ന്യൂഡല്‍ഹി: ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നീളുന്നു. വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെടുത്തി മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എന്നാല്‍, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നാല് പ്രധാന ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതോടെ വിഷയത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. സമ്മേളനം അവസാനമായി ചേര്‍ന്നിട്ട് 100 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ ഇത്രയും ദിവസം കടന്നുപോകുന്നത് ആദ്യമാണ്. 2008ല്‍ രേഖപ്പെടുത്തിയ 87 ദിവസത്തെ ഇടവേളയാണ് ഇതോടെ മറികടന്നത്.
മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ കേന്ദ്രം ലക്ഷ്യമിടുന്നത്. നവംബര്‍ 25 മുതല്‍ 27 വരെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുമെന്ന തരത്തില്‍ നേരത്തെ ചര്‍ച്ചകളുണ്ടായിരുന്നെങ്കിലും പ്രത്യേക സമ്മേളനം ഉണ്ടാകില്ലെന്നാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പകരം, വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ഭാഗം ഡിസംബര്‍ രണ്ടാം വാരത്തില്‍ ചേരാനാണ് നീക്കം. 12 ദിവസത്തെ സമ്മേളനമാണ് പരിഗണനയിലുള്ളത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളും അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം കാരണം സഭാ നടപടികള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധ മാറുമെന്നാണ് കണക്കുകൂട്ടല്‍.
മണ്ഡല പുനര്‍നിര്‍ണയം ആവശ്യമാണെങ്കിലും അത് ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായിരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യത്തിനൊപ്പം ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നാല് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543 ആയി തന്നെ നിലനിര്‍ത്തണം. സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയോ കുറവോ ഉണ്ടാകരുത്.
ഓരോ സംസ്ഥാനത്തിനും നിലവിലുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം മാറ്റമില്ലാതെ നിലനിര്‍ത്തണം.
2023ല്‍ പാസാക്കിയ നാരീശക്തി വന്ദന്‍ അധിനിയം നടപ്പാക്കണം. നിലവിലുള്ള 543 സീറ്റുകളില്‍ 182 എണ്ണം സ്ത്രീകള്‍ക്കായി സംവരണം ചെയ്യണം.
ഈ ക്രമീകരണങ്ങള്‍ അടുത്ത 25 വര്‍ഷത്തേക്ക് മാറ്റമില്ലാതെ തുടരുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണം.
ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ആവശ്യമായ ബില്ലുകളെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2027ലെ സെന്‍സസ് പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാതെ ലഭ്യമായ ഏതെങ്കിലും സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ അനുവദിക്കുന്ന ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയായാലേ വനിതാ സംവരണം നടപ്പാക്കാന്‍ കഴിയൂ എന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍, വനിതാ സംവരണത്തിന്റെ മറവില്‍ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ എണ്ണത്തിലും അതിര്‍ത്തികളിലും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ കേന്ദ്രം
നിലവിലെ വര്‍ഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിന് പിന്നില്‍ നടപടിക്രമപരമായ കാരണങ്ങളുമുണ്ട്. ഒരു സമ്മേളനം അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ ഒരാഴ്ചയില്‍ താഴെയുള്ള നോട്ടീസില്‍ തന്നെ വീണ്ടും സഭ വിളിച്ചുചേര്‍ക്കാന്‍ കഴിയും. എന്നാല്‍ സമ്മേളനം അവസാനിപ്പിച്ച ശേഷം പുതിയതായി സഭ വിളിച്ചുചേര്‍ക്കാന്‍ രണ്ടാഴ്ചത്തെ സമയം ആവശ്യമാണ്. ഭരണഘടനാ ഭേദഗതി ആവശ്യമായ ബില്ലുകളായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടേണ്ടതുണ്ട്. ലോക്സഭയില്‍ ഏകദേശം 360 അംഗങ്ങളുടെ പിന്തുണ ആവശ്യമായി വരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സഭയിലെ ഹാജര്‍ അനുസരിച്ച് ഈ കണക്കില്‍ മാറ്റമുണ്ടാകാം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് നിലവില്‍ 319 അംഗങ്ങളുടെ ഉറപ്പുള്ള പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ബിജെപിക്ക് മാത്രം 241 അംഗങ്ങളാണുള്ളത്.
ഏപ്രിലില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ആവശ്യമായ പിന്തുണ നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, അതിനുശേഷം രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായെന്നാണ് വിലയിരുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് വേര്‍പെട്ട 20 അംഗങ്ങളുടെ ഒരു വിഭാഗം എന്‍സിപിഐ എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നതും കണക്കുകൂട്ടലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ ടിവികെയുമായി സഖ്യത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഡിഎംകെ ഇന്ത്യാ സഖ്യത്തില്‍നിന്ന് പുറത്തുപോയതും പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ഭാഗമാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെ എട്ട് എംപിമാരുടെ പിന്തുണ കൂടി ലഭിച്ചാല്‍ എന്‍ഡിഎയുടെ അംഗബലം 327 ആയി ഉയരും. ഡിഎംകെയുടെ 22 എംപിമാരുടെ പിന്തുണ കൂടി ലഭിച്ചാല്‍ 350 ആകും. എന്നിരുന്നാലും ആവശ്യമായ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ പത്ത് അംഗങ്ങളുടെ പിന്തുണ കൂടി വേണം. മറ്റ് മുന്നണികളില്‍ ഉള്‍പ്പെടാത്ത 36 എംപിമാരുടെ പിന്തുണയും നിര്‍ണായകമാകും.
അതേസമയം, സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഗ്ദാനത്തോട് ഡിഎംകെ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.
543ല്‍ നിന്ന് 850 ആയി ലോക്സഭാ സീറ്റുകള്‍ ഉയര്‍ത്താന്‍ നിര്‍ദേശം
നിലവിലെ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ലോക്സഭയിലെ അംഗസംഖ്യ 543ല്‍ നിന്ന് 850 ആയി ഉയര്‍ത്താനാണ് നിര്‍ദേശം. ഇതില്‍ മൂന്നിലൊന്ന് സീറ്റുകള്‍, അതായത് ഏകദേശം 283 എണ്ണം, സ്ത്രീകള്‍ക്കായി സംവരണം ചെയ്യാനും പദ്ധതിയുണ്ട്. 2011ലെ സെന്‍സസ് അല്ലെങ്കില്‍ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന മറ്റേതെങ്കിലും സെന്‍സസ് അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്കിടയിലെ സീറ്റുകളുടെ വിഹിതത്തിലും മാറ്റം വരുത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ നിലവിലുള്ള 543 സീറ്റുകളില്‍ തന്നെ വനിതാ സംവരണം നടപ്പാക്കേണ്ടിവരും. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും സംസ്ഥാനങ്ങള്‍ക്കിടയിലെ സീറ്റുകളുടെ വിതരണം പുനഃക്രമീകരിക്കുകയും ചെയ്യുന്നത് സഭയെ കൂടുതല്‍ പ്രാതിനിധ്യമുള്ളതാക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു യോഗത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഡിസംബറില്‍ ബില്ലുകള്‍ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പുതിയ മണ്ഡല അതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍ നടത്താന്‍ ആവശ്യമായ സമയം ലഭിക്കില്ലെന്നതും കേന്ദ്രത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates