.
'സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതിന് ശേഷമാണ് ഇതെല്ലാം സംഭവിച്ചത്. ഞങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍, കുട്ടികളില്‍ പലരും ഹാജര്‍ രേഖപ്പെടുത്തിയ ശേഷം സ്‌കൂളില്‍ നിന്ന് മുങ്ങുന്നതായി കണ്ടെത്തി. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളെ ട്രാക്ക് ചെയ്യാന്‍ അവരുടെ ഹാജര്‍ മൂന്ന് തവണ അടയാളപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നിരീക്ഷിച്ചപ്പോള്‍ 20 ശതമാനം കുട്ടികളും പതിവായി സ്‌കൂളില്‍ നിന്ന് മുങ്ങുന്നതായി കണ്ടെത്തി. തുടര്‍ന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ അധ്യാപകരുടെ ഒരു ടീമിനെ അവരുടെ വീടുകളിലേക്ക് അയയ്ക്കാന്‍ തുടങ്ങി,'- ഗോപാല്‍ കൃഷ്ണ ഝാ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates