Leema Rose Martin, Aadhav Arjuna, and Jose Charles Martin 
India

തെരഞ്ഞെടുപ്പില്‍ 'ലോട്ടറി' അടിച്ച് സാന്റിയാഗോ മാര്‍ട്ടിന്‍; ഭാര്യയും മകനും അടക്കം മൂന്നുപേര്‍ നിയമസഭയിലേക്ക്

ഡിഎംകെയ്ക്ക് 500 കോടിയിലധികം രൂപ ഇലക്ടറല്‍ ബോണ്ടു നല്‍കിയ ആളാണ് സാന്റിയാഗോ മാര്‍ട്ടിന്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിലെ മൂന്നു പേരാണ് വിജയിച്ചത്. മൂന്നു വ്യത്യസ്ത പാര്‍ട്ടികളിലായിട്ടാണ് ഇവരുടെ വിജയമെന്നതാണ് മറ്റൊരു സവിശേഷത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, മകന്‍, മരുമകന്‍ എന്നിവരാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് മത്സരിച്ച് വിജയിച്ചത്. മകളുടെ ഭര്‍ത്താവ് ആദവ് അര്‍ജുന വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ സ്ഥാനാര്‍ത്ഥിയായി വില്ലിവാക്കത്തു നിന്നാണ് തമിഴ്‌നാട് നിയമസഭയിലെത്തുന്നത്. ഡിഎംകെയ്ക്ക് 500 കോടിയിലധികം രൂപ ഇലക്ടറല്‍ ബോണ്ടു നല്‍കിയ ആളാണ് സാന്റിയാഗോ മാര്‍ട്ടിന്‍.

അതേസമയം പുതുച്ചേരി നിയമസഭയിലേക്കാണ് സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ വിജയിച്ചത്. കാമരാജ് നഗര്‍ സീറ്റില്‍ നിന്നും സ്വന്തം പാര്‍ട്ടിയായ ലച്ചിയ ജനനായക കക്ഷി സ്ഥാനാര്‍ത്ഥിയായാണ് ജോസ് ചാള്‍സ് വിജയിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ( എന്‍ഡിഎ) സഖ്യകക്ഷിയാണ് ലച്ചിയ ജനനായക കക്ഷി.

ഡിഎംകെയുടെ ഉരുക്കുകോട്ടയായി കരുതപ്പെടുന്ന ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് (എഐഎഡിഎംകെ) 2739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ടിവികെയുടെ കു പാ കൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ഡിഎംകെ സ്ഥാനാര്‍ത്ഥി പരിവള്ളാല്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഇവിടെ ഡിഎംകെയാണ് വിജയിച്ചിരുന്നത്.

ഡിഎംകെ ശക്തികേന്ദ്രമായ വില്ലിവാക്കത്തു നിന്നാണ് സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന വിജയിച്ചത്. ഡിഎംകെയുടെ കാര്‍ത്തിക് മോഹനെ 17,302 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഈ സീറ്റ് ഡിഎംകെയാണ് നേടിയിരുന്നത്. പുതുച്ചേരിയില്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ കാമരാജ് നഗര്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി കെ ദേവദാസിനെതിരെ 10,205 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

മത്സരരംഗത്തുണ്ടായിരുന്ന ഏറ്റവും ധനികരായ സ്ഥാനാര്‍ത്ഥികളില്‍ ഈ മൂന്ന് പേരും ഉള്‍പ്പെടുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,041 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ച ലീമയായിരുന്നു ഏറ്റവും ധനികയായ സ്ഥാനാര്‍ത്ഥി. പുതുച്ചേരിയില്‍ 597 കോടി രൂപയുമായി ജോസ് ചാള്‍സ് മാര്‍ട്ടിന്‍ ഒന്നാമതെത്തിയപ്പോള്‍, ആദവ് അര്‍ജുന 442 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Lottery baron Santiago Martin's family hits jackpot in TN, Puducherry polls, strikes a perfect three on three

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി വിഡി സതീശൻ? കോൺ​ഗ്രസിന് 12, ലീ​ഗിന് 5 മന്ത്രിമാർ; സാധ്യതകൾ

അന്ന് സ്റ്റാലിനുമായുള്ള സ്വര ചേർച്ചയിൽ പാർട്ടി വിട്ടു, ഇന്ന് വിജയ്‌യുടെ കൈ പിടിച്ച് ഡിഎംകെ കോട്ട തകർത്തു; ആരാണ് ടിവികെയുടെ വി എസ് ബാബു ?

‍‍ഡിഎംകെയ്ക്ക് ആശ്വസിക്കാൻ ഉദയനിധി സ്റ്റാലിന്റെ ജയം; നിയമസഭയില്‍ നയിച്ചേക്കും

ആരാകും മുഖ്യമന്ത്രി? ബിജെപിയുടെ '3 സീറ്റ്' ​ഗൗരവതരം, ബം​ഗാളിൽ ദീദിയും വീണു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു; അവസാന ചിത്രം 'മോഹിനിയാട്ടം'

SCROLL FOR NEXT