കൃഷ്ണസ്വാമി കസ്തൂരിരംഗന്‍  Agency
India

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; ഇനിയും തീരാത്ത വിവാദങ്ങളുടെ പെരുമഴക്കാലം

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതി ലോലമെന്ന് വിലയിരുത്തിയ മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവച്ചു

സമകാലിക മലയാളം ഡെസ്ക്

കൃഷ്ണസ്വാമി കസ്തൂരിരംഗന്‍, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് ഏറെ തലയെടുപ്പുള്ള ഈ ശാസ്ത്രജ്ഞന്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് അപ്പുറത്ത് ചര്‍ച്ചയായ പേരുകളില്‍ ഒന്നാണിത്. പരിസ്ഥിതി സംരക്ഷണ നിര്‍ദേശങ്ങളുടെ പേരില്‍ രാജ്യവും, കേരളവും ഒരിക്കല്‍ അതിശക്തമായി ചര്‍ച്ച ചെയ്ത വിഷയമായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. 84-ാം വയസില്‍ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ വിടപറയുമ്പോഴും ഇനിയും തീരാത്ത വിവാദങ്ങളുടെ പെരുമഴക്കാലം ബാക്കിയാക്കുകയാണ് 'കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്'.

പശ്ചിമഘട്ടമലനിരകളും സമീപ പ്രദേശങ്ങളുമടങ്ങുന്ന പാരിസ്ഥിതികവ്യൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍സംബന്ധിച്ചു പഠിച്ച്, റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം - പരിസ്ഥിതിമന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധസമിതി സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തയ്യാറാകുന്നത്. ഗുജറാത്ത് മുതല്‍ തമിഴ്‌നാട് വരെ നീളുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെടെ നിശ്ചയിക്കുന്നതായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ടിന് എതിരെ ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സര്‍ക്കാരുകളും രംഗത്തെത്തി.

വിവിധ രാഷ്ട്രീയകക്ഷികള്‍ ഇതിനെതിരെ ശക്തമായ നിലപാടെടുത്തു. ഇതോടെ ഗാഡ്ഗില്‍സമിതി ശുപാര്‍ശകള്‍ വിലയിരുത്തിയും പ്രത്യേകറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന നിര്‍ദ്ദേശത്തോടെ മറ്റൊരു സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. കേന്ദ്ര ആസൂത്രണക്കമ്മീഷനംഗം കെ കസ്തൂരിരംഗനായിരുന്നു സമിതിയെ നയിച്ചത്. ഇതോടെ കസ്തൂരി രംഗന്‍ എന്ന പേര് ദക്ഷിണേന്ത്യയില്‍ സുപരിചിതമായി.

കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം

ഗാഡ്ഗില്‍ സമിതി ശുപാര്‍ശകളെ തത്ത്വത്തില്‍ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗന്‍ സമിതിയും മുന്നോട്ട് വെച്ചത്. വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷമായിരുന്നു സമിതിയുടെ ശുപാര്‍ശകള്‍. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതി ലോലമെന്ന് വിലയിരുത്തിയ മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവച്ചു.

പശ്ചിമഘട്ട മലനിരകളുടെ നാലില്‍ മൂന്ന് ഭാഗവും പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന ഗാഡ്ഗില്‍ സമിതി ശുപാര്‍ശയ്ക്ക് വിരുദ്ധമായി മലനിരകളുടെ ഏകദേശം 37 ശതമാനം മാത്രമായിരുന്നു ഈ മേഖലയെന്ന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കേരളത്തിലെ റിസര്‍വ്, നിക്ഷിപ്ത വന മേഖലകള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ സംരക്ഷിത മേഖലയുടെ പുറത്തായി.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വിമര്‍ശനം നേരിട്ടതും ഇതേ നിര്‍ദേശം മൂലമായിരുന്നു. ദുര്‍ബലമെന്ന് വിലയിരുത്തിയ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഒറ്റ വില്ലേജും പരിസ്ഥിതി സംവേദക മേഖലയുടെ പട്ടികയിലില്ലായിരുന്നു. തലശ്ശേരി താലൂക്കിലെ വനമേഖലയും സംരക്ഷണ പട്ടികയില്‍ നിന്ന് പുറത്തായി. പരിസ്ഥിതി പ്രവര്‍ത്തകരുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയതായിരുന്നു ഈ ശുപാര്‍ശകള്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാതെയാണെന്നും റിപ്പോര്‍ട്ടില്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍ വ്യക്തമായി നിര്‍ദേശിക്കുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും കുടിയേറ്റ കര്‍ഷകര്‍ക്ക് വേണ്ടി ചില എന്‍ജിഒ സംഘടനകളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എന്നും വിലയിരുത്തപ്പെട്ടു.

അന്‍പത് വര്‍ഷത്തിന് മുകളില്‍ പ്രായമുള്ള അണക്കെട്ടുകള്‍ പ്രവര്‍ത്തനമവസാനിപ്പിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശയോടും കസ്തൂരിരംഗന്‍ സമിതി വിയോജിച്ചു. അറ്റകുറ്റപ്പണികള്‍ നടത്തി അണക്കെട്ടുകള്‍ സംരക്ഷിക്കാം എന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. അതേസമയം, അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ക്കുകയും ചെയ്തു. ഇതോടൊപ്പം പുതിയ പദ്ധതിയായി അതിരപ്പള്ളി പദ്ധതി അവതരിപ്പിക്കാം എന്ന നിര്‍ദേശവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് എതിരെ കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെ രംഗത്തെത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് പരിഷത്ത് സംസ്ഥാന വാര്‍ഷികം പ്രമേയത്തിലൂടെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മാധവ് ഗാഡ്ഗില്‍ തന്നെ രംഗത്തെത്തുന്നതും രാജ്യം കണ്ടു. കസ്തൂരിരംഗന്‍സമിതി റിപ്പോര്‍ട്ട് സമ്പന്നര്‍ക്കും ആഗോളീകരണത്തിനും കൂട്ടുനില്‍ക്കുന്നുവെന്നും നിയമരഹിത, തൊഴില്‍രഹിത വികസനത്തെ പിന്തുണയ്ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മാധവ് ഗാഡ്ഗില്‍ തുറന്ന കത്തെഴുതി. ഗ്രാമസഭകളെ ഉള്‍പ്പെടുത്തി പരിസ്ഥിതിലോലമേഖലകളുടെ അതിര്‍ത്തികള്‍ നിശ്ചയിക്കാനുള്ള ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശത്തെ കസ്തൂരിരംഗന്‍ കമ്മിറ്റി അട്ടിമറിച്ചെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT