ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ വീടിനുള്ളില്‍ ദമ്പതിമാരെയും മകളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലയാളി മകനെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഇരുപതുകാരന്‍ അര്‍ജുനെ അറസ്റ്റ് ചെയ്തതായും പൊലിസ് പറഞ്ഞു.
സൗത്ത് ഡല്‍ഹിയിലെ നെബ്സരായിയില്‍ താമസിക്കുന്ന രാജേഷ് കുമാര്‍(51), ഭാര്യ കോമള്‍(46), മകള്‍ കവിത(23) എന്നിവരെയാണ് വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെയും കോമളിന്റെയും 27-ാം വിവാഹവാര്‍ഷികദിനമായ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
പിതാവില്‍ നിന്ന് നിരന്തരം ഉണ്ടായ അപമാനവും സ്വത്തുക്കള്‍ സഹോദരിക്ക് നല്‍കാനുള്ള തീരുമാനവുമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഉറങ്ങുമ്പോഴാണ് കൊലപാതകം നടത്തിയതെന്നും പ്രതി സമ്മതിച്ചു. കൊലപാതകം നടത്താന്‍ നേരത്തെ ആസൂത്രണം ചെയ്ത പ്രതി ഇതിനായി ദമ്പതികളുടെ വിവാഹവാര്‍ഷിക ദിനം തെരഞ്ഞെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചതും ഇയാള്‍ തന്നെയായിരുന്നു. താന്‍ പ്രഭാതസവാരി കഴിഞ്ഞെത്തിയപ്പോള്‍ മൂവരുടെയും മൃതദേഹങ്ങളാണ് വീട്ടില്‍ കണ്ടതെന്നായിരുന്നു അര്‍ജുന്‍ എല്ലാവരോടും പറഞ്ഞിരുന്നത്. മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നതിന് ശേഷമാണ് വീട്ടില്‍നിന്ന് പ്രഭാതസവാരിക്ക് പോയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
വീട്ടിനുള്ളില്‍ ആരെങ്കിലും അതിക്രമിച്ചുകയറിയതിന്റെ ലക്ഷണങ്ങളില്ലെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നതായി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ജെയിന്‍ പറഞ്ഞു. വീട്ടില്‍ കവര്‍ച്ച നടന്നിട്ടില്ലെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. അര്‍ജുന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളും സംശയാസ്പദമായി തോന്നി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിച്ചതായി അദ്ദേഹം പറഞ്ഞു
കൊല്ലപ്പെട്ട രാജേഷും കുടുംബവും ഹരിയാന സ്വദേശികളാണ്. വിമുക്തഭടനായ രാജേഷും കുടുംബവും 15 വര്‍ഷം മുന്‍പാണ് ഡല്‍ഹിയിയിലേക്ക് താമസം മാറിയത്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കാനായിരുന്നു കുടുംബം രാജ്യതലസ്ഥാനത്തേക്ക് ചേക്കേറിയത്. ഡല്‍ഹിയിലെ ആര്‍മി പബ്ലിക് സ്‌കൂളിലായിരുന്നു അര്‍ജുന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ബോക്സിങ് താരം കൂടിയായ അര്‍ജുന്‍ നിലവില്‍ ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ്. ബോക്സിങ് മത്സരത്തില്‍ ഡല്‍ഹിയെ പ്രതിനിധീകരിച്ച് വെള്ളിമെഡലും നേടിയിട്ടുണ്ട്.
പഠനകാര്യങ്ങളെച്ചൊല്ലി പിതാവ് വഴക്കുപറയുന്നത് പതിവായിരുന്നുവെന്നാണ് അര്‍ജുന്‍ പൊലിസിനോട് പറഞ്ഞു. അടുത്തിടെ അയല്‍ക്കാരുടെ മുന്നില്‍വെച്ച് പിതാവ് വഴക്ക് പറയുകയും മര്‍ദിക്കുകയും ചെയ്തു. ഇത് ഏറെ അപമാനമുണ്ടാക്കി. കുടുംബത്തില്‍നിന്ന് ആരും തനിക്ക് പിന്തുണ നല്‍കുന്നില്ലെന്ന് പ്രതിക്ക് തോന്നി. ഒറ്റപ്പെട്ടലും അവഗണനയും നേരിട്ടു. മാത്രമല്ല, സ്വത്ത് സഹോദരിക്ക് നല്‍കണമെന്നാണ് പിതാവിന്റെ ആഗ്രഹമെന്ന് കേട്ടപ്പോള്‍ പക മൂര്‍ച്ഛിച്ചു. ഇതോടെയാണ് മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനത്തില്‍ തന്നെ കുടുംബത്തെ ഇല്ലാതാക്കാന്‍ പ്രതി തീരുമാനമെടുത്തതെന്നും പൊലീസ് പറഞ്ഞു.
എല്ലാവരോടും വളരെ മാന്യമായി ഇടപെടുന്നവരായിരുന്നു ഈ കുടുംബം. അതുകൊണ്ടുതന്നെ ഈ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates