കൊല്‍ക്കത്ത: 'ഞാന്‍ കസേരയില്‍ തൂങ്ങിനില്‍ക്കുന്നില്ല, ഞാന്‍ ഒരു സ്വതന്ത്ര പക്ഷിയാണ്'. ബംഗാളിലും സ്വന്തം മണ്ഡലമായ ഭവാനിപ്പൂരിലും മുഖ്യ എതിരാളിയായ ബിജെപിക്ക് മുന്നില്‍ പരാജയപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം, തിങ്ങിനിറഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പതറാതെ മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍ മിനിറ്റുകള്‍ക്കകം അവരുടെ സ്വരം മാറി. 'ഞാന്‍ രാജിവെക്കില്ല, ഞാന്‍ തോറ്റിട്ടില്ല,' 71-കാരിയായ കാവല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സ്ഥാനമൊഴിയാന്‍ വിസമ്മതിച്ച മമതയുടെ നിലപാട് ഭരണഘടനാപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. നിലവിലെ ബംഗാള്‍ സര്‍ക്കാരിന്റെ കാലാവധി മെയ് 6-ന് അവസാനിക്കാനിരിക്കെ, അവര്‍ പ്രഖ്യാപിച്ചതുപോലെ അധികാരത്തില്‍ തുടരാന്‍ സാധിക്കുമോ?
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്, ഒരു മുഖ്യമന്ത്രിക്ക് ഔദ്യോഗിക പദവിയില്‍ തുടരാന്‍ നിയമസഭയുടെ ഭൂരിപക്ഷം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് വ്യക്തമായാല്‍, മുഖ്യമന്ത്രിയും മന്ത്രിസഭയും ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കണമെന്നാണ് ഭരണഘടനാപരമായ കീഴ് വഴക്കം. സ്വമേധയാ രാജി വെക്കാന്‍ തയ്യാറാകാത്ത പക്ഷം ഗവര്‍ണര്‍ക്ക് ഇടപെടാം
ഭരണഘടനയുടെ 164(1) അനുച്ഛേദം അനുസരിച്ച് ഗവര്‍ണറുടെ 'പ്രീതി' ഉള്ളിടത്തോളം കാലം മാത്രമേ മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാനാകൂ. മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പുറത്താക്കാന്‍ അധികാരമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, ഭൂരിപക്ഷമുള്ള പാര്‍ട്ടിയെയോ സഖ്യത്തെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാം.
ഓരോ സംസ്ഥാനത്തെയും നിയമസഭ, നേരത്തെ പിരിച്ചുവിട്ടില്ലെങ്കില്‍, അതിന്റെ ആദ്യ യോഗം ചേരുന്ന തീയതി മുതല്‍ അഞ്ച് വര്‍ഷം വരെ തുടരുന്നതാണ്. അതില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ പാടില്ലാത്തതും, പ്രസ്തുത അഞ്ച് വര്‍ഷ കാലാവധി കഴിയുന്നത് സഭയുടെ പിരിച്ചുവിടലായി കണക്കാക്കപ്പെടുകയും ചെയ്യും. എന്നാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ പാര്‍ലമെന്റിന് നിയമത്തിലൂടെ ഈ കാലാവധി ഒരു തവണ ഒരു വര്‍ഷത്തില്‍ കൂടാത്ത രീതിയില്‍ നീട്ടാവുന്നതാണ്. എന്നാല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും ആറ് മാസത്തില്‍ കൂടുതല്‍ സഭയ്ക്ക് തുടരാന്‍ അനുവാദമില്ലെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 172 പറയുന്നു.
തെരഞ്ഞെടുപ്പ് ഫലത്തെ അവര്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയുമോ?
ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് ഫലങ്ങളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്. എന്നാല്‍ സഭയുടെ കാലാവധി അവസാനിക്കുന്നതുമായി അതിന് ബന്ധമില്ലെന്ന് ഭരണഘടനാ വിദഗ്ധര്‍ പറയുന്നു. ഇത്തരമൊരു ഹര്‍ജി ഫയല്‍ ചെയ്താല്‍ പോലും അത് പിന്നീട് മാത്രമേ പരിഗണിക്കുകയുള്ളൂ.
ബിജെപി ബംഗാളിലെ ജനവിധി കവര്‍ന്നെടുക്കുകയായിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞു. ''ഞാന്‍ തോറ്റിട്ടില്ല. രാജ്ഭവനിലേക്ക് പോകില്ല. രാജി സമര്‍പ്പിക്കില്ല. പോളിങ് സ്റ്റേഷനില്‍ വച്ച് ഞാന്‍ ആക്രമിക്കപ്പെട്ടു. സ്ത്രീയെന്ന നിലയില്‍ എനിക്ക് നേരെ മോശം പെരുമാറ്റമുണ്ടായി. വയറ്റിലും മുതുകിലും ചവിട്ടി. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് എന്നെ പുറത്താക്കി. സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു'' മമത ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തികെട്ട കളി കളിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. തന്റെ യഥാര്‍ഥ എതിരാളി ബിജെപിയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മമത ആരോപിച്ചു.
ബംഗാളിലെ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഒന്നര പതിറ്റാണ്ടായുള്ള തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ച് ബംഗാള്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ആകെയുള്ള 294 സീറ്റില്‍ 207 എണ്ണം ബിജെപി നേടിയപ്പോള്‍ തൃണമൂലിന് നേടാനായത് 80 സീറ്റുകള്‍ മാത്രം. സ്വന്തം മണ്ഡലമായ ഭവാനിപുരില്‍ 15114 വോട്ടിന് ബിജെപിയിലെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates