ചെന്നൈ: രുക്മിണീദേവി കോളേജ് ഫോര്‍ ഫൈന്‍ ആര്‍ട്സിലെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണത്തിനായി വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചതായി ചെന്നൈ കലാക്ഷേത്ര. മലയാളി അസി. പ്രൊഫസര്‍ കൊല്ലം സ്വദേശി ഹരി പദ്മനും നര്‍ത്തകരായ സഞ്ജിത് ലാല്‍, സായ് കൃഷ്ണന്‍, ശ്രീനാഥ് എന്നിവര്‍ക്കും എതിരെയാണ് ലൈംഗികാതിക്രമ പരാതി ഉയര്‍ന്നത്. ഇതില്‍ ഹരി പദ്മനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു മൂന്നുപേര്‍ ഒളിവിലാണ്.
അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും നര്‍ത്തകരെ അന്വേഷണവിധേയമായി മാറ്റി നിര്‍ത്തുകയും ചെയ്‌തെന്ന് കലാക്ഷേത്ര അറിയിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി കെ കണ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണ സമിതി രൂപീകരിച്ചിരിക്കുന്നത്. തമിഴ്‌നാട് മുന്‍ പൊലീസ് മേധാവി ലതിക ശരണ്‍, ഡോ. ശോഭന വര്‍ത്തമാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റു രണ്ടുപേര്‍.
അധ്യാപകനും നര്‍ത്തകര്‍ക്കും എതിരെ ചില വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമ പരാതി ഉയര്‍ത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുകയും ചെയ്തു.
പുതിയ വിദ്യാര്‍ഥി കൗണ്‍സിലിനെയും സ്വതന്ത്ര ഉപദേശക സമിതിയെയും ഉടന്‍ നിയമിക്കുമെന്നും ഫൗണ്ടേഷന്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഫൗണ്ടേഷന്‍ ബാധ്യസ്ഥരാണെന്നും പരീക്ഷകളില്‍ പങ്കെടുക്കണമെന്നും ബോര്‍ഡ് അഭ്യര്‍ഥിച്ചു.
അതേസമയം, പരാതി അന്വേഷിക്കാന്‍ സ്ഥാപനം സ്വന്തം നിലയ്ക്ക് സമിതിയെ നിയോഗിച്ചതിന് എതിരെ ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി രംഗത്തെത്തി. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും സ്ഥാപനത്തിന് സ്വന്തം നിലയ്ക്ക് അന്വേഷണ സമിതി രൂപീകരിക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം മറയ്ക്കാനും വെള്ളപൂശാനുമുള്ള നടപടികളാണ് കലാക്ഷേത്ര ഫൗണ്ടേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും ഭരണകക്ഷിയായ ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡ കഴകം ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ബിജെപി നേതാവ് സ്ഥലം വിട്ടു; ആംബുലന്‍സ് നടുറോഡില്‍ കിടന്നത് അരമണിക്കൂര്‍; ചികിത്സ കിട്ടാതെ രോഗി മരിച്ചു; വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates