ജഗ്ദീപ് ധന്‍കര്‍/പിടിഐ 
India

മമതയെ വിറപ്പിച്ച 'കര്‍ഷക പുത്രന്‍'; ജഗ്ദീപ് ധന്‍കര്‍ ഇനി ഉപരാഷ്ട്രപതി

ദീദിയോട് കലഹിച്ച അതേ വീര്യത്തോടെ ധന്‍കര്‍ രാജ്യസഭ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍, പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ അതുമൊരു സഹായമാകുമെന്ന് കണക്ക് കൂട്ടുന്നു ബിജെപി

സമകാലിക മലയാളം ഡെസ്ക്


കിസാന്‍ പുത്ര (കര്‍ഷകന്റെ മകന്‍) എന്നാണ് ജഗ്ദീപ് ധന്‍കറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. മമതയോട് കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ബംഗാള്‍ ഗവര്‍ണര്‍ ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി. 

കാര്‍ഷിക നിയമ ഭേദഗതിയും അതിനുപിന്നാലെ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭവും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പ്രബല വോട്ട് ബാങ്കായ ഹിന്ദുജാട്ട് സമുദായത്തെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്ന കണക്കുകൂട്ടലുകള്‍ക്ക് പിന്നാലെയാണ് ജാട്ട് വിഭാഗക്കാരനും തികഞ്ഞ മോദി അനുഭാവിയുമായ ജഗ്ദീപ് ധന്‍കറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. 

ജനതാദളില്‍ തുടക്കം, കോണ്‍ഗ്രസ് വഴി ബിജെപിയില്‍

രാജസ്ഥാനിലെ കിതാന്‍ എന്ന ചെറുഗ്രാമത്തില്‍ 1958 മെയ് 18നാണ് ഗോകുല്‍ ചന്ദ്, കേസരി ദേവി ദമ്പതികളുടെ മകനായ ജഗ്ദീപ് ജനിക്കുന്നത്. ചിറ്റോര്‍ഗഢിലെ സൈനിക സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബിഎസ്‌സി ഫിസിക്‌സ്, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു. ജനതാദളിലൂടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് കോണ്‍ഗ്രസ് വഴി ബിജെപിയില്‍. ഇതാണ് ധന്‍കറിന്റെ രാഷ്ട്രീയ യാത്രാവഴി. 1989ല്‍ ആദ്യ തെരഞ്ഞെടുപ്പ് വിജയം. കോണ്‍ഗ്രസ് കോട്ടയായിരുന്ന ജുന്‍ജുനില്‍നിന്ന് ജനതാദള്‍ ടിക്കറ്റില്‍ ലോക്‌സഭയിലേക്ക്. 1990ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്റിറികാര്യ മന്ത്രിയായി. 

1991ല്‍ കോണ്‍ഗ്രസിലേക്ക് കളംമാറി. അക്കൊല്ലം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അജ്‌മേറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നീങ്ങി. 1993ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിഷന്‍ഗഢില്‍നിന്ന് വിജയിച്ച് എംഎല്‍എ ആയി. 1998-ല്‍ ജുന്‍ജുനുവില്‍നിന്ന് ഒരിക്കല്‍ക്കൂടി ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചുകൊല്ലത്തിനു ശേഷം 2003ല്‍ വീണ്ടും പാര്‍ട്ടി മാറി ബിജെപിയിലെത്തി. ബിജെപിയുടെ സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പു കാര്യങ്ങളില്‍ പ്രധാനസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെഹ്‌ലോട്ട് ശക്തിയാര്‍ജിച്ചതും ധന്‍കറിന്റെ പാര്‍ട്ടി മാറ്റത്തിന് കാരണമായെന്ന് പറയപ്പെടുന്നുണ്ട്. 2019ല്‍ കേസരീനാഥ് ത്രിപാഠിയുടെ പിന്‍ഗാമിയായാണ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണര്‍സ്ഥാനത്തെത്തുന്നത്.

'ദീദിയെ വിറപ്പിച്ച ദാദ'

ഗവര്‍ണര്‍ ആയതിന് ശേഷം, മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന ധന്‍കറിനെ രാജ്യം കണ്ടു. സാമൂഹ്യ മാധ്യമങ്ങളിലും പൊതു വേദികളിലും മമതയും ധന്‍കറും തമ്മിലിടഞ്ഞു. സര്‍ക്കാര്‍ നിയമനങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ക്രമസമാധാനം തുടങ്ങി ഒന്നിനു പുറകേ ഒന്നായി ധന്‍കറും ദീദിയും തമ്മിലുടക്കി. മമതയെ ടാഗ് ചെയ്തുകൊണ്ടുള്ള ധന്‍കറിന്റെ ട്വീറ്റുകള്‍ ദേശീയ ശ്രദ്ധ നേടി. ഒടുവില്‍ 'ശല്യം സഹിക്കാനാവാതെ' മമത ധന്‍കറിനെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതിവിശേഷം വരെയുണ്ടായി. 

ധന്‍കര്‍ ബിജെപി ഏജന്റാണെന്നും സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഫെഡറല്‍ സംവിധാനം തകര്‍ക്കാനും നരേന്ദ്ര മോദി പറഞ്ഞയച്ചതാണെന്നും വരെ പറഞ്ഞു മമത. എന്നാല്‍ ഇതേ മമതതന്നെ, പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കാതെ മാറിനിന്നു. ബംഗാളില്‍ ദീദിയെ വെള്ളം കുടിപ്പിച്ച മോദിയുടെ വിശ്വസ്തന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍, ബിജെപി ലക്ഷ്യം വയ്ക്കുന്നത് വരുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് കൂടിയാണ്. ജാട്ട് വിഭാഗത്തിന്റെ വോട്ട് ബാങ്കില്‍ വീണ വിള്ളല്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ദീദിയോട് കലഹിച്ച അതേ വീര്യത്തോടെ ധന്‍കര്‍ രാജ്യസഭ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍, പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ അതുമൊരു സഹായമാകുമെന്ന് കണക്ക് കൂട്ടുന്നു ബിജെപി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT