രാഹുൽ ​ഗാന്ധി ഫയൽ
India

ELECTION LIVE: രണ്ടുലക്ഷം കടന്ന് രാഹുല്‍; ലക്ഷത്തിന് മുകളില്‍ കുതിച്ച് അഞ്ചുപേര്‍; കേരളത്തില്‍ യുഡിഎഫ് തരംഗം

വോട്ടെണ്ണലിന്റെ ആദ്യ നാലുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 291 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ തെരഞ്ഞെടുപ്പ് ഫല സൂചനകളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് ആറായിരം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. നിക്ഷേപകരുടെ 43 ലക്ഷം കോടി രൂപയാണ് വാഷ്ഔട്ടായത്.

രണ്ടുലക്ഷം കടന്ന് രാഹുല്‍; ലക്ഷത്തിന് മുകളില്‍ കുതിച്ച് അഞ്ചുപേര്‍

വോട്ടെണ്ണലിന്റെ ആദ്യ നാലുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് കുതിപ്പ് തുടരുന്നു. 17 മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് ഒരു സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. പ്രതീക്ഷകള്‍ക്ക് വിപരീതമായി എന്‍ഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്. വയനാട്ടില്‍ ലീഡ് നില രണ്ടു ലക്ഷം കടന്ന് രാഹുല്‍ ഗാന്ധി മുന്നേറുമ്പോള്‍ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും കോഴിക്കോട് എം കെ രാഘവനും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ഒരു ലക്ഷത്തിന് മുകളിലാണ് ലീഡ് ചെയ്യുന്നത്. ഇ ടി മുഹമ്മദ് ബഷീറിന്റെയും ഹൈബി ഈഡന്റെയും ലീഡ് ഒന്നര ലക്ഷം കടന്നിരിക്കുകയാണ്.കണ്ണൂരില്‍ കെ സുധാകരന്‍, വടകരയില്‍ ഷാഫി പറമ്പില്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍, കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്, തൃശൂരില്‍ സുരേഷ് ഗോപി എന്നിവരുടെ ലീഡ് നില 50000ന് മുകളിലാണ്.

എന്‍ഡിഎ വിയര്‍ക്കുന്നു, പോരാട്ട വീര്യവുമായി ഇന്ത്യ സഖ്യം

വോട്ടെണ്ണലിന്റെ ആദ്യ നാലുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 291 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. പ്രതീക്ഷകള്‍ക്ക് വിപരീതമായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം 231 മണ്ഡലങ്ങളിലാണ് മുന്നേറുന്നത്. ഉറച്ച സംസ്ഥാനമാണെന്ന് കരുതിയ യുപിയില്‍ നിന്നാണ് ബിജെപിക്ക് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. എസ്പി, കോണ്‍ഗ്രസ് സഖ്യം വലിയ മുന്നേറ്റമാണ് യുപിയില്‍ കാഴ്ച വെച്ചത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 238 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുന്നതാണ് കണ്ടത്. നൂറിന് അടുത്ത് സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.

ഒറ്റയടിക്ക് വാഷ്ഔട്ടായത് 26 ലക്ഷം കോടി രൂപ; ഓഹരി വിപണിയില്‍ കനത്ത ഇടിവ്

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിക്ക് തിരിച്ചടി ലഭിച്ചത് ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്നലെ നേടിയതിന്റെ ഇരട്ടി ഇന്ന് നഷ്ടപ്പെടുന്നതാണ് കണ്ടത്. ഇന്നലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് രണ്ടായിരത്തില്‍പ്പരം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് ഇന്ന് നാലായിരം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 5.35 ശതമാനം ഇടിഞ്ഞ് 72000ലേക്ക് എത്തി. നിഫ്റ്റി ആയിരത്തില്‍പ്പരം പോയിന്റാണ് ഇടിഞ്ഞത്. 22,000 പോയിന്റിനോടനുബന്ധിച്ചാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

300 കടന്ന് എന്‍ഡിഎ

ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 300ലേറെ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. എന്നാല്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസതമായി മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി 59 സീറ്റുകള്‍ക്ക് പിന്നിലാണ്. ഇത്തവണ 244 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ തവണ ബിജെപിക്ക് മാത്രം 303 സീറ്റുകള്‍ ലഭിച്ചിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കൊണ്ട് വന്‍ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്. 221 ഇടത്താണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. ഇതില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുകയാണ്. നൂറിന് അടുത്ത് സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് യുപിയില്‍ എസ്പി 28ലേറെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

യുഡിഎഫ് തേരോട്ടം, 17 ഇടത്ത് ലീഡ്, എന്‍ഡിഎ രണ്ടിടത്ത് 

വോട്ടെണ്ണലിന്റെ ആദ്യ രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം. 20 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 17 ഇടത്താണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. രണ്ടിടത്ത് മുന്നേറി എൻഡിഎ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഒരിടത്ത് മാത്രമാണ് ഭരണകക്ഷിയായ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. മന്ത്രി രാധാകൃഷ്ണൻ മത്സരിക്കുന്ന ആലത്തൂരിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ​ഗോപിയുടെ ലീഡ് 25000 കടന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് രണ്ടായിരത്തിന് മുകളിലാണ്.വയനാട്ടിലാണ് ഏറ്റവും ഉയർന്ന ലീഡ്. കോൺ​ഗ്രസ് സ്ഥാനാർഥി രാഹുൽ ​ഗാന്ധി 80000 കടന്നാണ് കുതിക്കുന്നത്. ഇടുക്കി, എറണാകുളം, മലപ്പുറം മണ്ഡലങ്ങളിൽ ലീഡ് നില 50000 കടന്നു. പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർഥി അബ്ദുസമദ് സമദാനി 40000 വോട്ടുകൾക്ക് മുന്നിലാണ്.

വാരാണസിയില്‍ പൊരിഞ്ഞ പോരാട്ടം, മോദിക്ക് നേരിയ ലീഡ്

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയ മോദി നേരിയ വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 50.4 ശതമാനം വോട്ടുവിഹിതത്തോടെ നേരിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. യുപി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയാണ് എതിര്‍ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണയും അജയ് റായ് തന്നെയായിരുന്നു സ്ഥാനാര്‍ഥി.

18 ഇടത്ത് മുന്നേറി യുഡിഎഫ്, സുരേഷ് ഗോപിയുടെ ലീഡ് 15,000 കടന്നു

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്‍റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കേരളത്തില്‍ യുഡിഎഫ് 18 ഇടത്ത് മുന്നില്‍. എല്‍ഡിഎഫ് ഒരിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നേറുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 60000 കടന്നു. മലപ്പുറം, പൊന്നാനി, ഇടുക്കി എന്നി മണ്ഡലങ്ങളില്‍ 30000ല്‍പ്പരം വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്. എല്ലാവരും ഉറ്റുനോക്കുന്ന തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി 15000 കടന്ന് ലീഡ് ഉയര്‍ത്തി.

ഓഹരി വിപണിയിൽ വൻവീഴ്ച

ലോക്സഭ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം മുന്നേറുന്ന പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ വൻ ഇടിവ്. വൻ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് ഇന്ത്യ സഖ്യം മുന്നേറിയതാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി ഇന്ന് കനത്തവിൽപ്പന സമ്മർദ്ദമാണ് നേരിടുന്നത്

വിജയത്തിലേക്ക് കുതിച്ച് ഡീൻ കുര്യാക്കോസ്

ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്‍റെ ആദ്യ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടുക്കിയില്‍ വിജയത്തിലേക്ക് കുതിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. 30,000 വോട്ടുകള്‍ക്കാണ് ഡീന്‍ മുന്നിട്ട് നില്‍ക്കുന്നത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡ‍നും പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്

ഇഞ്ചോടിഞ്ച് പോരാട്ടം

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം. 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും 200ലധികം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയെ ഞെട്ടിച്ച് വലിയ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്.

സുരേഷ് ഗോപിയുടെ ലീഡ് 3000 കടന്നു

ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ലീഡ് 3000 കടന്നു. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. ഇടുക്കിയിലും കൊല്ലത്തും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ 10000ല്‍പ്പരം വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനുമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍.

എൻഡിഎ മുന്നിൽ

ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ മുന്നില്‍. 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 294 ഇടത്താണ് എന്‍ഡ‍ിഎ മുന്നിട്ടുനില്‍ക്കുന്നത്. ഇന്ത്യ സഖ്യം ഭേദപ്പെട്ട പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്. 192 ഇടത്താണ് ലീഡ് ചെയ്യുന്നത്

ഡീനിന്‍റേയും പ്രേമചന്ദ്രന്‍റേയും ലീഡ് 10000 കടന്നു

ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനും കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും വന്‍മുന്നേറ്റം. ഇരുവരുടെയും ലീഡ് പതിനായിരം കടന്നു

എന്‍ഡ‍ിഎ രണ്ടിടത്ത് മുന്നില്‍

ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറില്‍ യുഡിഎഫ് 12 ഇടത്തും എല്‍ഡിഎഫ് ആറിടത്തും എന്‍ഡ‍ിഎ രണ്ടിടത്തും മുന്നില്‍. എന്‍ഡ‍ിഎ ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ലീഡ‍് ചെയ്യുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനുമാണ് എന്‍ഡ‍ിഎ സ്ഥാനാര്‍ഥികള്‍.

പത്തനംതിട്ടയില്‍ തോമസ് ഐസകിന് ലീഡ്

യുഡിഎഫ് മണ്ഡലം എന്ന് പൊതുവേ പറയുന്ന പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറില്‍ 218 വോട്ടിനാണ് ഐസക് മുന്നിട്ട് നില്‍ക്കുന്നത്

കേരളത്തിൽ‌ യുഡിഎഫ് മുന്നേറ്റം

ലോക്സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് 13 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ മണ്ഡ‍ലങ്ങളിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, മാവേലിക്കര, കാസര്‍കോട് എന്നിവിടങ്ങളിലാണ് എല്‍ഡിഎ മുന്നേറുന്നത്. തുടക്കത്തില്‍ എന്‍ഡിഎയ്ക്ക് ലീഡ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.

300ലേക്ക് കടന്ന് എൻഡിഎ, ഇന്ത്യ സഖ്യം 161

ലോക്സഭ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എൻഡിഎയ്ക്ക് അനുകൂലം. 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 291 ഇടത്തും എൻഡിഎയാണ് മുന്നേറുന്നത്. 161 ഇടത്ത് മാത്രമാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. എക്സിറ്റ് പോൾ സർവ്വേ പ്രവചനങ്ങൾ ശരിവെയ്ക്കുന്ന തരത്തിലാണ് എൻഡിഎ കുതിപ്പ്.

കേരളത്തിൽ യുഡിഎഫ് മുന്നിൽ, രണ്ടിടത്ത് ലീഡ് ചെയ്ത് എൻഡിഎ

ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 13 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. തപാൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. എൽഡിഎഫ് രണ്ടിടത്ത് മുന്നേറുമ്പോൾ എൻഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്തും തൃശൂരിലും എൻഡിഎയാണ് ലീഡ് ചെയ്യുന്നത്.

രാഹുല്‍ മുന്നില്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും റായ് ബറേലിയിലും രാഹുല്‍ മുന്നില്‍.

ബിഹാറിലും യുപിയിലും എന്‍ഡിഎ മുന്നേറ്റം

ഹിന്ദി ഹൃദയ ഭൂമിയില്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശിലും ബിഹാറിലും എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യത്തിന് കരുത്തുള്ള തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

എന്‍‍ഡിഎ മുന്നേറ്റം

ലോക്സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ എന്‍ഡിഎ മുന്നണിക്ക് മുന്നേറ്റം. 150 സീറ്റുകളിലാണ് എന്‍ഡിഎ മുന്നണി ലീഡ് ചെയ്യുന്നത്. ബിജെപി മാത്രം 140 ഇടത്താണ് മുന്നേറുന്നത്. ഇന്ത്യ സഖ്യം 62 ഇടത്താണ് ലീഡ് ചെയ്യുന്നത്.

സംസ്ഥാനത്ത് ആദ്യ ലീഡ് യുഡിഎഫിന്‌

തപാൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ ആറ്റിങ്ങലിൽ യുഡിഎഫിൻറെ അടൂർ പ്രകാശ് മുന്നിൽ. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മുന്നിട്ട് നിൽക്കുന്പോൾ കൊല്ലത്ത് മുകേഷാണ് ലീഡ് ചെയ്യുന്നത്.

ഫലത്തില്‍ ഉറ്റുനോക്കി രാജ്യം

ബിജെപിക്ക് മികച്ച ജയമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. എക്‌സിറ്റ് പോളുകളെ തള്ളി, ജനവിധി അനുകൂലമാകുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ അവകാശവാദം.

ഭരണം നിലനിര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍ഡിഎ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും സഖ്യകക്ഷികളും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫലസൂചനകള്‍ 11 മണിയോടെ പ്രതീക്ഷിക്കാം.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ആകെ 194 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിങ്.ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.

ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണുക. തുടര്‍ന്ന് അര മണിക്കൂറിനകം യന്ത്രങ്ങളിലെ വോട്ടെണ്ണും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ആപ്പിലും അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും