Judge Ravi Kumar Diwakar 
India

'ഭീരുവായ ന്യായാധിപനാകുന്നതിലും ഭേദം മരണം'; അഞ്ച് മാസത്തിനിടെ 23-ാമത്തെ വധശിക്ഷ വിധിച്ച് ജഡ്ജി രവികുമാർ ദിവാകർ

സുരക്ഷ വെട്ടിക്കുറച്ചെന്നും വധഭീഷണിയുണ്ടെന്നും വിധിന്യായത്തിൽ വെളിപ്പെടുത്തൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ലഖ്‌നൗ: ഭീരുവായ ഒരു ന്യായാധിപനായി അറിയപ്പെടുന്നതിലും താൻ തിരഞ്ഞെടുക്കുക മരണമായിരിക്കുമെന്ന് മുസഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകർ. അഞ്ച് മാസത്തിനിടെ തന്റെ കോടതിയിൽ നിന്നുള്ള 23-ാമത്തെ വധശിക്ഷാ വിധി പ്രസ്താവിക്കവെയാണ് തുറന്ന കോടതിയിൽ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ക്രിമിനലുകളെയും മാഫിയകളെയും സഹായിക്കുന്നതിനായി തന്റെ കോടതിയിൽനിന്ന് നൂറോളം കൊലപാതക കേസുകൾ ഭരണപരമായ ഇടപെടലിലൂടെ എടുത്തുമാറ്റിയെന്നും വിധിന്യായത്തിൽ ജഡ്ജി ചൂണ്ടിക്കാട്ടി.

സ്ത്രീധനത്തിന്റെ പേരിൽ 23 വയസ്സുകാരിയായ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ നദീം എന്ന പ്രതിക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്തിക്കൊണ്ടാണ് തിങ്കളാഴ്ച കോടതി ഉത്തരവിറക്കിയത്. ദൈവത്തെ മാത്രമേ ഭയക്കാവൂ എന്നാണ് മാതാപിതാക്കൾ തന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും ക്രിമിനലുകളെയും ഗുണ്ടാസംഘങ്ങളെയും ഭയന്ന് നീതിപീഠം പ്രവർത്തിച്ചാൽ സാധാരണ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആദർശങ്ങൾ മുറുകെപ്പിടിച്ച് നീതി നടപ്പാക്കാൻ സാധിക്കുന്നിടത്തോളം കാലം സർവീസിൽ തുടരുമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ നാലര-അഞ്ച് മാസത്തിനിടെ ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതി 11 വ്യത്യസ്ത കേസുകളിലായി 23 പ്രതികൾക്കാണ് വധശിക്ഷ വിധിച്ചതെന്ന് ഗവൺമെന്റ് കൗൺസൽ കുൽദീപ് കുമാർ അറിയിച്ചു. അഭിഭാഷകന്റെ കൊലപാതകം, ഹോം ഗാർഡിനെ കൊലപ്പെടുത്തിയ സംഭവം, കർഷകന്റെ കൊലപാതകം, ദേശീയപാതയിലെ കവർച്ചാ കൊലപാതകങ്ങൾ തുടങ്ങിയ അതീവ ഗുരുതരമായ കേസുകളിലാണ് ഈ അപൂർവ്വ വധശിക്ഷകൾ പുറപ്പെടുവിച്ചത്.

തിങ്കളാഴ്ച തീർപ്പാക്കിയ കേസിൽ, 2018 ജൂലൈയിലാണ് നദീം സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ തീകൊളുത്തിയത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്. വിചാരണ വേളയിൽ കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ 11 സാക്ഷികളും കൂറുമാറിയിരുന്നു. എന്നാൽ, മരണമൊഴിയുടെ പൂർണ്ണ വിശ്വാസ്യത കണക്കിലെടുത്താണ് പ്രതിക്ക് തൂക്കുകയർ വിധിച്ചത്.

തുടർച്ചയായി വധശിക്ഷകൾ വിധിക്കുന്നതിനെതിരെ അഭിഭാഷകർക്കിടയിലും കക്ഷികൾക്കിടയിലും ആശങ്കയുണ്ടെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ഓഗസ്റ്റിൽ ജഡ്ജി ദിവാകറിന്റെ ബെഞ്ചിലുണ്ടായിരുന്ന നൂറോളം കൊലക്കേസുകൾ ജില്ലാ ജഡ്ജിയുടെ കോടതിയിലേക്ക് മാറ്റിയിരുന്നു. ഇത്തരത്തിൽ കേസുകൾ മാറ്റിയത് മാഫിയകളെ സഹായിക്കാനാണെന്നാണ് വിധിന്യായത്തിലെ ഗുരുതര ആരോപണം.

തുടർച്ചയായ വിധികൾ കാരണം ക്രിമിനൽ സംഘങ്ങളിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും, എന്നാൽ മുസഫർനഗറിൽ തന്റെ സുരക്ഷാ കവചം ഉന്നത ഉദ്യോഗസ്ഥർ വെട്ടിക്കുറച്ചതായും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് മതിയായ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിട്ടുണ്ട്.

2009-ൽ ഉത്തർപ്രദേശ് ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജിയായി പ്രവേശിച്ച രവികുമാർ ദിവാകർ സുൽത്താൻപൂർ, ബദായൂൺ, വാരാണസി, ബറേലി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് 2025 നവംബറിൽ മുസഫർനഗറിലെത്തിയത്. 2022-ൽ വാരാണസിയിൽ സിവിൽ ജഡ്ജിയായിരിക്കെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വിഡിയോഗ്രാഫിക് സർവേ നടത്താൻ ഉത്തരവിട്ടതിലൂടെയാണ് അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. അന്നും തനിക്ക് അന്താരാഷ്ട്ര കോളുകളിലൂടെ വധഭീഷണി ലഭിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പിന്നീട് 2024 മാർച്ചിൽ ബറേലി കലാപക്കേസിലെ ഉത്തരവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്ലേറ്റോയുടെ 'തത്ത്വചിന്തകനായ രാജാവ്' എന്ന സങ്കല്പത്തോട് ഉപമിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ പിന്നീട് അലഹബാദ് ഹൈക്കോടതി നീക്കം ചെയ്തിരുന്നു.

Muzaffarnagar Additional District and Sessions Judge Ravi Kumar Diwakar, who has awarded capital punishment to 23 convicts across 11 distinct cases over the past five months, remarked in a recent verdict that he would rather prefer death than be branded a "coward judge."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം

മരണം എഡിറ്റ് ചെയ്തിട്ടുണ്ട്, ഇന്നും ആ ട്രോമ മാറിയിട്ടില്ല; രാത്രി പേടി മാറാന്‍ ചെയ്തത് ഇതായിരുന്നു: സംഗീത് പ്രതാപ്

ദേശീയ ചലച്ചിത്ര അവാര്‍ഡും ഗുജറാത്തിലേക്ക്; 72 വര്‍ഷത്തിനിടെ വേദി മാറ്റം; കേന്ദ്രത്തിനെതിരെ വിമര്‍ശനം

'ഡിആർഎസ് എടുക്കു... എടുക്കു'; ഇഷാനെ നിർബന്ധിച്ച് സൂര്യവംശി; ഔട്ട്! (വിഡിയോ)

മനസ്സ് അസ്വസ്ഥമാണോ? രാവിലെ 10 മിനിറ്റ് മാറ്റിവയ്ക്കാം, പോസിറ്റീവ് ആകാൻ 'മോർണിങ് മെഡിറ്റേഷൻ'